അനന്തപത്മനാഭന്റെ അജ്ഞാത നിലവറകള്‍ അവര്‍ണനീയ മായക്കാഴ്ചകളായി അനാവരണം ചെയ്യപ്പെടുന്നതിന്റെ സസ്‌പെന്‍സിന് വിരാമമാകും മുമ്പുതന്നെ ഇതുമായി ബന്ധപ്പെട്ട് വാദപ്രതിവാദങ്ങള്‍ കൊഴുക്കുന്നു. ചരിത്രത്തിന്റെയും വിശ്വാസത്തിന്റെയും രാഷ്ട്രീയത്തിന്റെയും നിയമത്തിന്റെയും വേറിട്ട കുഴല്‍ക്കണ്ണാടികളിലൂടെ അനന്തപുരിയിലെ നിധിവീണ്ടെടുപ്പ് സസൂക്ഷ്മം നിരീക്ഷിച്ചവരാണ് അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
ഏകദേശം 950 വര്‍ഷം ഭരണം നടത്തിയ തിരുവിതാംകൂര്‍ രാജപരമ്പരയാണ് ശ്രീപത്മനാഭന്റെ അമൂല്യനിധി സുരക്ഷിതമായി സംരക്ഷിച്ചതെന്നകാര്യത്തില്‍ അഭിപ്രായ വ്യത്യാസത്തിന് പഴുതില്ല. പക്ഷേ, ഇവയത്രയും കുലദേവതയ്ക്ക് കാഴ്ചയായി അര്‍പ്പിക്കപ്പെട്ടതാണോ എന്നും മറ്റുമുള്ള തര്‍ക്കങ്ങളാണ് ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നത്. മാര്‍ത്താണ്ഡവര്‍മ്മയെ ഒഴിവാക്കിയാല്‍ യുദ്ധവീരന്‍മാരെന്ന ഖ്യാതി പിടിച്ചുപറ്റിയ രാജാക്കന്‍മാര്‍ ഈ പരമ്പരയില്‍ ഏറെയില്ലെന്നിരിക്കെ കീഴടക്കിയ രാജ്യങ്ങളില്‍ നിന്ന് കൊള്ള ചെയ്തുകൊണ്ടുവന്ന നിധികള്‍ ശ്രീപത്മനാഭന് സമര്‍പ്പിക്കപ്പെട്ടു എന്ന വാദം പ്രസക്തമല്ല. ബ്രഹ്മകോപത്തിന് ഇരയായവരില്‍ നിന്നും, അയിത്തം ലംഘിച്ചവരില്‍ നിന്നും മറ്റുമുള്ള പിഴ ശ്രീപത്മനാഭന്റെ പാദാന്തികത്തില്‍ അര്‍പ്പിക്കുന്ന പതിവ് രാജാക്കന്‍മാര്‍ക്ക് ഉണ്ടായിരുന്നത്രേ. വിദേശികളില്‍നിന്നും സൂറത്ത് ഉള്‍പ്പെടെയുള്ള രാജവംശങ്ങളില്‍ നിന്നും ലഭിച്ച ഉപഹാരങ്ങളും ഇപ്രകാരം സമര്‍പ്പിക്കപ്പെട്ട നിധിസഞ്ചയത്തില്‍ ഉള്‍പ്പെടുന്നു. ക്രിസ്തുവിന് മുമ്പുതന്നെ തിരുവിതാംകൂറുമായി വിദേശസമൂഹങ്ങള്‍ക്കുണ്ടായിരുന്ന വ്യാപാരബന്ധത്തിന്റെ തിരുശേഷിപ്പുകള്‍ സ്വര്‍ണ്ണ നാണയങ്ങളായി രാജപരമ്പരയുടെ ഖജനാവിലൂടെ ക്ഷേത്ര ഭണ്ഡാരത്തിലേക്ക് എത്തിയിരുന്നു. പ്രജാവത്സലരും രാജ്യസ്‌നേഹികളുമായിരുന്ന തിരുവിതാംകൂര്‍ രാജവംശം സമാന്തര ഖജനാവായാണ് ശ്രീപത്മനാഭ നിലവറയെ കണക്കാക്കിയിരുന്നതെന്ന നിഗമനം പ്രബലമാണ്. ക്ഷാമകാലങ്ങളില്‍ കുലദൈവത്തിന്റെ മൗനാനുവാദം നേടി ശ്രീപത്മനാഭ ദാസന്‍മാരായ രാജാക്കന്‍മാര്‍ ഈ നിധികുംഭങ്ങളില്‍ നിന്ന് സ്വത്ത് കടമെടുക്കാറുണ്ടായിരുന്നത്രേ. ബ്രിട്ടീഷുകാരുടെ കൗശലബുദ്ധിയില്‍ ഈ നിലവറയെപ്പറ്റിയുള്ള കഥകള്‍ എത്തിയിരുന്നെങ്കില്‍ മയൂരസിംഹാസനത്തിന്റെയും കോഹിനൂര്‍ രത്‌നത്തിന്റെയും വിധി അനന്തപുരിയിലും ആവര്‍ത്തിക്കുമായിരുന്നു.
