ജില്ലാ പഞ്ചായത്ത് കാര്യാലയത്തോട് ചേര്‍ന്ന് പുതുതായി പണിയാന്‍ തീരുമാനിച്ച കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങാണ് എല്‍.ഡി.എഫ് പ്രതിഷേധത്തില്‍ സംഘര്‍ഷഭരിതമായത്.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നിനാണ് ചടങ്ങ് തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു ശിലാസ്ഥാപനം നടത്തേണ്ടിയിരുന്നത്. പക്ഷേ, എട്ട് മാസം മുമ്പ് കുടപ്പനക്കുന്ന് സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ ജില്ലാ ആസൂത്രണ സമിതി ആസ്ഥാനത്തിന് അന്നത്തെ തദ്ദേശമന്ത്രി പാലോളി മുഹമ്മദ് കുട്ടി തറക്കല്ലിട്ടതാണെന്നും നിര്‍മാണം തുടങ്ങാനിരിക്കെ അത് അവിടെനിന്ന് മാറ്റി ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് കാര്യാലയ വളപ്പില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
ഇതിനിടെ ശശിതരൂര്‍ എം.പി യെത്തി. സംഭവം കണ്ടുനിന്ന എല്‍.ഡി.എഫ് പ്രവര്‍ത്തകരില്‍ ചിലരും ജില്ലാ പഞ്ചായത്തിലെ പ്രതിപക്ഷാംഗങ്ങളും ചേര്‍ന്ന് മുദ്രാവാക്യം വിളിച്ച് ഉദ്ഘാടന വേദിയില്‍ കയറി കസേരകള്‍ അടിച്ചുതകര്‍ക്കുകയും ശിലാഫലകം നശിപ്പിക്കുകയും ചെയ്തു. പൊലീസെത്തി പ്രതിഷേധക്കാരെ വിരട്ടിയോടിച്ചു. സംഘര്‍ഷഭരിതമായതോടെ ചടങ്ങിന് മുഖ്യമന്ത്രി എത്തില്ലെന്ന് അറിയിപ്പ് വന്നു. ഇതോടെ തീരുമാനിച്ച സമയത്ത് ഉദ്ഘാടനം നടത്താന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായരും എം.എല്‍.എ എ.ടി. ജോര്‍ജും ഉള്‍പ്പെടെയുള്ളവര്‍ തീരുമാനിച്ചു.
പൊലീസ് വലയം തീര്‍ത്ത വേദിയില്‍ ശിലാഫലകം അനാച്ഛാദനം ചെയ്തതായി പ്രഖ്യാപിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങ് കഴിഞ്ഞതോടെ പൊലീസിനെ സ്ഥലത്തുനിന്ന് നീക്കി. പൊലീസ് മാറിയതോടെ പ്രതിഷേധക്കാരില്‍ ചിലര്‍ ഓടിയെത്തി വീണ്ടും കസേരകള്‍ എടുത്തെറിഞ്ഞും കല്ലുകള്‍ വലിച്ചെറിഞ്ഞും സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇതോടെ വേദിയില്‍നിന്ന ജില്ലാപഞ്ചായത്തിലെ ഭരണപക്ഷ അംഗങ്ങളും തിരിച്ച് കല്ലെറിഞ്ഞു. സംഭവം കൈയാങ്കളിയിലേക്ക് കടന്നതോടെ പൊലീസ് വീണ്ടുമെത്തി സ്ഥിതി നിയന്ത്രിച്ചു. കമീഷണര്‍ എ.ടി.ജോര്‍ജ് എം.എല്‍.എയുമായി നടത്തിയ ചര്‍ച്ചയില്‍ പരാതി നല്‍കിയാല്‍ നടപടിസ്വീകരിക്കാമെന്ന ഉറപ്പില്‍ പ്രശ്‌നം പരിഹരിക്കുകയായിരുന്നു.






