ചുട്ടുപൊള്ളുന്ന വേനലിന് വിരാമമിട്ട് മഴയെത്തി. അതോടൊപ്പം പനിയുമെത്തി.
സംസ്ഥാനത്തെ ആശുപത്രികളില്‍ പനിബാധിതരുടെ തിക്കും തിരക്കുമാണ്. പലയിടത്തും പന്നിപ്പനിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. പനി മാത്രമല്ല ഛര്‍ദ്യാതിസാര രോഗങ്ങള്‍, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങിയവയാണ് മഴക്കാലത്ത് വ്യാപകമാകുന്ന ജലജന്യരോഗങ്ങള്‍. ശരിയായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഒരു പ്രദേശം മുഴുവന്‍ പെട്ടെന്ന് പടര്‍ന്നുപിടിക്കുവാന്‍ സാധ്യതയുള്ളവയാണ് ഈ സാംക്രമികരോഗങ്ങളെല്ലാംതന്നെ. നിര്‍ജലീകരണം ഉള്‍പ്പെടെയുള്ള സങ്കീര്‍ണതകള്‍മൂലം രോഗബാധിതര്‍, പ്രത്യേകിച്ചും കുട്ടികളും പ്രായമേറിയവരും ഉചിതമായ ശുശ്രൂഷ നല്‍കിയില്ലെങ്കില്‍ ഗുരുതരാവസ്ഥയിലെത്താനുമിടയുണ്ട്. മഴക്കാലത്ത് ഛര്‍ദ്യാതിസാര രോഗങ്ങള്‍ വ്യാപകമാകാറുണ്ട്. പലതരത്തിലുള്ള വൈറസുകള്‍, ബാക്ടീരിയ, അമീബ പോലെയുള്ള പരാദങ്ങള്‍ തുടങ്ങിയവയൊക്കെ രോഗകാരണമാകാറുണ്ട്. ഛര്‍ദ്യാതിസാരരോഗങ്ങള്‍ പ്രധാനമായും ബാധിക്കുന്നത് കുട്ടികളെയാണ്. മുലയൂട്ടലിനോടൊപ്പം മറ്റു ഭക്ഷണസാധനങ്ങള്‍ കൊടുത്തുതുടങ്ങുമ്പോള്‍ വയറിളക്കരോഗങ്ങള്‍ക്കുള്ള സാധ്യതയേറുന്നു. മലിനമാക്കപ്പെട്ട ഭക്ഷണസാധനങ്ങളിലൂടെയും വെള്ളത്തിലൂടെയും രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗം ബാധിച്ചവരുടെ ശരീരത്തില്‍നിന്ന് അമിതമായി ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നത് രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുന്നു.
രോഗത്തിന്റെ ഗുരുതരാവസ്ഥകൊണ്ടും ഒരു പ്രദേശമാകെ പെട്ടെന്നു പടര്‍ന്നുപിടിക്കുന്ന സ്വഭാവംകൊണ്ടും ഗൗരവമേറിയ ഒരു മഴക്കാലരോഗമാണ് കോളറ. ശരിയായ പരിചരണവും ചികിത്സയും തക്കസമയത്തു ലഭിച്ചില്ലായെങ്കില്‍ മരണനിരക്ക് 30 മുതല്‍ 40 ശതമാനംവരെയാകുവാന്‍ സാധ്യതയുണ്ട്. മനുഷ്യവിസര്‍ജ്യങ്ങള്‍ കലര്‍ന്ന് മലിനമായ വെള്ളം കുടിക്കുന്നതിലൂടെയും പഴകിയതും മലിനമായതുമായ ആഹാരസാധനങ്ങള്‍ കഴിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത്. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ എല്ലാവരും ഒരുപോലെ രോഗബാധിതരാകണമെന്നില്ല. ചിലര്‍ വര്‍ഷങ്ങളോളം രോഗാണുവാഹകരായി തുടര്‍ന്നേക്കാം.വെള്ളംപോലെ വയറിളകി പോകുന്നതാണ് പ്രധാന രോഗലക്ഷണം. ദിവസം മുപ്പതു മുതല്‍ നാല്പതുതവണവരെ വയറിളകിയേക്കാം. പ്രത്യേകിച്ച് വേദനയോ മറ്റ് അസ്വസ്ഥതകളോ ഇല്ലാതെ കഞ്ഞിവെള്ളംപോലെ വയറിളകിപോകുന്നത് രോഗത്തിന്റെ പ്രത്യേകതയാണ്. വയറിളക്കത്തോടൊപ്പം ഛര്‍ദിയുമുണ്ടാകാം. നിര്‍ജലീകരണത്തെത്തുടര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനത്തകരാറുണ്ടാകുന്നതാണ് രോഗത്തിന്റെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥ.ഏഴു ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന പനിയാണ് മറ്റൊരു മഴക്കാലരോഗമായ ടൈഫോയ്ഡിന്റെ ലക്ഷണം. മഴക്കാലത്ത് ജലാശയങ്ങള്‍ നിറഞ്ഞൊഴുകി മലിനമാകുന്നതും രോഗം പരത്തുന്ന ഈച്ചകള്‍ പെരുകുന്നതും രോഗം വ്യാപകമാകുവാനിടയാക്കുന്നു. മലിനജലം കുടിക്കുന്നതിലൂടെയും രോഗാണുക്കള്‍ കലര്‍ന്ന ആഹാരസാധനങ്ങള്‍ കഴിക്കുന്നതിലൂടെയും രോഗികളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയും രോഗം പകരാം. പനി, തലവേദന, ക്ഷീണം, വിശപ്പില്ലായ്മ, മലബന്ധം, ചിലപ്പോള്‍ വയറിളക്കം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. കുടലിലെ രക്തസ്രാവം, കുടലില്‍ സുഷിരങ്ങളുണ്ടാവുക, ന്യൂമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയ സങ്കീര്‍ണതകളുമുണ്ടാകും.
