Random Posts

Friday, July 1, 2011

ഉമ്മന്‍ചാണ്ടി @ ലൈവ്

ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തുന്നവര്‍ എന്തു ചെയ്യുന്നുവെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമില്ലേ?. തീര്‍ച്ചയായും ഉണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പൊതുപരിപാടികളും സമ്മേളനങ്ങളും കണ്ട് സംതൃപ്തിയടയേണ്ടവരല്ല ജനങ്ങള്‍.

തിരുവനന്തപുരത്ത് ഭരണസിരാ കേന്ദ്രത്തില്‍, അവരുടെ ഓഫീസില്‍ എന്താണ് അവര്‍ ചെയ്യുന്നത്. അതറിയാന്‍ ഇനി ഒട്ടും വിഷമമില്ല. നിങ്ങളുടെ കണ്‍മുന്നിലുണ്ട്, മുഖ്യമന്ത്രി തന്റെ ഓഫീസില്‍ എന്താണ് ചെയ്യുന്നതെന്ന്. ഉറങ്ങുകയാണോ, ഫയലുകള്‍ പഠിക്കുകയാണോ, പരാതിക്കാരെ കാണുകയാണോ എന്താണെന്ന് നിങ്ങള്‍ക്കും കാണാം. അതിന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ബ്ലോക്കിലെത്തേണ്ട.  www.keralacm.gov.in  എന്ന വെബ്‌സൈറ്റില്‍ കയറിയാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെയും ചേമ്പറിന്റെയും പ്രവര്‍ത്തനങ്ങള്‍ ലൈവ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തെയും മുഖ്യമന്ത്രിക്ക് പറയാനാവില്ല, ഈ നേട്ടം. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച്, ജനങ്ങളുമായി സംവദിച്ച്, ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കുന്ന ഉമ്മന്‍ചാണ്ടിക്കല്ലാതെ. ഇന്നലെയാണ് ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തനക്ഷമമായ വെബിന്റെ ക്യാമറക്കണ്ണുകള്‍ മിഴിതുറന്നത്. അധികാരത്തിലേറി ഒരുമാസം പിന്നിടുമ്പോള്‍ തന്നെ ഭരണത്തിന്റെ സുതാര്യത ജനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമാകുന്നു. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ പ്രഖ്യാപിച്ച ഇന്റര്‍നെറ്റ് തത്സമയ സംപ്രേഷണവും മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റും 28 ദിവസത്തിനുള്ളിലാണ് പൂര്‍ത്തിയായത്. 24 മണിക്കൂറും സജീവസംപ്രേഷമുണ്ടായിരിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. 2004-ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇന്റര്‍നെറ്റിലൂടെ തല്‍സമയസംപ്രേഷണം നടത്തിയിരുന്നു. രാജ്യത്ത് തല്‍സമയ സംപ്രേഷണം നടത്തുന്ന ഒരേയൊരു മുഖ്യമന്ത്രിയുടെ ഓഫിസ് ആണ് ഉമ്മന്‍ചാണ്ടിയുടേത്. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ പത്തിന് തല്‍സമയ സംപ്രേഷണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. ഒരു മാസത്തിനകം വെബ്‌സൈറ്റിന്റെ മലയാളം പതിപ്പും സജ്ജമാകും.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടത്തുന്ന മീറ്റിങുകള്‍, പത്രസമ്മേളനങ്ങള്‍, ക്യാബിനറ്റ് ബ്രീഫിങ് എന്നിവയുടെ തല്‍സമയ സംപ്രേഷണം എന്നിവ സൈറ്റിലൂടെ കാണാം. പി.ആര്‍ ചേമ്പറില്‍ നടക്കുന്ന ക്യാബിനറ്റ് ബ്രീഫിങും ഈ സൈറ്റില്‍ കാണാം. ശബ്ദ സംപ്രേഷണം തല്‍ക്കാലം ഉണ്ടായിരിക്കില്ല. മുഖ്യമന്ത്രിയുടെ പൊതുപരിപാടികളുടെ ചിത്രങ്ങളും വിവരണക്കുറിപ്പുകളും സൈറ്റിലുണ്ടാകും.