കഞ്ചാവ്, ബ്രൗണ്‍ഷുഗര്‍, കറുപ്പ് തുടങ്ങിയ മയക്കുമരുന്നുകളാണ് രഹസ്യമായി വിറ്റഴിക്കപ്പെടുന്നത്. ആവശ്യക്കാരുണ്ടെങ്കില്‍ വീര്യംകൂടിയ മയക്കുമരുന്ന് ഓര്‍ഡര്‍ അനുസരിച്ച് നല്‍കുന്നതായും പറയപ്പെടുന്നു. പകല്‍ കോളജ് വിദ്യാര്‍ഥികളെയാണ് സംഘം ലക്ഷ്യമിടുന്നത്. കഞ്ചാവ് അടക്കമുള്ളവ ഉപയോഗിക്കുന്നവര്‍ വിദ്യാര്‍ഥികളോട് പരിചയം നടിച്ച് സുഹൃത്തുക്കളായി മാറിയാണ് മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഇവര്‍ പിന്നീട് ഇതിന്റെ ഇടനിലക്കാരായി മാറുകയും ചെയ്യുന്നു. കായംകുളത്ത് മയക്കുമരുന്ന് വില്‍പ്പനക്ക് ഭിക്ഷാടന സംഘത്തെയാണ് കൂടുതലായി നിയോഗിച്ചിരിക്കുന്നത്.ഇവര്‍ ജങ്ഷനുകള്‍ കേന്ദ്രീകരിച്ച് അത്യാവശ്യക്കാര്‍ക്ക് രാപ്പകല്‍ വ്യത്യാസമില്ലാതെ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുകയാണ് പതിവ്. ഭിക്ഷാടനത്തിനായി എത്തുന്ന ഇവരെ ആരും സംശയിക്കില്ല എന്നതാണ് കാരണം. ഇവര്‍ ബസ്‌സ്റ്റാന്‍ഡിലും റെയില്‍വേ സ്‌റ്റേഷന്റെ സമീപത്തും മാര്‍ക്കറ്റ് ഭാഗത്തുമെത്തി സാധനങ്ങള്‍ കൈമാറുകയാണ് പതിവ്.
ചില സ്ത്രീകളും മയക്കുമരുന്ന് ലോബിയുടെ കച്ചവടക്കാരായി രംഗത്തുണ്ടെന്ന് പറയുന്നു.മാന്യമായി വസ്ത്രംധരിച്ച് എത്തുന്ന ഇവര്‍ രഹസ്യമായി സാധനങ്ങള്‍ ഏജന്റുമാര്‍ക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. കാന്‍സറിനുള്ള ചില മരുന്നുകളും വ്യാപകമായി വിറ്റഴിക്കാറുണ്ടെന്ന് പറയുന്നു.
തമിഴ്‌നാട് സ്വദേശികളായ ഭിക്ഷാടന സംഘ മാഫിയകളാണ് മയക്കുമരുന്ന് വില്‍പ്പനക്ക് പിന്നിലെന്നും സൂചനയുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് വരുന്ന ഭിക്ഷാടന സംഘങ്ങളുടെ ബാഗുകളിലും മറ്റുമായി കിലോക്കണക്കിന് കഞ്ചാവ്,ഹാഷിസ് തുടങ്ങിയ മയക്കുമരുന്നുകള്‍ കായംകുളത്തും പരിസരത്തും എത്തുന്നുണ്ടെന്ന് പറയുന്നു.
പലപ്പോഴും ഇത്തരക്കാരെ താക്കീതുചെയ്ത് പറഞ്ഞുവിടുകയാണ് പൊലീസ് ചെയ്യുന്നത്. രാത്രിയില്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡ്, കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസ്‌സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങ് ശക്തമാക്കിയാല്‍ ഒരുപരിധിവരെ മയക്കുമരുന്ന് വില്‍പ്പന തടയാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു.