മഴക്കാലത്ത് കണ്ടുവരുന്ന മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം ഹെപ്പറ്റൈറ്റിസ് എയും ഇയുമാണ്. മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. കുട്ടികളാണ് പ്രായമേറിയവരേക്കാള്‍ രോഗ സാധ്യതയേറിയവര്‍. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, വയറുവേദന തുടങ്ങിയവയാണ് പ്രധാന പ്രാരംഭരോഗലക്ഷണങ്ങള്‍. തുടര്‍ന്ന് മൂത്രം മഞ്ഞനിറത്തില്‍ പോകാന്‍ തുടങ്ങുന്നു, അതോടൊപ്പം കണ്ണിലും മഞ്ഞനിറമുണ്ടാകുന്നു. സാധാരണ ഗതിയില്‍ ഏകദേശം നാലുമുതല്‍ ആറാഴ്ചകള്‍ക്കകം രോഗി സുഖം പ്രാപിക്കുന്നു.സാധാരണ വൈറല്‍പ്പനിയുമായി വളരെയേറെ സാമ്യമുള്ളതും അതേസമയം രോഗിയെ പെട്ടെന്ന് ഗുരുതരാവസ്ഥയിലെത്തിക്കുന്നതുമായ പനിയാണ് എലിപ്പനി. എലിയുടെ രോഗാണുക്കള്‍ കലര്‍ന്ന മൂത്രവുമായി ബന്ധമുണ്ടാകുമ്പോള്‍ ശരീരത്തിലുള്ള മുറിവുകളിലൂടെയും കട്ടികുറഞ്ഞ ശ്ലേഷ്മ ചര്‍മത്തിലൂടെയും രോഗാണുക്കള്‍ ശരീരത്തിനുള്ളിലേക്ക് കടക്കുന്നു. വെള്ളവുമായി നിരന്തരം ബന്ധപ്പെടുന്നവര്‍ക്കാണ് കൂടുതല്‍ രോഗസാധ്യത. ശക്തമായ പനി, തലവേദന, പേശിവേദന തുടങ്ങിയവയാണ് പ്രാരംഭലക്ഷണങ്ങള്‍. മഞ്ഞപ്പിത്തം, ന്യൂമോണിയ, വൃക്കരോഗങ്ങള്‍ എന്നിവയും കാണപ്പെടാറുണ്ട്. വൃക്കകള്‍, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാകുന്നത് രോഗിയെ ഗുരുതരാവസ്ഥയിലെത്തിക്കുന്നു.
മഴക്കാല രോഗങ്ങളുടെ പ്രതിരോധം വ്യക്തിയുടെയും പരിസരത്തിന്റെയും ശുചിത്വത്തെ ആശ്രയിച്ചിരിക്കുന്നു. വൃത്തിഹീനമായ പരിസരം, വ്യക്തിശുചിത്വമില്ലായ്മ, താഴ്ന്ന ജീവിതനിലവാരം തുടങ്ങിയവയൊക്കെ മഴക്കാല രോഗങ്ങളെ വ്യാപകമാക്കുന്നു. ജലശുചിത്വവും ഭക്ഷണശുചിത്വവും രോഗപ്രതിരോധത്തിന് അനിവാര്യമാണ്. അഞ്ചുമിനിറ്റെങ്കിലും തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാവൂ. ഭക്ഷണപദാര്‍ഥങ്ങള്‍ കഴിയുന്നതും ചൂടോടെ ഉപയോഗിക്കണം. ആഹാരസാധനങ്ങള്‍ വൃത്തിയുള്ള പാത്രങ്ങളില്‍ അടച്ചുസൂക്ഷിക്കണം.
