Random Posts

Monday, July 11, 2011

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വിജിലന്‍സ് അന്വേഷണം നടത്തണം: റിജില്‍ മാക്കുറ്റി

Imageകണ്ണൂര്‍: അഴിമതിയുടെ ചൂതാട്ട കേന്ദ്രമായി മാറിയിരിക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അടിയന്തിരമായി വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെ എസ് യു ബുധനാഴ്ച്ച യൂണിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി പത്രസമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും വളരെക്കാലമായി നിരവധി അഴിമതി കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. യൂണിവേഴ്‌സിറ്റിയില്‍ ഡിഗ്രി വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫലം ഗ്രേഡിങ്ങ് സമ്പ്രദായത്തിലാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. മറ്റൊരു യൂണിവേഴ്‌സിറ്റിയിലും ഗ്രേഡിങ്ങ് സമ്പ്രദായം പ്രാവര്‍ത്തികമാക്കിയിട്ടില്ല. ഗ്രേഡിങ്ങ്് സമ്പ്രദായമാക്കിയതോടെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്കു കീഴില്‍ പഠിച്ചിറങ്ങിയ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
ഉപരിപഠനത്തിന് അര്‍ഹരാണോ എന്നറിയാന്‍ ഡിഗ്രിക്ക് ലഭിച്ച മാര്‍ക്ക് കണക്കുകൂട്ടാന്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നില്ല. മറ്റൊരു യൂണിവേഴ്‌സിറ്റിയിലും നടപ്പിലാക്കാത്ത ഗ്രേഡിങ്ങ് സമ്പ്രദായം തങ്ങളാണ് ആദ്യമായി കൊണ്ടുവന്നതെന്ന ഖ്യാതിക്കു വേണ്ടിയാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ ഇത്തരമൊരു പ്രഹസനം കാഴ്ച്ചവച്ചതെന്നും റിജില്‍ മാക്കുറ്റി കുറ്റപ്പെടുത്തി.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സലറും ഏതാനും ചില അധ്യാപകരും ചേര്‍ന്നാണ് ഡിഗ്രി ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. യു ജി സി കൊണ്ടു വന്ന ഗ്രേഡിങ്ങ് സമ്പ്രദായം ആദ്യം തന്നെ പ്രാബല്യത്തില്‍ വരുത്തി ലക്ഷങ്ങള്‍ തട്ടാനുള്ള വൈസ് ചാന്‍സലര്‍ അടക്കമുള്ളവരുടെ ഗൂഡ ലക്ഷ്യമാണ് ഇതിനു പിറകിലെന്നും റിജില്‍മാക്കുറ്റി ആരോപിച്ചു. എസ് എഫ് ഐ അടക്കമുള്ള ഇടത് സംഘടനകളാണ് അഴിമതി നടത്തുന്ന ഇത്തരം ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതും ഇതിനെതിരെ സമരം നടത്തുന്ന കെ എസ് യു പോലുള്ള വിദ്യാര്‍ത്ഥി സംഘടനകളെ അക്രമിക്കുകയും ചെയ്യുന്നത്. യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ഇത്തരം അഴിമതികള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും ഇതില്‍ പ്രതിക്ഷേധിച്ച് നാളെ എല്ലാ കോളജുകളിലും കെ എസ് യു പ്രതിക്ഷേധ പ്രകടനം നടത്തുമെന്നും റിജില്‍ മാക്കുറ്റി അറിയിച്ചു.
സംഭവത്തില്‍ പ്രതിക്ഷേധിച്ച് കെ എസ് യു 13ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലേക്ക് മാര്‍ച്ച് നടത്തും. യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലറെ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ക്കു പോലും ഫോണില്‍ ബന്ധപ്പെടാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. പ്രൊ വൈസ് ചാന്‍സലറുടെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ വൈസ് ചാന്‍സലര്‍ പോലും പാവയായി മാറിയിരിക്കുകയാണ്. അക്കാദമിക് രംഗത്തുള്ളവരുമായി ചര്‍ച്ച നടത്താതെയാണ് പ്രൊ വൈസ് ചാന്‍സലറും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് ഗ്രേഡിങ്ങ് സമ്പ്രദായം കൊണ്ടുവന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. പ്രൊ വൈസ് ചാന്‍സലറെ മാറ്റിനിര്‍ത്തിയാവണം അന്വേഷണം നടത്തേണ്ടതെന്നും റിജില്‍ മാക്കുറ്റി അഭിപ്രായപ്പെട്ടു. കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ്് ജസ്റ്റിസണ്‍ ചാണ്ടിക്കൊല്ലി, ജനറല്‍ സെക്രട്ടറി സുധീപ് ജയിംസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.