Random Posts

Saturday, July 16, 2011

മെഡിക്കല്‍ഷോപ്പില്‍ മരുന്നുവില്‍പ്പനയ്ക്ക് നിയന്ത്രണം വരുന്നു

ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍നിന്ന് ആന്‍റിബയോട്ടിക് മരുന്നുകള്‍ വില്‍പ്പന നടത്തുന്നതിന് കര്‍ശനനിയന്ത്രണം വരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം തടവോ 20,000 രൂപ പിഴയോ ശിക്ഷ ലഭിക്കാം. കേന്ദ്രസര്‍ക്കാറിന്റെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് ആക്ടില്‍ ഭേദഗതി വരുത്തി 90 ആന്‍റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയാനാണ് പുതിയ നിയമം വരുന്നത്. ഷെഡ്യൂള്‍ എച്ചിന്റെ കീഴില്‍ വരുന്ന ഈ ആന്‍റി ബയോട്ടിക് മരുന്നുകള്‍ ഇനി ഷെഡ്യൂള്‍ എച്ച് എക്‌സിന്റെ പരിധിയിലാണ് വരിക.

നിര്‍ദേശം ഇപ്പോള്‍ ഡ്രഗ്‌സ് ടെക്‌നിക്കല്‍ ബോര്‍ഡിന്റെ പരിഗണനയിലാണ്. നിയമം ഉടന്‍തന്നെ പ്രാബല്യത്തില്‍ വരുമെന്നാണറിയുന്നത്. പുതിയ നിയമപ്രകാരം ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് മരുന്നിന്റെ രണ്ട് കുറിപ്പടികള്‍ കൊടുക്കണം. ഒന്ന് രോഗിക്കും മറ്റൊന്ന് മരുന്ന് വാങ്ങുന്ന മെഡിക്കല്‍ ഷോപ്പുകാര്‍ക്കും. ഫാര്‍മസിക്കാര്‍ ഈ കുറിപ്പടി രണ്ടു വര്‍ഷമെങ്കിലും സൂക്ഷിക്കണം. ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ ഓഡിറ്റിന് ഏതു സമയവും ഈ കുറിപ്പടി വിധേയമാക്കേണ്ടിവരും. ഇത്തരം മരുന്നുകള്‍ രണ്ട് വിഭാഗങ്ങളായി തരംതിരിക്കും. 90 ല്‍ 16 എണ്ണം എ വിഭാഗത്തിലും ബാക്കി ബി വിഭാഗത്തിലും ഉള്‍പ്പെടുത്തും. ഇതിനായി പ്രത്യേക കളര്‍ കോഡും നല്‍കും.

കേരളത്തിലുള്‍പ്പെടെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ വ്യാപകമായി ആന്‍റി ബയോട്ടിക്കുകള്‍ വിതരണം ചെയ്യുന്നതായി ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഫാര്‍മസി കൗണ്‍സിലിന്റെ ഒരു സര്‍വേ പ്രകാരം 50 ശതമാനം മരുന്നുകളെങ്കിലും ഇങ്ങനെ വിറ്റുപോകുന്നുണ്ട്. രോഗി മെഡിക്കല്‍ ഷോപ്പില്‍ പോയി രോഗം നേരിട്ടു പറഞ്ഞ് മരുന്നു വാങ്ങുക, കാലഹരണപ്പെട്ട കുറിപ്പടികള്‍ ഉപയോഗിച്ചും, ഒരാള്‍ക്കെഴുതിയ കുറിപ്പടി സമാനരോഗമാണെന്ന് കരുതി മറ്റൊരാള്‍ വാങ്ങിക്കുന്നതുമായ പ്രവണത എന്നിവയും കൂടിവരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഗുരുതരമായ പ്രത്യാഘാതം ഇത് രോഗികള്‍ക്കുണ്ടാക്കും. ഫാര്‍മസിയിലെ സെയില്‍സ്മാന്‍ തന്നെ, ഡോക്ടര്‍മാര്‍ എഴുതിയ മരുന്നില്ലെങ്കില്‍ പകരം വേറെ കമ്പനിയുടെ അതേ മരുന്ന് കൊടുക്കുന്ന രീതി ഇപ്പോള്‍ വ്യാപകമാണ്. രോഗിയോ ബന്ധുക്കളോ പഴയ മരുന്നുബോട്ടിലും കവറും മറ്റും നോക്കിയെഴുതിക്കൊണ്ടുവരുന്ന കുറിപ്പടിയില്‍ മരുന്നു കൊടുക്കുമ്പോള്‍ ഇത് കുട്ടികള്‍ക്കുള്ളതാണോ മുതിര്‍ന്നവര്‍ക്കുള്ളതാണോ എന്നൊന്നും ഫാര്‍മസിയിലെ സെയില്‍സ്മാന്‍ നോക്കാറില്ല. ആന്‍റി ബയോട്ടിക്കുകളുടെ അനധികൃതമായ ഉപയോഗം ശരീരത്തിന്റെ രോഗപ്രതിരോധശക്തിയെത്തന്നെ ബാധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ചില പ്രത്യേക വേദനസംഹാരി ഗുളികകള്‍ കഫ് സിറപ്പില്‍ ചേര്‍ത്ത് കഴിച്ചാല്‍ മദ്യത്തിന്റെതെന്നപോലെ ലഹരി കിട്ടുമെന്നതിനാല്‍ ഇത്തരം മരുന്നുകള്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വ്യാപകമായി വിറ്റുപോകുന്നതായി പരാതി ഉയര്‍ന്നിരുന്നു. കണ്ണുരോഗ സീസണില്‍ ചെന്നൈയില്‍നിന്നും ഗുജറാത്തില്‍നിന്നും മറ്റുമുള്ള ചില കമ്പനികളുടെ വിലകുറഞ്ഞ ഐഡ്രോപ്പുകള്‍ പല ഫാര്‍മസികളിലും വ്യാപകമായി വിറ്റഴിക്കുന്നതായി ആക്ഷേപം ഉണ്ട്.