Random Posts

Thursday, July 14, 2011

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം

സി.എസ്.ഐ. സഭയുടെ ആസ്ഥാനമായ എല്‍ .എം.എസ്. കോമ്പൗണ്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ക്രൂരമര്‍ദ്ദനം. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ശരത് കൃഷ്ണന്‍, ക്യാമറാമാന്‍ അയ്യപ്പന്‍, ഇന്ത്യ വിഷന്‍ ലേഖകന്‍ മാര്‍ഷല്‍ വി. സെബാസ്റ്റിയന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മാര്‍ഷല്‍ വി. സെബാസ്റ്റിയന്റെ തലയ്ക്ക് പോലീസിന്റെ ലാത്തിയടിയേല്‍ക്കുകയായിരുന്നു. മാര്‍ഷലിന് തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്.

കാരക്കോണം സീറ്റ് വിവാദവുമായി ബന്ധപ്പെട്ട് ബിഷപ്പ് ഹൗസിലെത്തിയ ഏഷ്യാനെറ്റ് വാര്‍ത്താ സംഘത്തിനുനേരെയാണ് ആദ്യം ആക്രമണം ഉണ്ടായത്. ഓഫീസില്‍ നിന്നിറങ്ങിയ ഇരുപത്തിയഞ്ചോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. ഇതില്‍ ഒരു പോലീസുകാരനും ഒരു ഡി.സി.സി. അംഗവും ഉണ്ടായിരുന്നതായി മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു. ലേഖകനെ നിലത്തിട്ട് ചവുട്ടിയ അക്രമികള്‍ കാമറയും മൊബൈല്‍ ഫോണും പിടിച്ചെടുത്തു.

അക്രമവുമായി ബന്ധപ്പെട്ട് എല്‍.എം.എസ് ബിഷപ്പ് ഹൗസിലെ സെക്യൂരിറ്റി ജീവനക്കാരനായ ഡേവിഡിനെയും മറ്റൊരാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയുന്ന 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ വാര്‍ത്താസംഘത്തിന്റെ കൈയില്‍ നിന്നും പിടിച്ചെടുത്ത ക്യാമറയിലെ ടേപ്പ് ഇതേ വരെ തിരികെ നല്‍കിയിട്ടില്ല.

ഇതില്‍ പ്രതിഷേധിച്ച് എല്‍.എം.എസിനുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തുന്നതിനിടെ വീണ്ടും അക്രമം നടന്നു. ഇതിലാണ് മാര്‍ഷല്‍ വി. സെബാസ്റ്റിയനന് പരിക്കേറ്റത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമരക്കാരെ സന്ദര്‍ശിച്ച് മടങ്ങിയ ഉടനെയാണ് രണ്ടാമത്തെ അക്രമം നടന്നത്. അക്രമം നടക്കുമ്പോള്‍ ഐ.ജി. പത്മകുമാര്‍ എല്‍. എം.എസ്. കോമ്പൗണ്ടിലുണ്ടായിരുന്നു.

പിന്നീട് സംസ്ഥാന പ്രസഡന്റ് വി. മുരളീധരന്റെ നേതൃത്വത്തില്‍ ബി.ജെ.പി., യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബിഷപ്പ് ഹൗസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് വി.വി. രാജേഷും സംബന്ധിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, പി.കെ.ശ്രീമതി, കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, എം.എല്‍. എ.മാരായ ഇ.പി.ജയരാജന്‍, വി.ഡി.സതീശന്‍, ടി. എന്‍. പ്രതാപന്‍, ഹൈബി ഈഡന്‍, കെ.ശിവദാസന്‍ നായര്‍, പി.സി.വിഷ്ണുനാഥ്, ആര്‍. എസ്.പി. നേതാവ് ടി.ജെ.ചന്ദ്രജൂഡന്‍ എന്നിവരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തി.

മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചതുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ റസലിയന്‍, എ.ആര്‍ ക്യാമ്പിലെ ജോണ്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ക്യാമറ തട്ടിയെടുത്തസംഘത്തില്‍ എ.എസ്.ഐ റസലിയന്‍ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

ഇതിനുശേഷം പിടിച്ചെടുത്ത ടേപ്പ് വിട്ടുതരണമെന്നും വാര്‍ത്താ സംഘത്തെ ആക്രമിച്ചവരെ അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തകള്‍ പ്രതിഷേധ റാലി നടത്തുകയും റോഡില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. എം.എല്‍.എ.മാരായ ടി.വി.രാജഷേ്, ആര്‍. രാജേഷ്, വി.എസ്. സുനില്‍കുമാര്‍, ഷാഫി പറമ്പില്‍, വി.ടി. ബല്‍റാം, കെ. എം. ഷാജി എന്നിവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരത്തില്‍ പങ്കുചേര്‍ന്നു.

അക്രമത്തില്‍ പ്രതിഷേധിച്ച് വിവിധ ജില്ലാ ആസ്ഥാനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി.