തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പി.ജി. പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി, സുപ്രീം കോടതി വിധികളുടെ പശ്ചാത്തലത്തില്‍ എല്‍ഡിഎഫും സ്വാശ്രയ മാനേജ്‌മെന്റുകളും ആത്മപരിശോധന നടത്തി, ഇനിയങ്ങോട്ടെങ്കിലും സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
സര്‍ക്കാരിനുള്ള അമ്പതു ശതമാനം സീറ്റുകളില്‍ സംവരണതത്വങ്ങള്‍ പാലിച്ചുകൊണ്ട് പ്രവേശനം നടത്തും. പ്രവേശനത്തിന്റെ കാര്യത്തിലും ഫീസിന്റെ കാര്യത്തിലും സാമൂഹികനീതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളോട് മാനേജ്‌മെന്റുകള്‍ സഹകരിക്കണമെന്നും അദ്ദേഹം ചേബറില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. എല്‍ഡിഎഫ് അക്രമ സമരങ്ങള്‍ അവസാനിപ്പിക്കണം. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ വികൃത മുഖമാണ് പരിയാരത്തു കണ്ടത്. ഒരുവശത്ത് സാമൂഹികനീതിയുടെ പേരു പറഞ്ഞ് പാവപ്പെട്ട വിദ്യാര്‍ഥികളെ സമരമുഖത്തേക്കിറക്കിവിടുകയും മറുവശത്ത് പ്രവേശനകാര്യത്തില്‍ ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ അതേ നിലപാട് സ്വീകരിക്കുകയുമാണ് അവര്‍. മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയെപ്പോലെ വേട്ടയാടുകയും ചെയ്യുന്ന അവരുടെ തനിനിറം ജനത്തിനു ബോധ്യമായിട്ടുണ്ട്. പരിയാരത്ത് തുട്ടു മേടിച്ചവര്‍ക്ക് പാര്‍ട്ടിക്കു പുറത്താണ് സ്ഥാനമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞിരുന്നു. ആരാണ് പുറത്തായത്. ഒരു രമേശന്‍ മാത്രം. സമരം കണ്ടാല്‍ പേടിക്കുന്ന സര്‍ക്കാരല്ല ഇത്. അക്രമസമരങ്ങള്‍കൊണ്ട് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താമെന്ന് ആരും കരുതുകയുംവേണ്ട. സാമൂഹികനീതിയില്‍ സിപിഎമ്മിന് ആത്മാര്‍ത്ഥത ഉണ്ടായിരുന്നുവെങ്കില്‍ പരിയാരംവിഷയം സംഭവിക്കുമായിരുന്നില്ല.
കേരളം പോലൊരു സംസ്ഥാനത്ത് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സാമൂഹിക നീതി നിഷേധിച്ച് ആര്‍ക്കെങ്കിലും മുന്നോട്ടുപോകാനാകുമോയെന്നും അങ്ങനെ നീങ്ങിയാല്‍ ഒരു സര്‍ക്കാരിന് അത് അംഗീകരിക്കാനാവുമോയെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പക്ഷെ, സാമൂഹികനീതി നിഷേധിച്ചുകൊണ്ടാവരുതെന്ന് സര്‍ക്കാരിനു നിര്‍ബന്ധമുണ്ട്. സാമൂഹികനീതിയും ന്യൂനപക്ഷ അവകാശങ്ങളും സമന്വയിപ്പിച്ചുപോകാന്‍ തയ്യാറുള്ള ഗവണ്‍മെന്റുമായി ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ സഹകരിക്കാന്‍ തയ്യാറാകണം. അഞ്ചു വര്‍ഷം ഭരിച്ചിട്ടും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് പരിഹരിക്കാന്‍ കഴിയാത്തതാണ് സ്വാശ്രയ വിഷയം. 