ബുധനാഴ്ച വൈകിട്ട് മുംബൈയില്‍ മൂന്നിടത്തുണ്ടായ സ്‌ഫോടനങ്ങള്‍ ഭീകരാക്രമണമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. സ്‌ഫോടനത്തിനുപയോഗിച്ച വസ്തുക്കളുടെ സ്വഭാവത്തില്‍ നിന്നാണ് അക്രമത്തിനു പിന്നില്‍ ഭീകരരാണെന്ന് വിലയിരുത്തുന്നത്. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ദേശീയ അന്വേഷണ ഏജന്‍സി സംഘം മുംബൈക്ക് തിരിച്ചിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തെത്തുടര്‍ന്ന് മുംബൈക്കുപുറമെ ഡല്‍ഹിയിലും അതിജാഗ്രതാ നിര്‍ദേശം നല്കിയിട്ടുണ്ട്. ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെല്ലാം അതിജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് പട്രോളിങ് ശക്തമാക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാറുകള്‍ക്കും നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷാസംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. ഗുജറാത്തിലും കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലും പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്.
ഡല്‍ഹിയില്‍ ബുധനാഴ്ച വൈകിട്ടോടെ വിമാനത്താവളങ്ങളിലും മെട്രോ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി. തലസ്ഥാനത്തെ പ്രധാന മാര്‍ക്കറ്റുകളിലെല്ലാം കൂടുതല്‍ പോലീസുകാരെ നിയോഗിച്ചു. ഇരുചക്രവാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മെട്രോ സ്റ്റേഷനുകളിലും വിമാനത്താവളത്തിലും ശരീരപരിശോധന സി.ഐ.എസ്.എഫ്. ശക്തമാക്കി. സ്‌ഫോടനത്തെത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ്, ആഭ്യന്തര സുരക്ഷാ സെക്രട്ടറി യു.കെ. ബന്‍സല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






