തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് ഒളിച്ചോടിപ്പോയ ജോലിക്കാരിയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. കഴിഞ്ഞ എട്ടിന് ഇവിടെ നിന്നു പോയ പെണ്‍കുട്ടി റയില്‍വേ സ്‌റ്റേഷനില്‍ പരിചയപ്പെട്ട യുവാവിനൊപ്പം കന്യാകുമാരിയില്‍ പോയെന്നും അവിടെ വച്ചു പീഡിപ്പിക്കപ്പെട്ടെന്നുമാണു പൊലീസിനു ലഭിച്ച വിവരം. പെണ്‍കുട്ടിയെയും പിതാവിനെയും കൊണ്ടു മ്യൂസിയം പൊലീസ് കന്യാകുമാരിയിലെ ലോഡ്ജിലെത്തി തെളിവെടുത്തു. തന്റെ സമ്മതത്തോടെയാണു യുവാവിനൊപ്പം കഴിഞ്ഞതെന്നു പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞെങ്കിലും കുട്ടിക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ മാനഭംഗത്തിനു കേസെടുക്കുമെന്നു പൊലീസ് വ്യക്തമാക്കി.
വി.എസിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രന്റെ വീട്ടിലാണു പെണ്‍കുട്ടി ജോലിക്കു നിന്നിരുന്നത്. ദുരൂഹ സാഹചര്യത്തില്‍ ഇവിടെ നിന്നു കാണാതായ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം പയ്യോളിയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ചിറങ്ങുമ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാധ്യമങ്ങളിലെ ചിത്രം കണ്ടു തിരിച്ചറിഞ്ഞവരാണു പൊലീസിനെ വിവരം അറിയിച്ചത്. പെണ്‍കുട്ടിയെ കാണാതായതു സംബന്ധിച്ച കേസ് മ്യൂസിയം പൊലീസിലായതിനാല്‍ മൊഴി രേഖപ്പെടുത്തിയ ശേഷം അവിടെനിന്ന് ഇങ്ങോട്ടു കൊണ്ടുവന്നു. പയ്യോളി സ്വദേശിയായ കാമുകനൊപ്പം പോയി എന്നായിരുന്നു മൊഴി. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ കൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തപ്പോഴാണു പെണ്‍കുട്ടി ആദ്യം പറഞ്ഞ കഥയെല്ലാം കളവാണെന്നു വ്യക്തമായത്.
എല്‍പിജി സിലിണ്ടര്‍ വാങ്ങാനായി രവീന്ദ്രന്‍ പെണ്‍കുട്ടിക്ക് 500 രൂപ നല്‍കിയിരുന്നു. ഈ പണവുമായി എട്ടിനു രാവിലെ റയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെത്തിയ പെണ്‍കുട്ടി അവിടെവച്ചാണു യുവാവിനെ പരിചയപ്പെട്ടത്. ഇരുവരും കൂടി കന്യാകുമാരിയില്‍ പോയി ലോഡ്ജില്‍ മുറിയെടുത്തു. നെറുകയില്‍ സിന്ദൂരം ചാര്‍ത്തിയാണു യുവാവ് തന്നെ കൊണ്ടുനടന്നതെന്നും രണ്ടു ദിവസം ലോഡ്ജില്‍ താമസിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതിനു ശേഷം ഇരുവരും തിരികെ തിരുവനന്തപുരത്തെത്തി. തമ്പാനൂരില്‍ നിന്നുള്ള ബസ്‌യാത്രയ്ക്കിടെ തന്നെ നെടുമങ്ങാട്ട് ഇറക്കിവിടുകയായിരുന്നെന്നു പെണ്‍കുട്ടി പറയുന്നു. അവിടെ നിന്നു തിരികെ തമ്പാനൂരിലെത്തി ട്രെയിനിലാണു കോഴിക്കോട്ടേക്കു തിരിച്ചത്. പയ്യോളിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ അമ്മാവനാണു രവീന്ദ്രന്റെ വീട്ടില്‍ എത്തിച്ചത്. രവീന്ദ്രനുമായി ഇയാള്‍ക്കു മുന്‍പരിചയമുണ്ടെന്നു പൊലീസ് പറഞ്ഞു.
കന്യാകുമാരിയിലെ ലോഡ്ജില്‍ തെളിവെടുത്ത ശേഷം പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കും. അതിനു ശേഷം വൈദ്യപരിശോധനയ്ക്കു വിധേയമാക്കും. യുവാവിനെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവം വിവാദമായിട്ടും പ്രായപൂര്‍ത്തിയാകാത്തെ പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ കൈയാമം വച്ച് നടുറോഡിലൂടെ നടത്തണമെന്നു വി.എസ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. ഇനി ആവശ്യപ്പെടുമെന്നും തോന്നുന്നില്ല







