Random Posts

Saturday, July 23, 2011

കള്ളുഷാപ്പില്‍ പോകുന്നത് കോണ്‍ഗ്രസ് പാരമ്പര്യമല്ല -രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞതുപോലെ നിയമസഭ നടക്കുമ്പോള്‍ കള്ളുഷാപ്പിലും ഹോട്ടലിലുമൊക്കെ പോകുന്നത് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പാരമ്പര്യമല്ലെന്നും സി.പി.എം എം.എല്‍.എമാര്‍ക്കാണ് ആ തൊപ്പി ചേരുകയെന്നും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. നിയമസഭയില്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന പാഠമാണ് യു.ഡി.എഫിന് കഴിഞ്ഞ ദിവസത്തിലെ അനുഭവം നല്‍കുന്നതെന്നും കോണ്‍ഗ്രസ് സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ഏത് സമയത്ത് വോട്ടിനിട്ടാലും ധനവിനിയോഗ ബില്‍ പാസാക്കാനുള്ള ഭൂരിപക്ഷം നിയമസഭയില്‍ യു.ഡി.എഫിനുണ്ടായിരുന്നു. യു.ഡി.എഫിന് ഭൂരിപക്ഷമില്ലെങ്കില്‍ പിന്നെന്തിനാണ് പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്? വോട്ട് ചെയ്ത് സര്‍ക്കാറിനെ പുറത്താക്കാനുള്ള അവസരം ഉപയോഗിക്കാതെ ഗവര്‍ണറെ കാണാന്‍ പോയത് ജാള്യത മറക്കാനാണ്. ബി.ജെ.പിയുമായി ചേര്‍ന്ന് ഗ്രാമപഞ്ചായത്തുകളിലെ യു.ഡി.എഫ് ഭരണം അട്ടിമറിക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ചെന്നിത്തല പഞ്ചായത്ത് ഉള്‍പ്പെടെ 12 പഞ്ചായത്തുകളില്‍ ഇത്തരത്തില്‍ ശ്രമം നടന്നു. ദേശീയ തലത്തിലും ഇത്തരമൊരു നീക്കം നടക്കുന്നു. അണ്ണാഹസാരെയെയും രാംദേവിനെയുമെല്ലാം ഉപയോഗിച്ച് ജനാധിപത്യ സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ ബി.ജെ.പിയും സംഘ്പരിവാറും നടത്തുന്ന നീക്കങ്ങളെ ഇടതുപക്ഷം പിന്തുണക്കുകയാണ്. 70 കളില്‍ ഉണ്ടായതിനു സമാനമായ കൂട്ടുകെട്ട് ദേശീയതലത്തിലുണ്ടാക്കാനുള്ള ശ്രമമാണ് ഇടതുപാര്‍ട്ടികളും വര്‍ഗീയശക്തികളും നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.