തിരുവിതാംകൂര്‍ രാജവംശം ഭക്തര്‍ക്കായി ദാനംചെയ്ത ക്ഷേത്രത്തിന്റെ സ്വത്ത് ക്ഷേത്രത്തിന് തന്നെ അവകാശപ്പെട്ടതാണെന്നും ഇതിന്റെ സംരക്ഷണച്ചുമതല ഏറ്റവും സൂക്ഷ്മതയോടെ സംസ്ഥാന സര്‍ക്കാര്‍ നിറവേറ്റുമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മതഭേദമെന്യേ എല്ലാ വിവേകമതികളും സ്വാഗതം ചെയ്യും.
സുപ്രീംകോടതി നിയോഗിച്ച ഉന്നതസമിതി അതീവശ്രദ്ധയോടെ നടത്തിയ പരിശോധനയില്‍ ഒരുലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന മഹാനിധി സഞ്ചയമാണ് കണ്ടെടുത്തിരിക്കുന്നത്. ഇവയുടെ പൈതൃകമൂല്യം നിര്‍ണയിക്കേണ്ടത് അതിവിദഗ്ധരാണെന്നിരിക്കെ ഇതുവരെ പുറത്തുവന്ന കണക്കുകള്‍ യഥാര്‍ത്ഥമാകാന്‍ യാതൊരു സാധ്യതയുമില്ല. സുപ്രീംകോടതിയില്‍ നിന്നാണ് ഇതുസംബന്ധിച്ച് ഫലപ്രദമായ നടപടികള്‍ ഉണ്ടാകേണ്ടത്. ഈ മൂല്യനിര്‍ണയ പ്രക്രിയ തന്നെ ഏറെ സമയം പിടിക്കുന്നതും സങ്കീര്‍ണവുമാകുമെന്നിരിക്കെ ശ്രീപത്മനാഭ സന്നിധിയില്‍ അറിയപ്പെടാതെ കഴിഞ്ഞുപോന്ന നിധിശേഖരം എത്ര കോടി രൂപയുടേതാണെന്നതിനെപ്പറ്റിയുള്ള തര്‍ക്കം അനന്തമായി നീണ്ടുപോയേക്കും.
യഥാര്‍ത്ഥമൂല്യം എത്രതന്നെ ആയിരുന്നാലും ഇന്ത്യയിലെ സമ്പന്നക്ഷേത്രങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് ശ്രീപത്മനാഭക്ഷേത്രം എത്തിക്കഴിഞ്ഞതായാണ് അനൗദ്യോഗിക കണക്ക്. ഇതുവരെ ഏറ്റവും മുന്നിലായിരുന്ന തിരുപ്പതി ദേവസ്ഥാനത്തിന്റെ ആസ്തി 55,000 കോടി രൂപയുടേതാണ്. ഇന്ത്യയില്‍ ഏതാനും സമ്പന്നക്ഷേത്രങ്ങള്‍കൂടി പഴയ രാജകുടുംബങ്ങളുടെ അധീനതയില്‍ ഉണ്ടെങ്കിലും അവയുടെയെല്ലാംകൂടി ആസ്തിപോലും ശ്രീപത്മനാഭ ക്ഷേത്രത്തിന്റെയത്ര വരില്ല.
പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ തന്നെ ശബരിമലയും ഗുരുവായൂരും ഒറീസയിലെ പുരി ജഗന്നാഥ, ഗുജറാത്തിലെ സോമനാഥ, കൊല്ലൂര്‍ മൂകാംബിക, മധുര മീനാക്ഷി, അമൃത്‌സറിലെ സുവര്‍ണ്ണക്ഷേത്രങ്ങള്‍ ഏറെ മുന്നിലാണെങ്കിലും തിരുവിതാംകൂര്‍ രാജവംശം ജീവശ്വാസം പോലെ കാത്തുസൂക്ഷിച്ചുപോന്ന അമൂല്യനിധിസഞ്ചയം ശ്രീപത്മനാഭ ക്ഷേത്രത്തെ ആരോരുമറിയാതെ തന്നെ ഏറ്റവും വലിയ സമ്പന്നദേവാലയമാക്കി നിലനിര്‍ത്തിപ്പോന്നു.