
സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജ് പ്രവേശത്തിനായി നടത്തിയ പൊതുപ്രവേശ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് ഞായറാഴ്ച പ്രസിദ്ധീകരിക്കും. വൈകുന്നേരം അഞ്ച് മുതല്‍ ഫലം പ്രവേശ പരീക്ഷാ കമീഷണറുടെ വെബ്‌സൈറ്റില്‍ ലഭ്യമാകും. വിലാസം: www.cee.kerala.gov.in. http://results.kerala.nic.in എന്ന സൈറ്റിലും ലഭിക്കും. പ്രവേശ പരീക്ഷക്കൊപ്പം യോഗ്യതാപരീക്ഷ മാര്‍ക്കുകൂടി ചേര്‍ത്താണ് ഈ വര്‍ഷം റാങ്ക് ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്. ഈ പരിഷ്‌കരണത്തെത്തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളാണ് ഫലംവൈകാന്‍ കാരണമായത്.65,632 വിദ്യാര്‍ഥികളാണ് ഇത്തവണ എന്‍ജിനീയറിങ് പ്രവേശ പരീക്ഷയില്‍ യോഗ്യത നേടിയത്. ഇവരുടെ സ്‌കോര്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് നല്‍കിയ 56,336 പേരുടെ റാങ്ക് ലിസ്റ്റാണ് ഇന്ന് പ്രസിദ്ധീകരിക്കുക. ഇതില്‍ തന്നെ മാര്‍ക്ക് സംബന്ധിച്ച രേഖകള്‍ പ്രവേശ പരീക്ഷാ കമീഷണറേറ്റില്‍ സമര്‍പ്പിക്കാത്ത 3,000ഓളം പേരുടെ ഫലം തടഞ്ഞുവെച്ചിട്ടുണ്ട്. രേഖകള്‍ ഹാജരാക്കിയാല്‍ ഇത് പുറത്തുവിടുമെന്ന് പ്രവേശ പരീക്ഷാ കമീഷണര്‍ അറിയിച്ചു.






