Friday, April 27, 2012
Home »
» സച്ചിനും രേഖയും രാജ്യസഭയിലേക്ക്
സച്ചിനും രേഖയും രാജ്യസഭയിലേക്ക്
By Anonymous 4/27/2012 07:41:00 AM
ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കറും ഹിന്ദി ചലച്ചിത്രതാരം രേഖ, വ്യവസായ പ്രമുഖ അനു ആഗ എന്നിവര്‍ രാജ്യസഭയിലേക്ക്. ഇവരെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള സര്‍ക്കാറിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി.
വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചവരെ ഭരണഘടനയുടെ പ്രത്യേക വകുപ്പുപ്രകാരം രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാം. 12 അംഗങ്ങളാണ് ഇത്തരത്തില്‍ നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. ഇതില്‍ അഞ്ച് ഒഴിവുകള്‍ ഇപ്പോള്‍ നിലവിലുണ്ട്. മറ്റ് രണ്ടുപേരുകള്‍ പുറത്തുവന്നിട്ടില്ല.
നാമനിര്‍ദേശം ചെയ്യേണ്ടവരുടെ പേരുകള്‍ സംബന്ധിച്ച് പ്രധാനമന്ത്രി ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് മന്ത്രാലയം അയച്ചിരുന്നു. അത് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അംഗീകരിച്ച തിനെത്തുടര്‍ന്നാണ് വിജ്ഞാപനം വന്നത്.
അതിനിടെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. ഭാര്യ അഞ്ജലിക്കൊപ്പം പത്താം നമ്പര്‍ ജന്‍പഥിലെ സോണിയയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് സച്ചിന്‍ സോണിയയെ കണ്ടത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നൂറ് സെഞ്ച്വറികള്‍ തികച്ച സച്ചിനെ വ്യക്തിപരമായി അഭിനന്ദിക്കാന്‍ സോണിയ ആഗ്രഹിച്ചിരുന്നെന്നും അതിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് ഔദ്യോഗിക വിശദീകരണം. കേന്ദ്രമന്ത്രിയും ബി.സി.സി.ഐ. ഭാരവാഹിയുമായ രാജീവ് ശുക്ലയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ചര്‍ച്ചയ്ക്കിടെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനുള്ള സര്‍ക്കാറിന്റെ താത്പര്യം സോണിയ സച്ചിനെ അറിയിച്ചതായാണ് സൂചന.
നിരവധി നാഴികക്കല്ലുകള്‍ പിന്നിട്ട സച്ചിന്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതോടെ കായിക രംഗത്ത് സജീവമായി നില്‍ക്കുമ്പോള്‍ത്തന്നെ രാജ്യസഭയില്‍ അംഗമാകുന്ന ആദ്യ ക്രിക്കറ്റ്, കായിക താരമായി. സച്ചിന്‍ രാജ്യസഭയിലേക്ക് വരുന്നത് സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് വക്താവ് രേണുകാ ചൗധരി പറഞ്ഞു.
ഹിന്ദി ചലച്ചിത്രലോകത്ത് ഒരുകാലത്ത് ഏറെ തിളങ്ങി നിന്ന നടി രേഖയ്ക്ക് നിരവധി ദേശീയപുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഹിന്ദി ചലച്ചിത്ര താരമായിരുന്ന ജയാ ബച്ചന്‍ ഇപ്പോള്‍ രാജ്യസഭയില്‍ അംഗമാണ്. സമാജ്‌വാദി പാര്‍ട്ടി അംഗമാണ് അവര്‍. പ്രമുഖ ഹിന്ദി ടെലിവിഷന്‍ താരമായ സ്മൃതി ഇറാനിയും രാജ്യസഭയിലുണ്ട്. ബി.ജെ.പി. അംഗമാണ് സ്മൃതി. അടുത്തകാലംവരെ ഹേമമാലിനിയും രാജ്യസഭയില്‍ അംഗമായിരുന്നു. വനിതാ വ്യവസായ പ്രമുഖയും സാമൂഹികപ്രവര്‍ത്തകയുമായ അനു ആഗ 1996 മുതല്‍ 2004 വരെ വ്യവസായസ്ഥാപനമായ തെര്‍മാക്‌സ് ഇന്ത്യയുടെ ചെയര്‍പേഴ്‌സണായിരുന്നു.






