Random Posts

Tuesday, July 19, 2011

കര്‍ഷക പെന്‍ഷനും പലിശ രഹിത വായ്പയും

ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന എെക്യ ജനാധിപത്യ മുന്നണി സര്‍ക്കാറിനെ സംസ്ഥാനത്തെ കര്‍ഷകര്‍ അകംനിറഞ്ഞ അഭിമാനത്തോടെയാണ് വരവേറ്റത്. അഞ്ച് വര്‍ഷത്തെ ദുരിതപൂര്‍ണ്ണമായ ജീവിതത്തിന് മാറ്റം പ്രതീക്ഷിച്ച് വേഴാമ്പലിനെപോലെ കാത്തിരിക്കുകയായിരുന്നു അവര്‍.
ചരിത്രത്തിലെ ഏറ്റവും കടുത്ത വഞ്ചനയിലാണ് കഴിഞ്ഞ ഭരണത്തില്‍ കര്‍ഷകര്‍ അകപ്പെട്ടത്. വാഗ്ദാനങ്ങള്‍ നിറവേറ്റാത്ത, തീരുമാനങ്ങള്‍ നടപ്പിലാക്കാത്ത, പ്രഖ്യാപനങ്ങള്‍ കാറ്റില്‍ പറത്തിയ, കേന്ദ്ര ആനുകൂല്യങ്ങള്‍ പോലും തട്ടിത്തെറിപ്പിച്ച, അനുവദിച്ച് കിട്ടിയതുപോലും തടഞ്ഞുവെച്ച ഇടതുഭരണത്തില്‍ നിന്ന് മോചനം നേടിയ ആഹ്ലാദത്തിലാണിപ്പോള്‍ കര്‍ഷകര്‍.
യു.ഡി.എഫ്. സര്‍ക്കാറിന്റെ പ്രഥമ ബജറ്റ് തന്നെ വലിയ നേട്ടങ്ങള്‍ കൈവരുമെന്ന വിശ്വാസം ഉളവാക്കിയിട്ടുണ്ട്. അലാവുദ്ദീന്റെ അത്ഭുത വിളക്കൊന്നും സര്‍ക്കാറിന്റെ കൈയിലില്ലെന്ന് ഏത് സാധാരണ കര്‍ഷകര്‍ക്കുമറിയാം. ജനങ്ങളെ ബഹുമാനിക്കുകയും കര്‍ഷകരെ സ്നേഹിക്കുകയും ചെയ്യുന്ന ഇച്ഛാശക്തിയുള്ള സര്‍ക്കാറാണ് കേരളത്തില്‍ അധികാരത്തില്‍ വന്നതെന്ന ഉറച്ച വിശ്വാസം കര്‍ഷകര്‍ക്കുണ്ട്.
സ്വതന്ത്ര കര്‍ഷക സംഘം മുന്നോട്ടുവെച്ച പ്രധാനപ്പെട്ട രണ്ടാവശ്യങ്ങളായിരുന്നു കര്‍ഷക പെന്‍ഷനും പലിശ രഹിത വായ്പയും. ഇതിന്റെ പേരില്‍ ചിലര്‍ ഞങ്ങളെ പരിഹസിക്കുകയുണ്ടായി. എന്നാല്‍ പ്രശ്നം ഏറെക്കുറെ അംഗീകരിക്കപ്പെട്ടുവെന്നുള്ളതില്‍ സ്വതന്ത്ര കര്‍ഷക സംഘം അഭിമാനിക്കുന്നു. ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാറിന്റെ തീരുമാന പ്രകാരം നബാര്‍ഡ് ഇളവ് ചെയ്ത് വായ്പ തന്നതിനാല്‍ നെല്‍ കര്‍ഷകര്‍ക്ക് രണ്ട് വര്‍ഷം മുമ്പ് തന്നെ പലിശ രഹിത വായ്പ ലഭിച്ചിരുന്നു. എന്നാല്‍ അതിന് വേണ്ടത്ര പ്രാധാന്യം നല്‍കി പരമാവധി കര്‍ഷകര്‍ക്ക് ലഭിക്കാനുള്ള നീക്കങ്ങള്‍ ഇടത് ഭരണത്തില്‍ ഉണ്ടായില്ല. പല ബാങ്കുകളും ഒന്നും നല്‍കിയതേയില്ല.
പുതിയ ബജറ്റില്‍ കൃത്യമായി വായ്പ തിരിച്ചടക്കുന്ന കര്‍ഷകര്‍ക്ക് അഞ്ച് ശതമാനം പലിശ ഇളവ് ചെയ്തു കൊടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നബാര്‍ഡ് പല നിരക്കുകളിലായി വിവിധ സംസ്ഥാനങ്ങളില്‍ കാര്‍ഷിക വായ്പ അനുവദിച്ചു വരുന്നുണ്ട്. നാല് മുതല്‍ ഏഴ് വരെയാണ് നിരക്ക്. കേരളത്തിലെ അധിക വായ്പയും ഏഴ് ശതമാനത്തിന്റേതാണ്. രണ്ട് ശതമാനത്തിന്റെ ബാധ്യത ത്രിതല പഞ്ചായത്ത്മുനിസിപ്പല്‍ ഭരണ സംവിധാനത്തെ കൊണ്ട് വഹിപ്പിച്ചാല്‍ വീഴ്ച വരുത്താത്തവര്‍ക്ക് പലിശ രഹിത വായ്പക്ക് സമാനമായ സൗകര്യം ലഭിക്കും. സര്‍ക്കാറിന്റെ മുമ്പാകെ 10 വര്‍ഷമായി സ്വതന്ത്ര കര്‍ഷക സംഘം അവതരിപ്പിക്കുന്ന മാര്‍ഗവും ഇതുതന്നെയായിരുന്നു.
