
അനധികൃതമായി ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി കര്‍ശനമാക്കുന്നു. 1993 മുതല്‍ അനധികൃത അവധിയില്‍ പ്രവേശിച്ച 225 ഡോക്ടര്‍മാരെ പിരിച്ചുവിട്ട് കൊണ്ട് ആരോഗ്യ വകുപ്പ് ഉത്തരവായി. നേരത്തെ നോട്ടീസ് നല്‍കിയ ഡോക്ടര്‍മാരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നത്. 1993 മുതല്‍ അനധികൃത അവധിയില്‍ പ്രവേശിച്ച ഇവര്‍ക്ക് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് പിരിച്ചുവിടല്‍.
159 ഡോക്ടര്‍മാര്‍ക്ക് കൂടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മതിയായ കാരണം ബോധിപ്പിക്കാത്ത പക്ഷം ഇവരെയും ഉടന്‍ പിരിച്ച് വിടും.
വയനാട്, പാലക്കാട് തുടങ്ങിയ വടക്കന്‍ ജില്ലകളിലും ഇടുക്കിയിലുമാണ് കൂടുതല്‍ ഡോക്ടര്‍മാര്‍ സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. സര്‍ക്കാര്‍ കണക്കനുസരിച്ച് 384 ഡോക്ടര്‍മാരാണ് 93 മുതല്‍ അനധികൃത അവധിയില്‍ പ്രവേശിച്ചിട്ടുള്ളത്.
പിരിച്ചുവിട്ട ഡോക്ടര്‍മാരുടെ ഒഴിവുള്‍പ്പെടെ നികത്താന്‍ എന്‍ആര്‍എച്ച്എം വഴി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിഎസ്്്‌സി വഴി ഒഴിവുകള്‍ നികത്താനുള്ള നടപടിയും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്.
ഉന്നതപഠനത്തിനും കൂടുതല്‍ ശമ്പളം ലഭിക്കുന്ന ജോലി സാധ്യതകള്‍ തേടിയും വിദേശങ്ങളിലും സ്വകാര്യ മേഖലയിലും ചേക്കേറുന്നതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം.





