Random Posts

Thursday, July 7, 2011

40 കഴിഞ്ഞവരെ ഡി.വൈ.എഫ്.ഐ.ഒഴിവാക്കുന്നു


40 വയസ്സ് കഴിഞ്ഞവരെ ഡി.വൈ.എഫ്.ഐ. ഭാരവാഹിത്വത്തില്‍നിന്നും സംഘടനയില്‍നിന്നും മാറ്റുന്നു. ഇതിന്റെ ഭാഗമായി കൊല്ലത്ത് നേരത്തേ ഒഴിവാക്കിയ 12 പേര്‍ക്കുപുറമേ പത്തുപേരെക്കൂടി ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കും.

ബുധനാഴ്ച പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം എം.എ.ബേബിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന പാര്‍ട്ടി ജില്ലാ കമ്മിറ്റി, പത്തനാപുരത്തു നിന്നുള്ള മൂന്ന് നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ രാമകൃഷ്ണന്‍, ചന്ദ്രശേഖരന്‍ എന്നിവരെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കാനാണ് തീരുമാനം.

മദ്യപാനം പോലെയുള്ള സ്വഭാവദൂഷ്യം ഇവര്‍ക്കെതിരെ ആരോപിച്ചിരുന്നു. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം മീരാപ്പിള്ളയ്ക്ക് ബിസിനസ് താത്പര്യങ്ങളുണ്ടെന്ന് പാര്‍ട്ടി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പേരില്‍ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടാനും തീരുമാനിച്ചു.

ഇവര്‍ മൂന്നുപേരുടെയും പ്രവര്‍ത്തനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി മത്സരിച്ച പത്തനാപുരത്ത് ദോഷംചെയ്തുവെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ജനങ്ങള്‍ക്കിടയില്‍ അത് അവമതിപ്പുണ്ടാക്കി.

പി.ശശിക്കെതിരെ നിയമസഭാ തിരഞ്ഞെടുപ്പിനുമുമ്പ് നടപടി വേണ്ടിയിരുന്നുവെന്ന് ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായമുയര്‍ന്നു. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം കിട്ടാന്‍ വൈകിയതുകൊണ്ടാണ് അത് കഴിയാതെ പോയതെന്ന് എം.എ.ബേബി വ്യക്തമാക്കി. പി.കെ.ഗുരുദാസനും യോഗത്തില്‍ പങ്കെടുത്തു.

പരിയാരം മെഡിക്കല്‍ കോളേജില്‍ മകള്‍ക്ക് സീറ്റ് സംഘടിപ്പിച്ച ഡി.വൈ.എഫ്.ഐ. മുന്‍ സംസ്ഥാന ട്രഷറര്‍ രമേശനെതിരെ സ്വീകരിച്ച നടപടിയും ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു.