Random Posts

Saturday, July 23, 2011

വൈദ്യുതിവിതരണം മെച്ചപ്പെടുത്താന്‍ 175 നഗരങ്ങള്‍ക്ക് 1200 കോടി കേന്ദ്രസഹായം

കണ്ണൂര്‍ നഗരത്തിന് 58 കോടി രൂപ

കണ്ണൂര്‍: വൈദ്യുതിവിതരണരംഗത്ത് കൂടുതല്‍ കാര്യക്ഷമത ഉറപ്പുവരുത്താനും പ്രസരണനഷ്ടം ഒഴിവാക്കാനുമായി കേരളത്തിലെ 175 നഗരങ്ങളില്‍ക്കൂടി കേന്ദ്രസഹായത്തോടെ പുതിയ പദ്ധതി നടപ്പില്‍വരുമെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍ അറിയിച്ചു. 1200 കോടി രൂപ ഇതിനായി കേന്ദ്രം നല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതോടെ പണം സംസ്ഥാനത്തിന് ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി വെളിപ്പെടുത്തി.

നിലവില്‍ കേരളത്തിലെ 43 ടൗണുകളില്‍ ഈ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിനായി 1200 കോടിരൂപ കേന്ദ്രസഹായം അനുവദിച്ചുകഴിഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍, പാപ്പിനിശ്ശേരി, പയ്യന്നൂര്‍, മട്ടന്നൂര്‍ നഗരങ്ങള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്. നഗരങ്ങളിലെ വൈദ്യുതി വിതരണശൃംഖല ശക്തിപ്പെടുത്തുകയും വിവരസാങ്കേതികവിദ്യയുമായി വൈദ്യുതിവിതരണം സംയോജിപ്പിക്കുകയും ചെയ്യുന്നതാണ് കേന്ദ്രാവിഷ്‌കൃത പദ്ധതി. കണ്ണൂര്‍നഗരത്തിന് മാത്രം 58 കോടി രൂപ ഇതില്‍ വിഹിതമായി ലഭിക്കുമെന്ന് മന്ത്രി വെളിപ്പെടുത്തി.

30,000 ന് മേല്‍ ജനസംഖ്യയും 15 ശതമാനത്തില്‍ കൂടുതല്‍ വൈദ്യുതി പ്രസരണനഷ്ടവുമുള്ള നഗരങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന വൈദ്യുതിമന്ത്രിമാരുടെ യോഗം ഈ നിബന്ധനകളില്‍ മാറ്റം വരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജനസംഖ്യ 30,000 എന്നത് 15,000 എന്നാക്കി നിജപ്പെടുത്തിയതാണ് പ്രധാന ഭേദഗതി. ഇതോടെ 175 നഗരങ്ങള്‍ കൂടി കേരളത്തില്‍നിന്ന് ഈ പദ്ധതിയില്‍ വരും.

വൈദ്യുതി വിതരണത്തിന് ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുക, വോള്‍ട്ടേജ് ഉയര്‍ത്താന്‍ കൂടുതല്‍ കാര്യക്ഷമതയുള്ള ട്രാന്‍സ്‌ഫോര്‍മറുകള്‍, വിവരസാങ്കേതികവിദ്യവഴി പ്രവര്‍ത്തനം എളുപ്പത്തില്‍ ഏകോപിപ്പിക്കുക എന്നിവയാണ് പദ്ധതിക്ക് കീഴില്‍ വരുന്ന പ്രധാന പ്രവര്‍ത്തനങ്ങള്‍. വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 100 ശതമാനം തുകയും കേന്ദ്രവിഹിതമായി നല്‍കും. മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 50 ശതമാനം ഗ്രാന്‍റായിരിക്കും.

കേരളത്തില്‍ പാരമ്പര്യേതര ഊര്‍ജോത്പാദനത്തിന്റെ സാധ്യത പഠിക്കാന്‍ എന്‍.ടി.പി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വന്‍കിട വികസനപദ്ധതികളുമായി മുന്നോട്ടുപോകുന്ന കേരളത്തിന് ഊര്‍ജോത്പാദനത്തിനായി പുതിയ പദ്ധതികളില്ലെങ്കില്‍ അത് ഏറെ പ്രയാസം സൃഷ്ടിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.