Random Posts

Monday, July 11, 2011

മുസ്‌ലിംകള്‍ക്ക് ഒ.ബി.സി സംവരണം -കേന്ദ്രം

രംഗനാഥ് മിശ്ര കമീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകളെ ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ്. കേരളത്തിലും കര്‍ണാടകത്തിലും ആന്ധ്രപ്രദേശിലും സംസ്ഥാന സര്‍ക്കാറുകള്‍ മുസ്‌ലിം സംവരണത്തില്‍ സ്വീകരിച്ച സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും ഖുര്‍ശിദ് വ്യക്തമാക്കി.

പ്രമുഖ യാദവ നേതാക്കളെ രംഗത്തിറക്കി മുസ്‌ലിം സംവരണം അട്ടിമറിക്കാന്‍ സംവരണ വിരുദ്ധ ലോബി ശ്രമം തുടങ്ങിയതിനിടെയാണ് കേന്ദ്ര സര്‍ക്കാറിന്റെ നിലപാടില്‍ വ്യക്തത വരുത്തി സല്‍മാന്‍ ഖുര്‍ശിദ് രംഗത്തെത്തിയത്.

ഒ.ബി.സിക്കാരുടെ സംവരണത്തില്‍ മുസ്‌ലിംകളെ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്ന് മുലായം സിങ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും ശരദ് യാദവിന്റെ ജനതാദള്‍ യുനൈറ്റഡും പ്രഖ്യാപിച്ചിരുന്നു.

ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ എസ്.ഇ.ബി.സി (സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവര്‍) എന്ന പേരിലാണ് പിന്നാക്ക മുസ്‌ലികളെ വിശേഷിപ്പിച്ചതെന്ന് സല്‍മാന്‍ ഖുര്‍ശിദ് പറഞ്ഞു. ഒ.ബി.സിയിലെ ഒരു കൂട്ടരായിട്ടാണ് എസ്.ഇ.ബി.സി വരുക.

തുല്യാവസര കമീഷന്‍ സംബന്ധിച്ച മന്ത്രിസഭയുടെ കുറിപ്പ് എല്ലാ മന്ത്രാലയങ്ങള്‍ക്കും അഭിപ്രായത്തിന് അയച്ചുകൊടുത്തിട്ടുണ്ടെന്ന് സല്‍മാന്‍ ഖുര്‍ശിദ് പറഞ്ഞു. കേന്ദ്ര മന്ത്രിസഭ ഈ വിഷയവും ഉടന്‍ പരിഗണിക്കും. നേരത്തേ ഈ നിര്‍ദേശം പരിഗണിച്ച മന്ത്രിതല സമിതി സച്ചാര്‍ കമ്മിറ്റിയുടെ ചില നിലപാടുകളോട് ഭിന്നാഭിപ്രായം പ്രകടിപ്പിച്ചിരുന്നു. സച്ചാറിന്റെ നിര്‍ദേശം നടപ്പാക്കാനാണ് താന്‍ ശ്രമിക്കുന്നത്.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഖുര്‍ആന്‍ വാക്യമല്ലെന്ന തന്റെ വിവാദ പ്രസ്താവനക്കും ഖുര്‍ശിദ് വിശദീകരണം നല്‍കി. റിപ്പോര്‍ട്ടിന്റെ വസ്തുതാപരമായ കണ്ടെത്തലുകളോട് തനിക്ക് വിയോജിപ്പില്ല. എന്നാല്‍, കമ്മിറ്റി ശിപാര്‍ശ ചെയ്ത ചില നിയമ നിര്‍മാണ നിര്‍ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. സിവില്‍ സര്‍വീസ് മാതൃകയില്‍ വഖഫ് സംരക്ഷണത്തിന് മുസ്‌ലിം ഓഫിസര്‍മാരുടെ പ്രതേക കേഡര്‍ രൂപവത്കരിക്കണമെന്ന നിര്‍ദേശം ഇത്തരം ഒന്നാണ്. 'സമത്വത്തെ മുഖ്യധാരാവത്കരിക്കുക'യെന്ന സച്ചാര്‍ കമ്മിറ്റിയുടെ തന്നെ ഉദ്ദേശ്യത്തെ അട്ടിമറിക്കുന്നതാണ് ഇത്തരം ശിപാര്‍ശകള്‍ -അദ്ദേഹം പറഞ്ഞു.