50:50 പ്രവേശനത്തിന് ഇവിടെ അനുമതിയില്ലായിരുന്നു. സ്റ്റേ നീക്കാനാണ് ഈ സര്‍ക്കാര്‍ ആദ്യം ശ്രമിച്ചത്. എ.കെ.ആന്റണി എടുത്ത നിലപാട് അട്ടിമറിച്ചതാണ് കഴിഞ്ഞ സര്‍ക്കാരിനു സംഭവിച്ച ആദ്യത്തെ പാളിച്ച. ആന്റണി കൊണ്ടുവന്ന നിയമത്തിലെ ഒറ്റ വ്യവസ്ഥ ഒഴിച്ച് ബാക്കിയെല്ലാം കോടതി അംഗീകരിച്ചിരുന്നു. പിന്നീട് ഇടതു മുന്നണി അധികാരത്തില്‍വന്ന ശേഷം കഴിഞ്ഞ അഞ്ചുവര്‍ഷം നടന്ന കാര്യങ്ങളെല്ലാം എല്ലാവര്‍ക്കുമറിയാം. എന്നിട്ടാണിപ്പോള്‍ യുഡിഎഫ് സര്‍ക്കാരിനെ പഴിക്കുന്നത്. സര്‍ക്കാര്‍ വീഴ്ച വരുത്തിയത് ഏതു കാര്യത്തിലാണെന്ന് അവര്‍ വ്യക്തമാക്കണം. കോടതിയില്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കേണ്ട വിധത്തില്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ അനുകൂലമായ വിധി. സ്വാശ്രയ വിഷയവുമായി ബന്ധപ്പെട്ട് അഞ്ചു കൊല്ലമായി കോടതിയില്‍ നടക്കുന്നകേസില്‍ സര്‍ക്കാര്‍ ജയിക്കുന്നത് ആദ്യമാണ്.
യഥാസമയം സീറ്റ് അല്ലോട്ട് ചെയ്തില്ല എന്നാണ് എല്‍ഡിഎഫ് ഉന്നയിക്കുന്ന മറ്റൊരു ആക്ഷേപം. ഇത് അടിസ്ഥാനരഹിതമാണ്. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദു റബ്ബും ചുമതലയേല്ക്കുന്നത് മെയ് 23-നാണ്. 28-നുതന്നെ മാനേജ്‌മെന്റുകളുടെ യോഗം വിളിച്ചു. സീറ്റുകള്‍ അല്ലോട്ട് ചെയ്തുപോയെന്നും 50:50 പ്രവേശനം സാധ്യമല്ലെന്നുമായിരുന്നു ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ നിലപാട്. ഇത് ആരുടെ കുറ്റമാണ്. അവരുടേയോ അവര്‍ക്ക് കോഴ്‌സ് കൊടുത്തവരുടേയോ. എന്നാല്‍ സര്‍ക്കാര്‍ ഇതിനു കീഴടങ്ങുകയല്ല ചെയ്തത്. അമ്പതു ശതമാനം സീറ്റുകള്‍ ഏറ്റെടുക്കാന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരേ ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ കോടതിയെ സമീപിച്ചപ്പോഴും സര്‍ക്കാര്‍ കൈയ്യും കെട്ടിയിരുന്നില്ല. ഒരേസമയം സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേസ് നടത്തി. കോടതി വിധി വന്ന്് മിനിട്ടുകള്‍ക്കുള്ളില്‍ കൗണ്‍സലിംഗ് തുടങ്ങുകയും ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെ പൂര്‍ത്തിയാക്കുകയും ചെയ്തു.ഇത്രയുമൊക്കെയേ ഒരു സര്‍ക്കാരിനെകൊണ്ട് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂവെന്നു പറഞ്ഞ മുഖ്യമന്ത്രി കാര്യങ്ങള്‍ വേഗത്തിലാക്കിയതിന് മന്ത്രിമാരായ അടൂര്‍ പ്രകാശിനേയും അബ്ദുറബ്ബിനേയും അഭിനന്ദിക്കുകയും ചെയ്തു. മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഒത്തുകളിച്ചുവെന്ന് ആക്ഷേപം ഉന്നയിച്ചവര്‍ക്ക് ഇപ്പോള്‍ എന്താണു പറയാനുള്ളതെന്നും അദ്ദേഹം ചോദിച്ചു.







