സംസ്ഥാനത്തെ മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിന് കൂടുതല്‍ കേന്ദ്രസഹായം ലഭ്യമാക്കും. തുറമുഖങ്ങളിലെ മണ്ണുമാറ്റുന്നതിന് പുതിയ മണ്ണുമാന്തിക്കപ്പല്‍ വാങ്ങിക്കും.
മത്സ്യബന്ധന തുറമുഖങ്ങളുടെ നവീകരണം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച അവലോകനയോഗം ചേര്‍ന്നു. കേന്ദ്രമന്ത്രിമാരായ കെ.വി. തോമസ്, കെ.സി. വേണുഗോപാല്‍, മന്ത്രിമാരായ പി.കെ. അബ്ദുറബ്ബ്, കെ.ബാബു, ഷിബു ബേബിജോണ്‍, എ. സമ്പത്ത് എം.പി, തീരദേശ മണ്ഡലങ്ങളിലെ 32 എം.എല്‍.എ.മാര്‍, ദേശീയ ഫിഷറീസ് വികസന ബോര്‍ഡ് ചെയര്‍മാന്‍ കൃഷ്ണയ്യ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കേരളത്തില്‍ 12 മത്സ്യബന്ധന തുറമുഖങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെന്ന് അവലോകന യോഗത്തിനുശേഷം കേന്ദ്രമന്ത്രി കെ.വി. തോമസ് പത്രലേഖകരോട് പറഞ്ഞു. ഒന്‍പതിടത്ത് പണി പുരോഗമിക്കുന്നുണ്ട്. 11 പുതിയ പദ്ധതികള്‍ പരിഗണനയിലാണ്.
പുതിയ ഫിഷിങ് ഹാര്‍ബറുകളുടെ പ്രോജക്ട് കേന്ദ്രാനുമതിക്ക് നല്‍കിയാല്‍ എത്രയുംവേഗം അക്കാര്യം പരിഗണിക്കും. തുറമുഖങ്ങളില്‍ മണ്ണടിയുന്നതു സംബന്ധിച്ച പരാതികള്‍ ഒഴിവാക്കുന്നതിന് കൃത്യമായ ഡ്രഡ്ജിങ് നടത്തും. ഇതിനുള്ള ചെലവിന്റെ അമ്പതുശതമാനം കേന്ദ്രസര്‍ക്കാര്‍ നല്‍കും.
പുതിയ മണ്ണുമാന്തി കപ്പല്‍ വാങ്ങുന്ന കാര്യം നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് തുറമുഖമന്ത്രി കെ. ബാബു അറിയിച്ചു. നിലവിലുള്ള ഒരു മണ്ണുമാന്തിക്കപ്പലിന്റെ സേവനം കൂടി പ്രയോജനപ്പെടുത്തും.
പുതിയ തുറമുഖ പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിന് ഇപ്പോള്‍ 75:25 എന്ന അനുപാതത്തിലാണ് സംസ്ഥാന-കേന്ദ്രസര്‍ക്കാരുകള്‍ ചെലവ് വഹിക്കുന്നത്. ഇത് കൃഷിവികസന യോജന പദ്ധതിയുടെ കീഴില്‍ വരികയാണെങ്കില്‍ 100 ശതമാനം ചെലവും കേന്ദ്രം നിര്‍വഹിക്കുമെന്ന് കെ.വി. തോമസ് വ്യക്തമാക്കി. വികസനപ്രവര്‍ത്തനങ്ങള്‍ മൂന്നുമാസത്തിലൊരിക്കല്‍ അവലോകനം ചെയ്യും. ഫിഷിങ് ഹാര്‍ബര്‍ സംരക്ഷിക്കുന്നതിന് പുലിമുട്ട് നിര്‍മിക്കുന്നതിനുള്ള പ്രോജക്ടുകള്‍ക്ക് അംഗീകാരം നല്‍കും.
തുറമുഖങ്ങളുടെ ജോലി ടെന്‍ഡര്‍ ചെയ്താല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍, പദ്ധതിയുടെ പ്രാരംഭ നടപടികള്‍ എന്‍.എഫ്.ഡി.ബിയെ ഏല്പിക്കും. വലിയതുറ, അര്‍ത്തുങ്കല്‍ ഉള്‍പ്പെടെ അഞ്ച് തുറമുഖങ്ങളുടെ ക്ലിയറന്‍സ് ഉടനെ ലഭ്യമാക്കുമെന്ന് കെ.വി. തോമസ് പറഞ്ഞു. എം.എല്‍.എമാരുടെ നേതൃത്വത്തില്‍ മുനമ്പം മാതൃകയില്‍ 'ഹാര്‍ബര്‍ മാനേജ്‌മെന്‍റ് കമ്മിറ്റി' രൂപവത്കരിക്കുമെന്നും മന്ത്രി ബാബു അറിയിച്ചു.
Tuesday, July 19, 2011
Home »
» തുറമുഖങ്ങള്‍ക്ക് കൂടുതല്‍ കേന്ദ്രസഹായം; മണ്ണുമാന്തിക്കപ്പല്‍ വാങ്ങും
തുറമുഖങ്ങള്‍ക്ക് കൂടുതല്‍ കേന്ദ്രസഹായം; മണ്ണുമാന്തിക്കപ്പല്‍ വാങ്ങും
By Anonymous 7/19/2011 07:31:00 AM






