
എട്ട് ജില്ലകളിലായി പുതിയ 335 പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ചു. നിലവിലുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ അധിക ബാച്ചായാണ് അനുവദിച്ചിരിക്കുന്നത്. വിദ്യാഭ്യാസ സൗകര്യം കുറഞ്ഞ ജില്ലകളില്‍ അധിക ബാച്ച് അനുവദിക്കാന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് ലഭിച്ച അപേക്ഷകളിലാണ് തീരുമാനം. അനുവദിച്ചവയില്‍ 122 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. ബാക്കി എയ്ഡഡും. മൊത്തം 548 അപേക്ഷകരുണ്ടായിരുന്നു. വകുപ്പ് തല അന്വേഷണം നടത്തിയാണ് അര്‍ഹരെ നിശ്ചയിച്ചത്.
കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ബാച്ച് അനുവദിച്ചത്. ഈ അധ്യയന വര്‍ഷം തന്നെ പ്രവേശം നടക്കുമെന്നാണ് വിവരം. ഏകജാലക സംവിധാനത്തില്‍ തന്നെ പ്രവേശം നടത്താമെന്നും ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.
ഒരാഴ്ചക്കകം അന്തിമ തീരുമാനമുണ്ടായേക്കും. വെള്ളിയാഴ്ച രാത്രിയാണ് ബാച്ച് അനുവദിച്ച സ്‌കൂളുകളുടെ പട്ടിക അംഗീകരിച്ചത്. തിങ്കളാഴ്ച മൂന്നുമണിവരെ പരാതി നല്‍കാം. അതിന് ശേഷം അന്തിമമായി പ്രസിദ്ധീകരിക്കും. സ്‌കൂളുകളുടെ എണ്ണത്തില്‍ ഇനി കുറവുണ്ടാകാനിടയില്ല.
50 കുട്ടികളുടെ ഒരു ബാച്ചാണ് ഒരു സ്‌കൂളില്‍ അനുവദിക്കുക. 16,750 കുട്ടികള്‍ക്കുകൂടി ഇത്തവണ പ്ലസ് ടു പ്രവേശം ലഭിക്കും. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ബാച്ച് അനുവദിച്ചത് -100. കോഴിക്കോട് 63ഉം തൃശൂരില്‍ 54ഉം പാലക്കാട് 48ഉം സ്‌കൂളുകള്‍ക്ക് അധിക ബാച്ച് കിട്ടി. മറ്റ് ജില്ലകള്‍: ആലപ്പുഴ -40, കണ്ണൂര്‍ -10, ഇടുക്കി -10, കൊല്ലം -10. മലപ്പുറത്ത് 47 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാണ് അധിക ബാച്ച് കിട്ടിയത്. മറ്റ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍: കോഴിക്കോട് -21, പാലക്കാട് -18, തൃശൂര്‍ -14, ആലപ്പുഴ -12, കൊല്ലം -5, ഇടുക്കി -4, കണ്ണൂര്‍ -1.
അനുവദിക്കേണ്ട കോഴ്‌സുകളില്‍ അന്തിമ തീരുമാനമായിട്ടില്ല. സ്‌കൂളുകളില്‍ നിലവിലില്ലാത്ത കോഴ്‌സിന് മുന്‍ഗണന നല്‍കണമെന്നാണ് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് ശിപാര്‍ശ ചെയ്തത്. എന്നാല്‍ ഇതിനൊപ്പം, സാമ്പത്തിക ബാധ്യത കുറവുള്ള കോഴ്‌സുകള്‍ക്കും കൂടുതല്‍ പരിഗണന കിട്ടിയേക്കും. അധിക സാമ്പത്തിക ബാധ്യതയില്ലാത്ത തരത്തില്‍ ബാച്ചുകള്‍ നല്‍കാനാണ് ആലോചിക്കുന്നത്. അപേക്ഷകര്‍ കൂടുതലും സീറ്റ് കുറവുമുള്ള പഞ്ചായത്തുകളിലാണ് പുതിയ ബാച്ചുകള്‍ അനുവദിച്ചത്. എന്നാല്‍ കൊല്ലം ജില്ലയില്‍ ഇത് ലംഘിക്കപ്പെട്ടതായി ആക്ഷേപമുണ്ട്. അവിടെ രണ്ട് കിലോമീറ്ററിനകത്ത് മൂന്ന് ഹയര്‍സെക്കന്ററി സ്‌കൂളുകളുള്ള ഒരു പഞ്ചായത്തില്‍ രണ്ട് സ്‌കൂളിനും അധിക ബാച്ച് അനുവദിച്ചു