ഒരേ സമയം ഏഴുപരിപാടികളുടെ വിവരങ്ങളാവും സൈറ്റിലുണ്ടാകുക. അതിനുശേഷം ആര്‍ക്കൈവ്‌സില്‍ സേവ് ചെയ്യും. ക്യാബിനറ്റ് ബ്രീഫിങും ഇത്തരത്തില്‍ ആര്‍ക്കൈവ്‌സിലേക്കുപോകും. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും പുറപ്പെടുവിക്കുന്ന വാര്‍ത്താക്കുറിപ്പുകളും സൈറ്റിലുണ്ടാകും.  വിഷന്‍ 2030 ഐഡിയ ബാങ്ക് എന്ന സംവിധാനമാണ് സൈറ്റിലെ മറ്റൊരു പ്രത്യേകത.  വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പൊതുജനങ്ങളുടെ കാഴ്ചപ്പാടുകളും ആശയങ്ങളും ഐഡിയബാങ്കില്‍ പങ്കുവയ്ക്കാം. മുഖ്യമന്ത്രിക്കു പരാതി നല്‍കാനും സൈറ്റില്‍ സൗകര്യമുണ്ട്. മുഖ്യമന്ത്രിക്ക് പരാതി അയയ്ക്കുമ്പോള്‍ അയക്കുന്നവരുടെ ഇ-മെയിലില്‍ പരാതിയുടെ ടോക്കണ്‍ നമ്പര്‍ ലഭിക്കും. ഈ ടോക്കണ്‍ നമ്പര്‍ ഉപയോഗിച്ച് പരാതി ട്രാക്ക് ചെയ്യുവാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. സിറ്റിസണ്‍ ജേര്‍ണലിസം എന്ന സംവിധാനമാണ് മറ്റൊരു പ്രത്യേകത. നാട്ടില്‍ നടക്കുന്ന സംഭവങ്ങളും പ്രശ്‌നങ്ങളും ഏതൊരു സാധാരണക്കാരനും  മൊബൈലിലോ ഹാന്‍ഡിക്യാമിലോ ചിത്രങ്ങളോ വീഡിയയോ ആയി എടുത്ത് സൈറ്റിലൂടെ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് ചെയ്യാം.  സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രധാനരേഖകള്‍ സൈറ്റിലൂടെ ജനങ്ങള്‍ക്ക് പരിശോധിക്കാം. സര്‍ക്കാരിന്റെ നൂറുദിന പരിപാടിയില്‍ പ്രഖ്യാപിച്ച  സ്വത്തുവിവര പ്രഖ്യാപനത്തിനുള്ള ഫോം സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാവും. മുഖ്യമന്ത്രിയെക്കുറിച്ച് പത്രങ്ങളിലും മറ്റും വരുന്ന കാര്‍ട്ടൂണുകള്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്യും.
മുഖ്യമന്ത്രിയുടെ പുസ്തകങ്ങളായ  പോരാട്ടത്തിന്റെ ദിനരാത്രങ്ങള്‍, കാലത്തിനൊപ്പം, കേരളത്തിന്റെ ഗുല്‍സാരി, ചങ്ങല മുറുകുന്നു എന്നിവയും നിയമസഭാ പ്രസംഗങ്ങളുടെ സമാഹാരമായ ജനശബ്ദത്തിന് നാല്‍പ്പതാണ്ടും സൈറ്റില്‍ നിന്നും വായിക്കാം. കുഞ്ഞൂഞ്ഞു കഥകളും അല്‍പം കാര്യങ്ങളും എന്ന പുസ്തകത്തിലെ കഥകളും കാര്‍ട്ടൂണുകളും വായിക്കാം. സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിയുമായി സംവദിക്കാം. മുഖ്യമന്ത്രിയുടെ വീഡിയോകള്‍ യുട്യൂബ് ചാനലിലൂടെ കാണാം.
സീ-ഡിറ്റിന്റെ കീഴിലുള്ള വെബ് സര്‍വീസ് ടീമും വിഷ്വല്‍ കമ്യൂണിക്കേഷന്‍ ഡിവിഷനുമാണ് സൈറ്റിന്റെ രൂപകല്‍പ്പനയും ഡെവലപ്‌മെന്റും ക്രമീകരിച്ചിരിക്കുന്നത്. കണ്ടെന്റ് മാനെജ്‌മെന്റ് ഫ്രെയിംവര്‍ക്ക് സംവിധാനത്തില്‍ സൗജന്യ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് വെബ്‌സൈറ്റ് ഒരുക്കിയിരിക്കുന്നത്. സിഡിറ്റ് ഡെപ്യൂട്ടി ഡയറക്റ്റര്‍ കെ.മോഹന്‍കുമാര്‍, ടീം ലീഡേഴ്‌സ് രജ്ഞിത്ത്, ഗണപതി, കോ- ഓര്‍ഡിനേറ്റര്‍ ആര്‍.ശിവരാമകൃഷ്ണന്‍, ഡിസൈനര്‍ രാജേഷ്, കണ്ടെന്റ്- മനോജ്, അജിത്ത് അരവിന്ദന്‍, ടെക്‌നിക്കല്‍- സുമേഷ് എന്നിവരുടെ  നേതൃത്വത്തിലാണ് സൈറ്റ് തയാറാക്കിയിരിക്കുന്നത്.