Random Posts

Thursday, July 21, 2011

കരിപ്പൂര്‍ റണ്‍വേ നിര്‍മാണത്തില്‍ അഴിമതി


കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ വീതി കൂട്ടലുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മുന്‍ സീനിയര്‍ മാനേജര്‍ക്കെതിരെ അടക്കം സി.ബി.ഐ പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍) സമര്‍പ്പിച്ചു.

മുന്‍ സീനിയര്‍ മാനേജര്‍ പ്രകാശ് കജ്ജങ്ങര്‍, മുന്‍ അസി. സീനിയര്‍ എല്‍. ശ്രീധര്‍, മുന്‍ അസി.മാനേജര്‍ ബിനോ ബേബി എന്നിവരെ പ്രതികളാക്കിയാണ് കൊച്ചി യൂനിറ്റ് എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ദല്‍ഹിയിലെ ബി.ആര്‍ അറോറ ആന്‍ഡ് അസോസിയേറ്റ്‌സ് അധികൃതരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി.

2008 -'09 വര്‍ഷത്തില്‍ റണ്‍വേ നിര്‍മാണം, അനുബന്ധ ജോലികള്‍ എന്നിവയുടെ കരാര്‍ ഏറ്റെടുത്ത അറോറ അസോസിയേറ്റ്‌സുമായി ഗൂഢാലോചന നടത്തിയ പ്രതികള്‍ കേന്ദ്ര സര്‍ക്കാറിന് വന്‍തുക നഷ്ടം വരുത്തിയെന്നാണ് സി.ബി.ഐ കേസ്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ 2007 ജനുവരി 19നാണ് അറോറയുമായി കരാര്‍ ഉണ്ടാക്കിയത്. 17,32,34,656 രൂപയാണ് കരാര്‍തുക നിശ്ചയിച്ചത്.എന്നാല്‍,വ്യാജ ഇന്‍വോയ്‌സിന്മേല്‍ ടാര്‍ ഉപയോഗിക്കുക വഴി സര്‍ക്കാറിന് 53,06,578 രൂപയുടെ നഷ്ടം വരുത്തിയെന്നാണ് സി.ബി.ഐ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

എയര്‍പോര്‍ട്ട് അധികൃതരുടെ അറിവോടെ നടന്ന തട്ടിപ്പില്‍ സീനിയര്‍ മാനേജര്‍മാര്‍ അടക്കം സാമ്പത്തിക നേട്ടമുണ്ടാക്കിയതായി എഫ്.ഐ.ആറില്‍ ആരോപിച്ചു. ഗൂഢാലോചന, ചതി, വ്യാജ രേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. സി.ബി.ഐ കൊച്ചി യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ ജെ.ആര്‍. ഡിക്രൂസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.