
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് കോഴ്‌സുകളിലെ സീറ്റും ഫീസും സംബന്ധിച്ച് പ്രൈവറ്റ് മെഡിക്കല്‍ കോളജ് മാനേജ്‌മെന്റ് അസോസിയേഷനും സര്‍ക്കാറും തമ്മില്‍ ധാരണയായതായി സൂചന.
ഇന്നലെ രാത്രി മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനം. അതേസമയം ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാറുമായി സഹകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇരുവിഭാഗം മാനേജ്‌മെന്റുകളുമായും രാത്രി വൈകിയും ചര്‍ച്ച തുടരുകയാണ്.
ധാരണയനുസരിച്ച് അസോസിയേഷന്റെ കീഴിലുള്ള 17 മെഡിക്കല്‍ കോളജുകള്‍ പകുതി സീറ്റ് സര്‍ക്കാറിന് വിട്ടുകൊടുക്കും. ഇതില്‍ രണ്ടുതരം ഫീസ് ഏര്‍പ്പെടുത്തും. 20 ശതമാനം സീറ്റ് ബി.പി.എല്‍ അല്ലെങ്കില്‍ കുറഞ്ഞ വരുമാനമുള്ളവര്‍ക്കും 30 ശതമാനം ജനറല്‍ മെറിറ്റിനുമായിരിക്കും. ഇതിലെ 20 ശതമാനത്തില്‍ 10 ശതമാനം സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും അഞ്ച് ശതമാനം ബന്ധപ്പെട്ട സമുദായത്തിനും അഞ്ച് ശതമാനം ജനറല്‍ മെറിറ്റിനുമായി വിഭജിക്കും.
മാനേജ്‌മെന്റ് ക്വാട്ടയില്‍ 35 ശതമാനം സീറ്റില്‍ 5.5 ലക്ഷം ഫീസും അഞ്ച് ലക്ഷം നിക്ഷേപവും എന്‍.ആര്‍.ഐ ക്വോട്ടയില്‍ ഒമ്പത് ലക്ഷം ഫീസുമായിരിക്കും.
മാനേജ്‌മെന്റ് ക്വോട്ടയില്‍ കഴിഞ്ഞവര്‍ഷത്തെ ഫീസ് നിലനിര്‍ത്തിയപ്പോള്‍ മെറിറ്റ് ക്വോട്ടയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായിരുന്ന ത്രിതല ഫീസ് ഘടനയില്‍ മാറ്റംവരുത്തി പകരം രണ്ട് തട്ട് ഫീസ് ഏര്‍പ്പെടുത്തി. ഇതനുസരിച്ച് കൂടുതല്‍ കുട്ടികള്‍ക്ക് കുറഞ്ഞ ഫീസില്‍ പഠിക്കാന്‍ കഴിയും. കഴിഞ്ഞവര്‍ഷം 25,000 രൂപ കുറഞ്ഞ വരുമാനക്കാര്‍ക്ക് മാത്രമായിരുന്നു. എസ്.ഇ.ബി.സി വിഭാഗത്തിന് 45,000 മായിരുന്നു ഫീസ്. ഇത്തവണ 45,000 ഒഴിവാക്കി എസ്.ഇ.ബി.സി വിഭാഗത്തിന് കൂടി ഏറ്റവും കുറഞ്ഞ ഫീസില്‍ പ്രവേശം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ചര്‍ച്ചയില്‍ വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്, ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ്, അസോസിയേഷന്‍ നേതാക്കളായ ഡോ. ഫസല്‍ ഗഫൂര്‍, അഡ്വ. സാജന്‍ പ്രസാദ്, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ കോ ഓര്‍ഡിനേറ്റര്‍ ജോര്‍ജ് പോള്‍ എന്നിവര്‍ പങ്കെടുത്തു.