മഴക്കാല രോഗങ്ങളുടെ പ്രതിരോധം വ്യക്തിയുടെയും പരിസരത്തിന്റെയും ശുചിത്വത്തെ ആശ്രയിച്ചിരിക്കുന്നു. വൃത്തിഹീനമായ പരിസരം, വ്യക്തിശുചിത്വമില്ലായ്മ, താഴ്ന്ന ജീവിതനിലവാരം തുടങ്ങിയവയൊക്കെ മഴക്കാല രോഗങ്ങളെ വ്യാപകമാക്കുന്നു. ജലശുചിത്വവും ഭക്ഷണശുചിത്വവും രോഗപ്രതിരോധത്തിന് അനിവാര്യമാണ്. അഞ്ചുമിനിറ്റെങ്കിലും തിളപ്പിച്ച് ആറിയ വെള്ളം മാത്രമേ കുടിക്കാവൂ. ഭക്ഷണപദാര്‍ഥങ്ങള്‍ കഴിയുന്നതും ചൂടോടെ ഉപയോഗിക്കണം. ആഹാരസാധനങ്ങള്‍ വൃത്തിയുള്ള പാത്രങ്ങളില്‍ അടച്ചുസൂക്ഷിക്കണം.
മലിനജലം ഉപയോഗിച്ച് പഴങ്ങള്‍, പച്ചക്കറികള്‍, ഭക്ഷണം കഴിക്കുവാനുപയോഗിക്കുന്ന പാത്രങ്ങള്‍ ഇവ കഴുകരുത്. ആഹാരം കഴിക്കുന്നതിനു മുമ്പ് കൈകള്‍ വൃത്തിയായി കഴുകുക.പൊതുസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം പാടില്ല. മലമൂത്രവിസര്‍ജനത്തിനുശേഷം കൈകാലുകള്‍ വൃത്തിയായി കഴുകണം. വീടുകളില്‍ നിന്ന് പുറന്തള്ളുന്ന സാധനങ്ങള്‍ പരിസരങ്ങളില്‍ കൂട്ടിയിടാതെയിരിക്കണം. പരിസരം വൃത്തിയായും കഴിയുന്നത്ര ഈര്‍പ്പരഹിതമായും സൂക്ഷിക്കണം. രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യങ്ങളില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് തയ്യാറാകാതെ ഡോക്ടറെ സമീപിക്കണം.
മഴക്കാലരോഗങ്ങളുടെ പൊതുലക്ഷണമായ വയറിളക്കം മൂലമുള്ള നിര്‍ജലീകരണം തടയാനായി ഗൃഹപാനീയ ചികിത്സ വളരെ ഫലപ്രദമാണ്. ഒരു ഗ്ലാസ് ശുദ്ധജലത്തില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാരയും ഒരു നുള്ള് കറിയുപ്പും ലയിപ്പിച്ചാല്‍ പാനീയം തയ്യാറായി. ഒരു ഗ്ലാസ് മിശ്രിതം ഉണ്ടാക്കി ഒരോ തവണ വയറിളകുമ്പോഴും കുടിക്കാന്‍ കൊടുക്കണം. ഒ.ആര്‍.എസ്. പാക്കറ്റുകള്‍ ലഭ്യമാണെങ്കില്‍ ഒരു ലിറ്റര്‍ ശുദ്ധജലത്തില്‍ ഒരു പാക്കറ്റിലെ പൗഡര്‍ ലയിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.
മഴക്കാലരോഗങ്ങളുടെ പൊതുലക്ഷണമായ വയറിളക്കം മൂലമുള്ള നിര്‍ജലീകരണം തടയാനായി ഗൃഹപാനീയ ചികിത്സ വളരെ ഫലപ്രദമാണ്. ഒരു ഗ്ലാസ് ശുദ്ധജലത്തില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാരയും ഒരു നുള്ള് കറിയുപ്പും ലയിപ്പിച്ചാല്‍ പാനീയം തയ്യാറായി. ഒരു ഗ്ലാസ് മിശ്രിതം ഉണ്ടാക്കി ഒരോ തവണ വയറിളകുമ്പോഴും കുടിക്കാന്‍ കൊടുക്കണം. ഒ.ആര്‍.എസ്. പാക്കറ്റുകള്‍ ലഭ്യമാണെങ്കില്‍ ഒരു ലിറ്റര്‍ ശുദ്ധജലത്തില്‍ ഒരു പാക്കറ്റിലെ പൗഡര്‍ ലയിപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.






