എല്‍.ഡി.എഫ്. സര്‍ക്കാര്‍ 10,197 കോടി രൂപയുടെ അധികബാധ്യത വരുത്തിവെച്ചതായി കെ.എം. മാണി നിയമസഭയില്‍ അവതരിപ്പിച്ച ധവളപത്രം. ഈ അധികബാധ്യതയില്‍ 5064 കോടി രൂപയ്ക്ക് ബജറ്റില്‍ വിഹിതം നീക്കിവെച്ചിരുന്നില്ലെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എല്‍.ഡി.എഫ്. ഭരണത്തില്‍ കേരളത്തിന്റെ സാമ്പത്തികനില മോശമായെന്നും വളര്‍ച്ചാനിരക്ക് കുറഞ്ഞുവെന്നും ധവളപത്രം ആരോപിക്കുന്നു.
സംസ്ഥാനത്തിന്റെ മോശമായ ധനസ്ഥിതി ഒരു ബജറ്റുകൊണ്ടോ ഒരു വര്‍ഷത്തെ നടപടികള്‍ കൊണ്ടോ നേരെയാക്കാനാവില്ലെന്ന് മുന്നറിയിപ്പ് നല്‍കുന്ന ധവളപത്രം ചെലവുകളില്‍ സാമ്പത്തിക അച്ചടക്കം വര്‍ധിപ്പിക്കാനും മുണ്ടുമുറുക്കിയുടുക്കാനും ആഹ്വാനം ചെയ്യുന്നു.
അധികബാധ്യതയില്‍ ശമ്പളപരിഷ്‌കരണം, മാന്ദ്യവിരുദ്ധ പാക്കേജ് എന്നിവമൂലമുള്ള ചെലവുകള്‍ കൊടുത്തുതീര്‍ക്കുന്നതിന് 5133 കോടി രൂപ മാത്രമാണ് ഇക്കഴിഞ്ഞ ഫിബ്രവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ വകയിരുത്തിയിരുന്നത്. ബാക്കി ബാധ്യതയായ 5064 കോടി രൂപയ്ക്ക് ബജറ്റില്‍ വിഹിതം നീക്കിവെച്ചിരുന്നില്ല. ഈ അധികബാധ്യത സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് വലിയ ആഘാതമാണ് ഏല്പിച്ചിരിക്കുന്നതെന്ന് ധവളപത്രം ആരോപിക്കുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് കടത്തിന്റെ വളര്‍ച്ചാനിരക്കും മൊത്തം കടവും വര്‍ധിച്ചു. 2005-06ല്‍ 9.67 ശതമാനമായിരുന്ന സംസ്ഥാനത്തിന്റെ കടം 2006-07ല്‍ 8.59 ശതമാനമായും 2007-08ല്‍ 11.10 ശതമാനമായും 2008-09ല്‍ 14.19 ശതമാനമായും 2009-10ല്‍ 12.17 ശതമാനമായും മാറി. 2001-02ല്‍ 26,950 കോടി രൂപയായിരുന്ന കേരളത്തിന്റെ മൊത്തം കടം 2009-10ല്‍ 70,969 കോടി രൂപയായി ഉയര്‍ന്നു. 2010-11ല്‍ ഇത് 78,673 കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധവളപത്രം വിലയിരുത്തുന്നു.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി.) വളര്‍ച്ചാനിരക്ക് എല്‍.ഡി.എഫ്. സര്‍ക്കാറിന്റെകാലത്ത് കുറഞ്ഞുവെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നു. ഉയര്‍ന്ന ജി.എസ്.ഡി.പി. സമ്പദ്ഘടനയുടെ ശക്തിയുടെ സൂചനയാണ്. സംസ്ഥാനത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.എസ്.ഡി.പി.) ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയത് 2004-05ല്‍ യു.ഡി.എഫിന്റെ ഭരണകാലത്താണ്-23.34 ശതമാനം. തുടര്‍ന്നുവന്ന സര്‍ക്കാറിന്റെ കാലത്തൊരിക്കലും ഈ വളര്‍ച്ചാനിരക്ക് കൈവരിക്കാനായില്ലെന്നും ധവളപത്രം പറയുന്നു.
പണം ചെലവഴിച്ചതിന്റെ രേഖകള്‍ യഥാസമയം നല്‍കാത്തതുവഴി 12-ാം ധനകാര്യക്കമ്മീഷന്‍ അവാര്‍ഡിന്റെ ഭാഗമായി 414 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയെന്നും ധവളപത്രം കുറ്റപ്പെടുത്തുന്നുണ്ട്. ട്രഷറിമിച്ചം നല്ല ധനകാര്യ സ്ഥിതിയുടെ സൂചകമല്ലെന്ന് സ്ഥാപിക്കുന്ന ധവളപത്രം അതിന്റെപേരില്‍ ആശ്വാസംകൊള്ളുന്നത് ബുദ്ധിയായിരിക്കില്ലെന്ന മുന്നറിയിപ്പും നല്‍കുന്നു. 2011 ഏപ്രില്‍ ഒന്നിന് 3881.94 കോടി രൂപയായിരുന്ന ട്രഷറി മിച്ചത്തിന്റെ ഭൂരിഭാഗവും ട്രഷറി സേവിങ്‌സ് ബാങ്ക് നിക്ഷേപമാണെന്നും ധവളപത്രം പറയുന്നു.
Wednesday, July 20, 2011
Home »
» ധവളപത്രം: ഇടത് സര്‍ക്കാര്‍ 10,197 കോടി അധിക ബാധ്യത വരുത്തി
ധവളപത്രം: ഇടത് സര്‍ക്കാര്‍ 10,197 കോടി അധിക ബാധ്യത വരുത്തി
By Anonymous 7/20/2011 08:12:00 AM






