Random Posts

Friday, July 22, 2011

പഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ സി പി എം-ബി ജെ പി കൂട്ടുകെട്ട്

നിയമസഭയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് എം എല്‍ എമാരോട് നിര്‍ദ്ദേശിച്ചു: ചെന്നിത്തല

കോഴിക്കോട്: യു ഡി എഫിന് ജനങ്ങള്‍ നല്‍കിയ വിജയത്തെ വിജയമല്ലാതാക്കി ചിത്രീകരിക്കാനും സര്‍ക്കാറിന്റെ നേട്ടങ്ങളെ വിലയിടിച്ചു കാട്ടാനുമാണ്

സി പി എമ്മും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. നിയമസഭയില്‍ ജാഗ്രത പുലര്‍ത്തണമെന്ന് എം എല്‍ എമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ധനവിനിയോഗ ബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രയോഗിച്ച വാക്കുകള്‍ സി പി എം സാമാജികര്‍ക്കാണ് യോജിക്കുക. കള്ളുഷാപ്പിലും മറ്റും പോയവരെന്ന വിശേഷണം അവരുടെ തൊപ്പിയിലാണ് ഇണങ്ങുകയെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ ഡി സി സി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. എന്തുകൊണ്ട് സഭയില്‍ പ്രതിപക്ഷം വോട്ട് ചെയ്ത് സര്‍ക്കാറിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചില്ലെന്ന് ചെന്നിത്തല ചോദിച്ചു. സര്‍ക്കാറിന് സഭയില്‍ കൃത്യമായ ഭൂരിപക്ഷമുണ്ടെന്ന് വ്യക്തമാണ്.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കൂറുമാറ്റവും കാലുമാറ്റവും പ്രോത്സാഹിപ്പിക്കാനാണ് സി പി എം ശ്രമം. ചെന്നിത്തല പഞ്ചായത്ത് ഉള്‍പ്പെടെ സംസ്ഥാനത്തെ പന്ത്രണ്ടോളം പഞ്ചായത്തുകളില്‍ സി പി എമ്മും ബി ജെ പിയും കൈകോര്‍ത്താണ് യു ഡി എഫ് ഭരണം അട്ടിമറിക്കാന്‍ നീക്കം നടത്തിയത്. ഇത് ദേശീയതലത്തിലുള്ള കൂട്ടുകെട്ടിന്റെ തുടര്‍ച്ചയാണ്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തുന്ന അണ്ണാഹസാരെയും രാംദേവുമെല്ലാം അരാഷ്ട്രീയവാദത്തിന്റെ വക്താക്കളാണ്. അവര്‍ക്ക് പാര്‍ലമെന്ററി സംവിധാനത്തോട് പുച്ഛമാണ്. ബി ജെ പിയാണ് അവര്‍ക്ക് ധാര്‍മ്മിക പിന്തുണ നല്‍കുന്നത്. ഈ നിലപാടു തന്നെയാണോ സി പി എമ്മിനുമെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം വ്യക്തമാക്കണം.
 
 നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി തിരുത്തല്‍ പ്രക്രിയയിലൂടെ മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷം പാര്‍ട്ടിയെ സംബന്ധിച്ച് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. 2006-ലെ പരാജയത്തോടെ ഇനി കോണ്‍ഗ്രസ് സംസ്ഥാനത്ത് തിരിച്ചുവരില്ലെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിധിയെഴുതി. ഓരോ തെരഞ്ഞെടുപ്പുകളും മറ്റൊന്നിന്റെ തുടര്‍ച്ചയല്ല. നൂറോളം സീറ്റിന്റെ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ അച്യുതാനന്ദന്‍ ഈ തെരഞ്ഞെടുപ്പില്‍ 30 സീറ്റുകള്‍ നഷ്ടപ്പെടുത്തി. അത് വിമര്‍ശകര്‍ കാണുന്നില്ല. സംസ്ഥാനത്ത് ഭരണമാറ്റത്തിനാണ് ജനങ്ങള്‍ വോട്ടു ചെയ്തത്. ആരുടെയും ഔദാര്യത്താലല്ല ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യു ഡി എഫ് ആഗ്രഹിച്ച ഒരു ജനവിധിയല്ല ഉണ്ടായത്. പോരായ്മകളുണ്ടെങ്കില്‍ കെ പി സി സി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്ന ശേഷം തിരുത്തും. നേരിയ ഭൂരിപക്ഷത്തിന് ഒരു സൗന്ദര്യവും ജാഗ്രതയുമുണ്ട്. സര്‍ക്കാറിന്റെ നൂറുദിന പരിപാടിപോലുള്ള ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി തീരുമാനമെടുക്കാത്ത പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഉതകുന്നതാണ്. മൂലമ്പള്ളി പ്രശ്‌നവും കൊച്ചി മെട്രോറെയില്‍ പദ്ധതിയും കോംട്രസ്റ്റ് ഭൂമി ഏറ്റെടുക്കല്‍ വിഷയത്തിലുമെല്ലാം സര്‍ക്കാര്‍ അതിവേഗത്തിലുള്ള തീരുമാനമാണ് എടുത്തത്. ഡി സി സി പ്രസിഡന്റ് കെ സി അബു അധ്യക്ഷനായിരുന്നു