Random Posts

Sunday, July 17, 2011

മൂന്നാറില്‍ ആറ് ദിവസത്തിനിടെ ഒഴിപ്പിച്ചെടുത്തത് 864.5 ഏക്കര്‍

മൂന്നാറില്‍ കൈയേറ്റക്കാരില്‍ നിന്നും ഭൂമി തിരിച്ചുപിടിക്കല്‍ ശനിയാഴ്ചയും തുടര്‍ന്നു. 172.5 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് ശനിയാഴ്ച വീണ്ടെടുത്തത്. ഭൂമി കൈയേറുകയും ഏലക്കായും ഏലത്തട്ടയും മോഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിവെച്ച ഒഴിപ്പിക്കല്‍ നടപടികളാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തുടരുന്നത്. ഇതുവരെ 864.5 ഏക്കറാണ് ബോര്‍ഡ് സ്ഥാപിച്ച് വീണ്ടെടുത്തത്.

കെ.ഡി.എച്ച് വില്ലേജില്‍ ചൊക്കനാട് മലയില്‍ 51, 179/2 എന്നീ സര്‍വേ നമ്പറുകളില്‍പെട്ട 142 ഏക്കര്‍ സ്ഥലമാണ് ദേവികുളം അഡീഷനല്‍ തഹസില്‍ദാര്‍ വി.കെ. രാജന്‍,ഡെപ്യൂട്ടി തഹസില്‍ദാര്‍ വില്‍സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരിച്ചുപിടിച്ചത്. കെ.ഡി.എച്ച് റിസംപ്ഷന്‍ ഓഫ് ലാന്‍ഡ് ആക്ട് പ്രകാരം കണ്ണന്‍ദേവന്‍ കമ്പനിയില്‍ നിന്നും മിച്ച ഭൂമിയായി സര്‍ക്കാര്‍ തിരിച്ചുപിടിച്ച് സൂക്ഷിച്ച ഭൂമിയാണ് വീണ്ടെടുത്തത്. ഇവിടെ കൈയേറ്റം നടക്കുന്നതായി വിവരം ലഭിച്ച സബ് കലക്ടര്‍ എം.ജി. രാജമാണിക്യം നിര്‍ദേശിച്ചതനുസരിച്ചാണ് റവന്യൂ സംഘം പരിശോധന നടത്തിയത്.

ഉടുമ്പന്‍ചോല താലൂക്കില്‍ ചിന്നക്കനാല്‍ വില്ലേജില്‍ 30.5 ഏക്കറും തിരിച്ചുപിടിച്ചു. സൂര്യനെല്ലി വിലക്കില്‍ മുന്‍ മൂന്നാര്‍ ദൗത്യസംഘ തലവന്‍ കെ.എം. രാമാനന്ദന്റെ നേതൃത്വത്തില്‍ 2009 ല്‍ തിരിച്ചുപിടിച്ച 13.5 ഏക്കര്‍ ഭൂമിയില്‍ വീണ്ടും കൈയേറിയതാണ് ഇവിടെ വീണ്ടെടുത്തത്. ഏതാനും ദിവസമായി ഈ വസ്തുവിലെ ഏലച്ചെടികളില്‍ നിന്നും വ്യാപകമായി ഏലക്കായ് കടത്തിയതും ഉടുമ്പന്‍ചോല തഹസില്‍ദാര്‍ വി.ആര്‍. മോഹനപിള്ളയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തി. കൂടാതെ ആയിരക്കണക്കിന് ഏല തട്ടകളും മോഷണം പോയിട്ടുണ്ട്. ഇതുസംബന്ധിച്ച റവന്യൂ വകുപ്പ് എല്‍.സി കേസെടുത്ത് അന്വേഷണം പൊലീസിന് കൈമാറി. കലക്ടര്‍ ഇ. ദേവദാസ്,ദേവികുളം സബ് കലക്ടര്‍ രാജമാണിക്യം എന്നിവര്‍ ഇവിടെയെത്തി നഷ്ടം തിട്ടപ്പെടുത്തി.