Random Posts

Monday, July 11, 2011

സര്‍ക്കാര്‍ എം.ബി.ബി.എസ്: ഓപ്ഷന്‍ ഇന്നുമുതല്‍ നല്‍കാം

കേരളത്തിലെ അഞ്ചു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 2011-12 വര്‍ഷത്തെ എം.ബി.ബി.എസ്. കോഴ്‌സിലേക്കുള്ള കേന്ദ്രീകൃത അലോട്ടുമെന്‍റ് തിങ്കളാഴ്ച തുടങ്ങും. ജൂലായ് 11 മുതല്‍ 17 ന് വൈകീട്ട് മൂന്നുമണിവരെ മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള (ജനറല്‍: 50%, SC/ST/SEBC: 40% മാര്‍ക്ക് നേടിയവര്‍) വിദ്യാര്‍ഥികള്‍ക്ക് www.cee.kerala.gov.in/keam എന്ന വെബ്‌സൈറ്റിലൂടെ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാര്‍ഥികളെ അലോട്ടുമെന്‍റിന് പരിഗണിക്കുന്നതല്ല. വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇന്‍റര്‍നെറ്റ് സൗകര്യമുള്ള ഓപ്ഷന്‍ ഫെസിലിറ്റേഷന്‍ സെന്‍ററുകളും (OFC) ഹെല്‍പ്പ് ഡെസ്‌കുകളും (HD) സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കും. ഇവയുടെ വിശദമായ ലിസ്റ്റ് www.cee-kerala.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അലോട്ടുമെന്‍റ് ഷെഡ്യൂള്‍ ചുവടെ ചേര്‍ക്കുന്നു: 11ന് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സൗകര്യം തുടങ്ങുന്നു. 15ന് ട്രയല്‍ അലോട്ടുമെന്‍റ്. 17ന് മൂന്നുവരെ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ സൗകര്യം അവസാനിക്കുന്നു. 21ന് ആദ്യ അലോട്ടുമെന്‍റ്. 22 മുതല്‍ 25 വരെ അലോട്ടുമെന്‍റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ നിശ്ചിത ശാഖകളില്‍ പണമടയ്ക്കാം. 26 മുതല്‍ 28 വരെ അലോട്ടുമെന്‍റ് ലഭിച്ച കോളേജുകളില്‍ ഹാജരായി പ്രവേശനം നേടണം.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും കോളേജ് കോഡും സീറ്റും: ടി.ഡി. മെഡിക്കല്‍ കോളേജ് ആലപ്പുഴ (ALP-150) ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ്, കോഴിക്കോട് (KKM-250) ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ്, കോട്ടയം (KTM-150) ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ്, തൃശ്ശൂര്‍ (TCR-150) ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം (TVM-200).

നിര്‍ദേശാനുസൃത സംവരണം: അഖിലേന്ത്യാ ക്വാട്ട, ഇന്ത്യാ ഗവണ്‍മെന്‍റ് നോമിനികള്‍, പ്രത്യേക സംവരണം, ശാരീരിക വൈകല്യമുള്ളവര്‍ എന്നിവര്‍ക്കായി നീക്കിവെച്ച സീറ്റുകള്‍ ഒഴികെ അവശേഷിക്കുന്ന സീറ്റുകള്‍ കാലാകാലങ്ങളില്‍ ഭേദഗതി ചെയ്യപ്പെട്ടിട്ടുള്ള 2-5-1966 ലെ G.O.(P)208/66/Edn. ഉത്തരവിലെയും 06-10-2008 ലെ G.O. (MS)No.95/08/SCSTDD ഉത്തരവിലേയും തത്വങ്ങള്‍ക്കനുസരിച്ച് വിതരണം ചെയ്യും. നിര്‍ദേശാനുസൃത സംവരണം ഇപ്രകാരമാണ് (ശതമാനക്കണക്കില്‍):

സ്റ്റേറ്റ് മെരിറ്റ്- 64%. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ (SCBC)-26% ഈഴവ (EZ)-9%മുസ്‌ലിം (MU)-8% മറ്റ് പിന്നാക്ക ഹിന്ദു (BH)-5% ആംഗ്ലോ ഇന്ത്യന്‍ ഒഴികെയുള്ള ലത്തീന്‍ കത്തോലിക്കര്‍ (LC)-2% മറ്റ് പിന്നാക്ക ക്രിസ്ത്യന്‍ (BX)-1% കുഡുംബി (KU)-1% പട്ടികജാതികളും പട്ടികവര്‍ഗങ്ങളും-10%, പട്ടികജാതി-8%, പട്ടികവര്‍ഗം-2%

ഫീസ്: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്. കോഴ്‌സിന് വാര്‍ഷിക ഫീസ് 25,000 രൂപയായിരിക്കും. 21ന് പ്രസിദ്ധീകരിക്കുന്ന ഒന്നാംഘട്ട അലോട്ടുമെന്‍റ് പ്രകാരം അലോട്ടുമെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ നിശ്ചിത ശാഖകളില്‍ നിശ്ചിത തീയതിക്കകം ഫീസൊടുക്കി അലോട്ടുമെന്‍റ് ഉറപ്പാക്കണം. അലോട്ടുമെന്‍റ് ലഭിക്കുന്ന എസ്.സി./ എസ്.ടി./ഒ.ഇ.സി. വിദ്യാര്‍ഥികളും സര്‍ക്കാര്‍ ഉത്തരവ് നം. (എം.എസ്.)25/2005 SCSTDD തീയതി: 20-6-2005 അനുസരിച്ച് ആനുകൂല്യത്തിന് അര്‍ഹരായ വിദ്യാര്‍ഥികളും കോഷന്‍ ഡെപ്പോസിറ്റായ 100 രൂപ അടച്ച് അലോട്ടുമെന്‍റ് ഉറപ്പാക്കണം.

അലോട്ടുമെന്‍റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ സമയത്ത് പ്രോസ്‌പെക്ടസിലെ ക്ലോസ് 6.2 പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.

മറ്റ് കോഴ്‌സുകളായ ഡെന്‍റല്‍, ആയുര്‍വേദ, ഹോമിയോ, എന്‍ജിനീയറിങ്, കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള കോഴ്‌സുകള്‍, കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോഴ്‌സുകള്‍, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷന്‍ സ്റ്റഡീസിന് കീഴിലുള്ള കോഴ്‌സുകള്‍ എന്നിവയിലേക്കുള്ള അലോട്ടുമെന്‍റ് വരുംഘട്ടങ്ങളില്‍ ഉള്‍പ്പെടുത്തും.

സ്വാശ്രയ കോളേജുകളിലെ വിവിധ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള അലോട്ടുമെന്‍റ് പിന്നീട് നടക്കും. വിശദ വിവരങ്ങള്‍ www.cee-kerala.org എന്ന വെബ്‌സൈറ്റില്‍. ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 0471-2339101, 2339102, 2339103, 2339104. (രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ).