
സ്വയം ഒഴിയുന്നതിന് കൈയേറ്റക്കാര്‍ക്ക് അനുവദിച്ച സമയപരിധി അവസാനിച്ചതിന് പിന്നാലെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മൂന്നാറില്‍. ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ച 'നിയമവഴിയില്‍ ഒഴിപ്പിക്കല്‍' ദൗത്യം തിങ്കളാഴ്ച ആരംഭിക്കാനും നേരിട്ട് നേതൃത്വം നല്‍കാനുമാണ് മന്ത്രി എത്തിയത്. ഞായറാഴ്ച രാത്രി 8.30ഓടെ മൂന്നാറില്‍ എത്തിയ അദ്ദേഹം ഗെസ്റ്റ് ഹൗസില്‍ ജില്ലാ കലക്ടര്‍ ഇ. ദേവദാസ് അടക്കമുള്ള ഉദ്യോഗസ്ഥരുമായി നടപടികള്‍ ചര്‍ച്ച ചെയ്തു. ദേവികുളം സബ് കലക്ടര്‍ രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ തയാറാക്കിയ 'ഒഴിപ്പിക്കല്‍ പട്ടിക' പ്രകാരമാണ് ദൗത്യം ആരംഭിക്കുക.
150 ഓളം സ്ഥലങ്ങളാണത്രേ തയാറായ പട്ടികയില്‍. ഇതില്‍ നടപടിക്രമം പൂര്‍ത്തിയാക്കിയവ ഏറ്റെടുത്തതായി പ്രഖ്യാപിക്കുച്ച് ബോര്‍ഡ് സ്ഥാപിക്കുകയുമാകും ഉണ്ടാകുക. ചിന്നക്കനാലിലാകും തുടക്കം എന്നാണ് സൂചന. ഇവിടെ സൂപ്പര്‍ താരത്തിന്‍േറതെന്ന് പറയപ്പെടുന്ന ഭൂമി, ഹെലിപാഡ് നിര്‍മിച്ച് വരുന്ന വന്‍കിടക്കാരന്റെ സ്ഥലം, സിമന്റ്പാലത്തെ കൈയേറ്റം, എച്ച്.എന്‍.എല്‍ ഭൂമി കൈയേറ്റം എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ഭൂമിയെന്ന ബോര്‍ഡ് സ്ഥാപിച്ചേക്കും.
വിരിപാറ, അഞ്ചുനാട് മേഖലയിലെ കൈയേറ്റങ്ങളും തിങ്കളാഴ്ച തന്നെ ബോര്‍ഡ് സ്ഥാപിച്ച് ഏറ്റെടുത്താല്‍ മതിയാകും. ഒരാഴ്ചക്കകം പതിനായിരം ഏക്കര്‍ വീണ്ടെടുക്കാനാണ് നീക്കം. ദൗത്യസംഘങ്ങള്‍ നേരത്തേ ബോര്‍ഡ് സ്ഥാപിച്ച് ഏറ്റെടുത്ത ഭൂമി നഷ്ടമായത് വീണ്ടെടുക്കാനും മുന്‍ഗണന നല്‍കും. ബോര്‍ഡ് സ്ഥാപിച്ച് പിടിച്ചെടുക്കുന്ന ഭൂമി നഷ്ടമാകാതിരിക്കാനും സംരക്ഷണം ഉറപ്പാക്കാനും അതത് വില്ലേജ് ഓഫിസര്‍മാരെയും ഏരിയാ തിരിച്ച് വെവ്വേറെ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയേക്കും.
ഒഴിപ്പിക്കല്‍ തുടങ്ങുന്നതോടെ നിയമക്കുരുക്ക് പരമാവധി ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു. കൈയേറ്റക്കാര്‍ കോടതിയെ സമീപിച്ചാല്‍ സര്‍ക്കാര്‍ ഭാഗം കേള്‍ക്കാതെ തുടര്‍ നടപടി അരുതെന്ന് അഭ്യര്‍ഥിച്ച് കവേറ്റ് നല്‍കും. കൂടാതെ മരവിച്ച് കിടക്കുന്ന കേസുകളില്‍ നടപടി ത്വരിതപ്പെടുത്തി ഭൂമി വീണ്ടെടുക്കല്‍ പ്രക്രിയ സാധ്യമാക്കാന്‍ ഗവ. പ്ലീഡര്‍ക്ക് നിര്‍ദേശം നല്‍കി. നിയമപരമായ നടപടിക്രമങ്ങളിലൂടെ മാത്രം ഒഴിപ്പിക്കല്‍ ഉദ്ദേശിക്കുന്നതിനാലും സര്‍വകക്ഷി അംഗീകാരത്തോടെയുള്ള നീക്കമായതിനാലും നടപടികളില്‍ പ്രതിസന്ധി പ്രതീക്ഷിക്കുന്നില്ല. ഇടിച്ചുപൊളിക്കുന്നില്ലെന്നതിനാല്‍ സംഘര്‍ഷ സാധ്യതയും കുറവ്. എന്നാല്‍, നിയമക്കുരുക്കുണ്ടാക്കി ദൗത്യം പരാജയപ്പെടുത്താന്‍ സാധ്യത ഏറെയാണ്. കൈയേറ്റ ഭൂമിയില്‍ പലതിന്റെയും ആധികാരിക രേഖ ബന്ധപ്പെട്ട ഓഫിസുകളില്‍ ലഭ്യമല്ലാത്തത് പ്രശ്‌നമാകും.






