Random Posts

Friday, July 22, 2011

യദിയൂരപ്പയുടേത് ഗുരുതര അഴിമതി: ലോകായുക്ത

> യദിയൂരപ്പ രാജിവയ്ക്കണം; സി.ബി.ഐ അന്വേഷണം വേണം - കോണ്‍ഗ്രസ്

ബാംഗ്ലൂര്‍: ബെല്ലാരിയിലെ അനധികൃത ഖനന അഴിമതിയില്‍ മുഖ്യമന്ത്രി യെദിയൂരപ്പയ്‌ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്ന് കര്‍ണാടക ലോകായുക്ത ജസ്റ്റിസ് സന്തോഷ്. എന്‍. ഹെഗ്‌ഡെ പറഞ്ഞു.
അനധികൃത ഖനനം മൂലം 14 മാസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാരിന് 1800 കോടി രൂപ നഷ്ടമുണ്ടായി. ഇതിനു പിന്നില്‍ വന്‍ റാക്കറ്റ് പ്രവര്‍ത്തിക്കുന്നു. മന്ത്രി ജനാര്‍ദ്ദനറെഡ്ഡി തന്നെ ബെല്ലാരിയിലെ ഒരു ഖനന സ്ഥാപനത്തിന്റെ ഉടമസ്ഥനാണെന്നും അതുകൊണ്ട് ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്നു മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും സന്തോഷ് ഹെഗ്‌ഡെ പറഞ്ഞു.
മാഫിയ സമാന അന്തരീക്ഷമാണ് ഇവര്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും സന്തോഷ് ഹെഗ്‌ഡെ ചൂണ്ടിക്കാട്ടി. ഖനി സമൃദ്ധമായ ബെല്ലാരിയില്‍ എന്തുസംഭവിക്കുന്നുവെന്നറിയാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും എന്നാല്‍ അവിടെ മാഫിയ രൂപപ്പെടുന്നതു തടയാതെ മന്ത്രി ഒത്താശ ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അധികാരമേറിയതുമുതല്‍ ആരോപണ വിധേയനായ യദിയൂരപ്പ ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ അവിഹിത സഹായത്തോടെ രാജിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടുവരികയായിരുന്നു. ഖനി മാഫിയക്ക് നേതൃത്വം നല്‍കുന്ന റെഡ്ഡി സഹോദരന്‍മാര്‍ യദിയൂരപ്പയെ രക്ഷപ്പെടുത്തുകയായിരുന്നു എന്ന ആരോപണം ശക്തമാണ്.
 
വ്യാപകമായി നടന്ന അനധികൃത ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ വ്യക്തമായ ഒത്താശയുണ്ടെന്ന് ലോകായുക്ത അന്വേഷണത്തില്‍ തെളിഞ്ഞ സാഹചര്യത്തില്‍ യെദിയൂരപ്പ ഉടനടി രാജി വെക്കണമെന്ന് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ആവശ്യപ്പെട്ടു.ലോകായുക്ത റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയവരുടെ രാജി മുഖ്യമന്ത്രിയില്‍ നിന്ന് തുടങ്ങണമെന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുകയും വേണം. അഴിമതി പ്രതിരോധത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ബി. ജെ. പിക്ക് കര്‍ണാടക സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് എന്തു പറയാനുണ്ടെന്നും സിങ്‌വി ചോദിച്ചു.ബി.ജെ.പിയുടെ കേന്ദ്രനേതാക്കളുടെ അറിവും സമ്മതവുമുള്ളതു കൊണ്ടാണ് ഇത്രയും വലിയൊരു കുംഭകോണത്തിന് മുഖ്യമന്ത്രി നേതൃത്വം നല്‍കിയതെന്ന് കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു. യെദിയൂരപ്പയുടെ പേര് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ധനഞ്ജയകുമാറിനെ പോലൊരാള്‍ ലോകായുക്തയെ കാണാന്‍ പുറപ്പെട്ടതും കേന്ദ്രനേതാക്കളുടെ അറിവോടെയാണെന്ന് അദ്ദേഹം ആരോപിച്ചു.പൊതുജീവിതത്തില്‍ പ്രതിബദ്ധതയും സുതാര്യതയും ജനം ആവശ്യപ്പെടുന്ന സമയമാണിതെന്ന് മന്ത്രി അംബികാ സോണി പറഞ്ഞു. അഴിമതിവിവാദങ്ങളില്‍ മുങ്ങിയ സര്‍ക്കാറിനെ പ്രതിരോധിച്ച് മുന്നോട്ടു നീങ്ങേണ്ട ഗതികേടായിരുന്നു ഇതുവരെ യെദിയൂരപ്പയുടേതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.  മുഖ്യമന്ത്രിസ്ഥാനത്ത് തുടരാന്‍ യെദിയൂരപ്പക്ക് ഇനി ധാര്‍മിക അവകാശമില്ലെന്ന് ഇടതുപാര്‍ട്ടികള്‍ പറഞ്ഞു. ലോകായുക്തയുടെ വിമര്‍ശനം ഗുരുതരമാണ്. മുഖ്യമന്ത്രി രാജി വെച്ചില്ലെങ്കില്‍ അഴിമതിക്കെതിരെ ബി.ജെ.പി നടത്തുന്ന വായ്ത്താരിയുടെ വിശ്വാസ്യത തകരുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.