Random Posts

Sunday, July 10, 2011

സന്ദീപിന് ഇത് പുനര്‍ജന്മം; ഉള്ളില്‍ തുടിക്കുന്നത് 24-കാരന്റെ ഹൃദയം


മറ്റൊരാള്‍ ദാനം നല്കിയ ഹൃദയം തന്റെ ശരീരത്തില്‍ തുന്നിച്ചേര്‍ത്തപ്പോള്‍ സന്ദീപ് വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ചു. ഒരിക്കലും തിരിച്ചു ലഭിക്കില്ലെന്ന് കരുതിയ ജീവിതം തിരികെ ലഭിച്ചപ്പോള്‍ സന്ദീപിന് പറയാന്‍ വാക്കുകളില്ലായിരുന്നു. പീനിയയില്‍ മെയ് ആറിന് വാഹനമിടിച്ച് മരിച്ച 24-കാരന്റെ ഹൃദയമാണ് സന്ദീപിന്റെ ഹൃദയത്തില്‍ മിടിക്കുന്നത്. തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന 24-കാരന്റെ കുടുംബത്തോടുള്ള കടപ്പാട് സന്ദീപിന്റെ ഓരോ വാക്കിലും നിറഞ്ഞു.

ബാംഗ്ലൂര്‍ നാരായണ ഹൃദയാലയയിലെ ഡോക്ടര്‍മാരുടെ സംഘമാണ് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ 16-കാരനായ സന്ദീപിന്റെ ഹൃദയം മാറ്റിവെച്ചത്. കര്‍ണാടകത്തില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ് സന്ദീപ്. 29-കാരിയായ റീനാ രാജുവാണ് ഇതിനുമുമ്പ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

രണ്ടുവര്‍ഷം മുമ്പാണ് സന്ദീപിന് 'ഡൈലേറ്റഡ് കാര്‍ഡിയോ മയോപ്പതി' എന്ന രോഗം സ്ഥിരീകരിച്ചത്. ഹൃദയത്തില്‍നിന്ന് ആവശ്യത്തിന് രക്തം പമ്പ് ചെയ്യാനാകാത്ത രോഗമാണിത്. രണ്ടുവര്‍ഷം മുമ്പ് സന്ദീപിന്റെ സഹോദരി ഇതേ രോഗംമൂലം മരിച്ചിരുന്നു. പരിഭ്രാന്തരായ സന്ദീപിന്റെ അച്ഛനമ്മമാര്‍ മകനെയുംകൊണ്ട് ആസ്പത്രികള്‍ കയറിയിറങ്ങിയെങ്കിലും ഗുണമുണ്ടായില്ല. തുടര്‍ന്ന്, പരിശോധനയ്ക്കായി നാരായണ ഹൃദയാലയയില്‍ എത്തിച്ചു. ഹൃദയം മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അവയവങ്ങള്‍ മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൂക്ഷിക്കുന്ന സോണല്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കര്‍ണാടകയില്‍ (ഇസഡ്.സി.സി.കെ.) നിന്നാണ് 24-കാരന്റെ ഹൃദയം സന്ദീപിന് അനുയോജ്യമാണെന്നു തിരിച്ചറിഞ്ഞത്. മരിച്ചയാളുടെ ബന്ധുക്കളുടെ സമ്മതം ലഭിച്ചതോടെ ഹൃദയം പോലീസ് സഹായത്തോടെ പ്രത്യേക പരിരക്ഷയില്‍ നാരായണ ഹൃദയാലയയില്‍ എത്തിച്ചു. മെയ് എട്ടിന് ഇത് സന്ദീപിന്റെ ശരീരത്തിന്റെ ഭാഗമായി.

മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ 'ട്രാഫിക്' എന്ന സിനിമയെ വെല്ലുന്ന തരത്തിലുള്ള കഥയാണ് സന്ദീപിന്റെ ജീവിതത്തിലുണ്ടായത്. അഭ്രപാളിയില്‍ സിനിമാനടന്റെ മകള്‍ക്കുവേണ്ടിയാണ് ശസ്ത്രക്രിയ നടത്തിയത്. സംസ്ഥാന പോലീസില്‍ ഹെഡ് കോണ്‍സ്റ്റബിളായ സന്ദീപിന്റെ അച്ഛന്‍ മകന്റെ ഹൃദയത്തിനുവേണ്ടി നെട്ടോട്ടമോടുകയായിരുന്നെന്നതാണ് വ്യത്യാസം.

നാരായണ ഹൃദയാലയയിലെ ഡോ. ജൂലിയസ് പൊന്നന്‍, ഡോ. പ്രവീണ്‍, ഡോ. ഭഗീരഥ്, ഡോ. രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.