കേരളത്തിലെ എല്ലാ മേഖലകളിലും ക്ഷേമ നിധിയോ പെന്‍ഷനോ ഒക്കെയുണ്ട്. കര്‍ഷകര്‍ക്ക് മാത്രമാണ് അതൊന്നുമില്ലാത്തത്. 2006ലെ ബജറ്റില്‍ അന്നത്തെ യു.ഡി.എഫ്. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പെന്‍ഷന്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് വന്ന ഇടത് സര്‍ക്കാര്‍ ആ പ്രഖ്യാപനം കണ്ട ഭാവം പോലും നടിച്ചില്ല. അഞ്ച് വര്‍ഷം കഴിഞ്ഞാണെങ്കിലും യു.ഡി.എഫ്. തിരിച്ചെത്തി ആ പ്രഖ്യാപനം ആവര്‍ത്തിച്ചിരിക്കുന്നു.
കര്‍ഷക പെന്‍ഷന്‍ മാസത്തില്‍ 300 രൂപയാണ്. ഇത് തികച്ചും അപര്യാപ്തമാണ്. 1000 രൂപയെങ്കിലുമായി ഉയര്‍ത്തിയേ പറ്റൂ.
1991 96 കാലത്ത് യു.ഡി.എഫ്. ഭരണത്തില്‍ പി.പി. തങ്കച്ചന്‍ കൃഷി മന്ത്രിയായിരുന്നപ്പോള്‍ യുവാക്കളെ കാര്‍ഷിക രംഗവുമായി ബന്ധിപ്പിക്കുന്നതിന് ഒരു പരിപാടി ആവിഷ്ക്കരിച്ചിരുന്നു. നിരവധി സഹായങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തു. അപകടങ്ങള്‍ പറ്റിയാല്‍ മെഡിക്കല്‍ ആനുകൂല്യങ്ങളും 60 വയസ് കഴിഞ്ഞാല്‍ പെന്‍ഷനുമെല്ലാം നിര്‍ദ്ദേശിച്ചു. അപ്രകാരം ഒരു ലക്ഷം ചെറുപ്പക്കാരെ അംഗങ്ങളായി ചേര്‍ത്തു. മാറിവന്ന ഇടത് ഭരണകൂടം ഇത് അട്ടിമറിച്ചു. യു.ഡി.എഫ്. സര്‍ക്കാറും ആ കാര്യം വിസ്മരിച്ചിരിക്കയാണ്. പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിക്കുകയും പദ്ധതി പുനരാരംഭിക്കുകയും വേണം.
വന്യ മൃഗങ്ങളുടെ ശല്യം കാരണം മലയോര കര്‍ഷകര്‍ ഭീതിയിലാണ്. അനവധി കര്‍ഷകര്‍ ഇതിനകം കാട്ടുമൃഗങ്ങളുടെ ഉപദ്രവം കാരണം മരണമടഞ്ഞു. കാട്ടുമൃഗങ്ങളുടെ വിലപോലുമില്ലാത്ത ഒരു വിഭാഗമായിരിക്കുന്നു മലയോര കര്‍ഷകര്‍. അവര്‍ക്ക് ഏറെ ആശ്വാസവും സന്തോഷവും ലഭിച്ച സര്‍ക്കാര്‍ തീരുമാനമാണ് ഉപദ്രവകാരികളായ കാട്ടുപന്നികളെ കൊല്ലാനുള്ള അനുവാദം. കാട്ടുപന്നികള്‍ മാത്രമല്ല ഉപദ്രവകാരികള്‍. കുരങ്ങും ആനയും പുലിയുമൊക്കെ ആ ഗണത്തിലുണ്ട്. ഇവയൊക്കെ മലയോര കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുന്നു. ഇവകളില്‍ നിന്നെല്ലാം കര്‍ഷകന് രക്ഷ ലഭിക്കണം. ജീവനപ്പോലെ തന്നെ പ്രധാനമാണ് കര്‍ഷകന് കൃഷിയും. കാട്ടിലേക്ക് ജനങ്ങള്‍ കടക്കുന്നത് തടയുന്നതുപോലെ വന്യ മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങുന്നതും തടയേണ്ടിയിരിക്കുന്നു. കാടിന് ചുറ്റും വൈദ്യുതി വേലി സ്ഥാപിച്ച് മൃഗങ്ങള്‍ കാട്ടില്‍ നിന്ന് പുറത്ത് വരുന്നതിനെ തടയുകയാണ് ഇതിന് പരിഹാരം. മൃഗങ്ങളുടെ ഉപദ്രവത്തില്‍ മരണമടഞ്ഞ കര്‍ഷകരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ആശ്വാസ ധനവും നശിച്ച കൃഷിക്ക് നഷ്ടപരിഹാരവും അനുവദിക്കണം. സ്വതന്ത്ര കര്‍ഷക സംഘം മുഖ്യമന്ത്രിക്ക് അവകാശ പത്രിക സമര്‍പ്പിച്ചിരിക്കയാണ്.