* മൂന്നിടത്ത് സ്‌ഫോടനം
* നൂറിലേറെ പേര്‍ക്ക് പരിക്ക്
* സ്‌ഫോടനങ്ങള്‍ കസബിന്റെ ജന്മദിനത്തില്‍
* രാജ്യമെങ്ങും ജാഗ്രതാ നിര്‍ദേശം സംസ്ഥാനത്തും മുന്‍കരുതല്‍
* നൂറിലേറെ പേര്‍ക്ക് പരിക്ക്
* സ്‌ഫോടനങ്ങള്‍ കസബിന്റെ ജന്മദിനത്തില്‍
* രാജ്യമെങ്ങും ജാഗ്രതാ നിര്‍ദേശം സംസ്ഥാനത്തും മുന്‍കരുതല്‍
ദക്ഷിണ മുംബൈയിലെ സവേരി ബസാറിലാണ് ആറേമുക്കാലോടെ ആദ്യ സ്‌ഫോടനമുണ്ടായത്. പ്രശസ്തമായ മുംബാദേവി ക്ഷേത്രത്തിനടുത്താണിത്. ബസ് സ്റ്റോപ്പിലെ ഇലക്ട്രിക് കാബിനറ്റിനുള്ളിലുള്ള മീറ്റര്‍ ബോക്‌സിലാണു സ്‌ഫോടകവസ്തു സ്ഥാപിച്ചിരുന്നത്. ദാദറില്‍ ഒരു ടാക്‌സി കാറിനുള്ളിലാണ് രണ്ടാമത്തെ സ്‌ഫോടനം. ദാദര്‍ റെയില്‍വേ സ്റ്റേഷനടുത്തായിരുന്നു ഇത്. ഏഴു മണിയോടെ ചാര്‍ണി റോഡിലെ ഓപറ ഹൗസിലാണ് മൂന്നാമത്തെ സ്‌ഫോടനമുണ്ടായത്. ഈ സ്‌ഫോടനം വളരെ ശക്തി കൂടിയതായിരുന്നെന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. മഹാരാഷ്ട്ര ഭീകരവിരുദ്ധസേന (എ.ടി. എസ്.)യിലെ ഭടന്മാരെ സംഭവസ്ഥലത്തുവിന്യസിച്ചതായും അദ്ദേഹം അറിയിച്ചു. ഡല്‍ഹിയില്‍നിന്ന് ദേശീയ സുരക്ഷാ ഗാര്‍ഡു (എന്‍.എസ്.ജി.) കളെയും ഫോറന്‍സിക് വിദഗ്ധരെയും ബി.എസ്.എഫിന്റെ പ്രത്യേക വിമാനത്തില്‍ മുംബൈയിലെത്തിച്ചു. തലസ്ഥാന നഗരിയടക്കം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അതിജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
മൂന്നു സ്‌ഫോടനങ്ങളിലും ഉപയോഗിച്ചത് 'ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്' (ഐ.ഇ.ഡി.) ആണെന്നു പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം നഗരത്തില്‍ കനത്ത മഴ പെയ്തത് സ്‌ഫോടനത്തിന്റെ തെളിവുകള്‍ നശിച്ചുപോകുമോ എന്ന ആശങ്ക പരത്തി. 186 പേര്‍ മരിച്ച മുംബൈ തീവണ്ടി സ്‌ഫോടനങ്ങളുടെ അഞ്ചാം വാര്‍ഷികംകഴിഞ്ഞ് രണ്ടുദിവസത്തിനകമാണ് സ്‌ഫോടനപരമ്പരയുണ്ടായിരിക്കുന്നത്. 2008-ലെ മുംബൈ ഭീകരാക്രമണത്തിലാവട്ടെ 166 പേരാണു മരിച്ചത്. പരിക്കേറ്റവരില്‍ മലയാളികള്‍ ഉള്ളതായി അറിവില്ല. സ്‌ഫോടനം നടന്ന സവേരി ബസാര്‍, ഓപ്പറഹൗസ് എന്നിവിടങ്ങളില്‍ നിരവധി മലയാളികള്‍ ജോലി ചെയ്യുന്നുണ്ട്. രാഷ്ട്രപതി പ്രതിഭാ പാട്ടീലും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്ങും സ്‌ഫോടനപരമ്പരയെ അപലപിച്ചു. പാകിസ്താനും സംഭവത്തെ അപലപിച്ചിട്ടുണ്ട്.






