
കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച് 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് കേരളവും ദേശീയ താപോര്‍ജകോര്‍പ്പറേഷനും (എന്‍.ടി.പി.സി) ധാരണയിലെത്തി. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ കേരളത്തിനുവേണ്ടി ഊര്‍ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എസ്.സുബ്ബയ്യയും എന്‍.ടി.പി.സിക്കുവേണ്ടി വാണിജ്യ വിഭാഗം ഡയറക്ടര്‍ ഇന്ദ്രജിത് കപൂറും തിങ്കളാഴ്ച ഒപ്പുവെച്ചു. കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി.വേണുഗോപാല്‍, സംസ്ഥാന വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
യു.ഡി.എഫ് സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആര്യാടന്‍ പറഞ്ഞു. കേരളത്തില്‍ കാറ്റില്‍ നിന്ന് 600 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഈ മേഖലയില്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് 34 മെഗാവാട്ടാണ്. ഇതില്‍ സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്നത് രണ്ടു മെഗാവാട്ട് മാത്രം. കേരളത്തില്‍ ഒരു ദിവസം 3100 മെഗാവാട്ട് വേണമെങ്കിലും ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നത് 1800 മെഗാവാട്ട് മാത്രമാണ്. ബാക്കി പുറത്തുനിന്നു വാങ്ങുകയാണ്. ജലവൈദ്യുത പദ്ധതികള്‍ക്ക് അനുമതി നേടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ കാറ്റില്‍ നിന്നുള്ള വൈദ്യുതി മാത്രമാണ് രക്ഷയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാരമ്പര്യേതര ഊര്‍ജ രംഗത്ത് കേരളത്തിനുള്ള സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനായിട്ടില്ലെന്ന് വേണുഗോപാല്‍ വിലയിരുത്തി. വൈദ്യുതി ഉത്പാദനത്തിന് കാറ്റാടികള്‍ സ്ഥാപിക്കുന്നതിനായി രാമക്കല്‍മേട്, അട്ടപ്പാടി, കഞ്ചിക്കോട്, ഉടുമ്പന്‍ചോല തുടങ്ങിയ സ്ഥലങ്ങള്‍ എന്‍.ടി.പി.സി. തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിനായി കൂടുതല്‍ സ്ഥലം കണ്ടെത്താന്‍ എന്‍.ടി.പി.സിക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. സ്ഥലമെടുപ്പ് അടക്കമുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കിയാല്‍ പദ്ധതി വേഗത്തില്‍ നടപ്പാക്കാനാവും. സ്ഥലം കിട്ടിയാല്‍ ഒരു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ഥ്യമാക്കാമെന്ന് എന്‍.ടി.പി.സി. ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
രാമക്കല്‍മേട്ടില്‍ സര്‍ക്കാരിന്റെ പക്കലുള്ള 300ല്‍ പരം ഏക്കര്‍ ഭൂമി കാറ്റാടിപ്പാടമാക്കി മാറ്റാന്‍ സര്‍ക്കാര്‍ നടപടികളാരംഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായിത്തന്നെ പദ്ധതി പ്രവര്‍ത്തനത്തിനു തുടക്കമിടാനാണ് പരിപാടി. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ വി.പി.ജോയിയും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.






