Random Posts

Tuesday, July 12, 2011

വൈദ്യുതിബോര്‍ഡ് ഓഫീസുകളില്‍ റെയ്ഡ്; വന്‍ ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡ്‌സെക്ഷന്‍ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. വൈദ്യുതി കണക്ഷന്‍ അനുവദിക്കുന്നതിനുള്‍പ്പെടെ ക്രമക്കേട് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയുടെ നിര്‍േദശാനുസരണം എ.ഡി.ജി.പി ശങ്കര്‍ റെഡ്ഢിയുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടന്നത്. പലയിടത്തും രാത്രി വൈകിയും പരിശോധന തുടരുകയാണ്.

'ഓപറേഷന്‍ ബ്രൈറ്റ്‌നസ്' എന്ന പേരില്‍ ഒരേ സമയം നടത്തിയ പരിശോധനയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി എ.ഡി.ജി.പി ശങ്കര്‍റെഡ്ഢി 'മാധ്യമ' ത്തോട് പറഞ്ഞു. ചിലയിടങ്ങളില്‍ കണക്കില്‍പ്പെടാതെ സൂക്ഷിച്ച പണവും കണ്ടെത്തിയതായാണ്‌വിവരം. കാര്‍ഷിക, ഗാര്‍ഹിക ഉപഭോഗത്തിനായി വൈദ്യുതി കണക്ഷനുകള്‍ എടുത്തശേഷം വ്യാവസായിക ആവശ്യങ്ങള്‍ക്കായി വൈദ്യുതി ഉപയോഗിക്കുന്നുവെന്ന് പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്. കേടായ മീറ്ററുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് സമര്‍പ്പിച്ച നൂറുകണക്കിന് അപേക്ഷകള്‍ കണ്ടെടുത്തു. പോസ്റ്റ് മാറ്റിസ്ഥാപിക്കല്‍ ഉള്‍പ്പെടെ അപേക്ഷകളും ഓഫിസുകളില്‍ കെട്ടിക്കിടക്കുകയാണ്.

തിരുവനന്തപുരത്ത് പൂജപ്പുര സെക്ഷന് കീഴില്‍ വെള്ളായണി കായലിന്‌സമീപം ഒരു സ്ത്രീയുടെ പേരില്‍ കൃഷി ആവശ്യത്തിന് വൈദ്യുതികണക്ഷന്‍ എടുത്തശേഷം വലിയൊരു സ്വിമ്മിങ്പൂള്‍ നടത്തുന്നതായി കണ്ടെത്തി. പല പ്രധാനപ്പെട്ട മല്‍സരങ്ങളും ഈ സ്വിമ്മിങ്പൂളില്‍ നടത്തുന്നുണ്ട്. കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള കണക്ഷനായതിനാല്‍ യൂനിറ്റിന്80 പൈസ അടച്ചാല്‍ മതി. ഈ കണക്ഷന്‍ വഴി സ്വിമ്മിങ്പൂള്‍ നടത്തുന്നതിനാല്‍ യൂനിറ്റിന് ഏഴ് പൈസയുടെ ലാഭം ഉടമക്ക് ലഭിക്കുന്നുണ്ടെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈദ്യുതിബോര്‍ഡ് ജീവനക്കാരുടെ അറിവില്ലാതെ ഇത് സാധ്യമാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നെടുമങ്ങാട് സെക്ഷന്‍ ഓഫിസില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതായാണ് വിവരം. ഇക്കാര്യം പരിശോധിച്ചുവരികയാണെന്ന് എ.ഡി.ജി.പി പറഞ്ഞു.

കേടായ മീറ്ററുകള്‍ മാറ്റിസ്ഥാപിക്കുന്നതിനുള്ള അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാതെ കിടക്കുന്നത് വ്യാപക ക്രമക്കേടിനും ബോര്‍ഡിന്റെ സാമ്പത്തികനഷ്ടത്തിനും കാരണമാകുന്നുവെന്നാണ് വിജിലന്‍സിന്റെ വിലയിരുത്തല്‍. മാറ്റിസ്ഥാപിക്കാന്‍ മതിയായ പുതിയ മീറ്ററുകള്‍ ഇല്ലെന്ന ന്യായമാണ് ബോര്‍ഡ് ജീവനക്കാര്‍ പറയുന്നത്. മീറ്റര്‍ കേടായതിനാല്‍ മുന്‍മാസങ്ങളിലെ ശരാശരി ഉപഭോഗം പരിഗണിച്ചുള്ള ബില്ലാണ് നല്‍കിവരുന്നത്. അതിനാല്‍ വലിയ നഷ്ടമാണ് ബോര്‍ഡിനുണ്ടാകുന്നത്.

കാസര്‍കോട്ട് പലയിടത്തും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി എടുത്ത കണക്ഷനുകള്‍ കച്ചവടസ്ഥാപനങ്ങള്‍ നടത്തുന്നതിനായി ഉപയോഗിക്കുന്നത് കണ്ടെത്തി. നിശ്ചിത യൂനിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിച്ചാല്‍ താരിഫില്‍ വ്യത്യാസം വരും. അത് മറികടക്കാന്‍ ചിലയിടങ്ങളില്‍ രണ്ടിലേറെ മീറ്ററുകള്‍ ഇത്തരത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു ബേക്കറിയില്‍ നാലും മറ്റൊരിടത്ത് മൂന്നും മീറ്ററുകള്‍ സ്ഥാപിച്ചത് കണ്ടെത്തി. ഫ്‌ളാറ്റുകള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിലും ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്.

വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കുമ്പോള്‍ ദൂരത്തെ അടിസ്ഥാനപ്പെടുത്തിയും ഇലക്ട്രിക്‌പോസ്റ്റുകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തിയും പണം അടയ്ക്കണമെന്നുണ്ട്. എന്നാല്‍ അതൊന്നും പലയിടത്തും പാലിക്കപ്പെട്ടിട്ടില്ല. ഇവിടങ്ങളിലെല്ലാം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധന നടത്തും.

കഞ്ചിക്കോട്ട് ബില്ലടച്ചില്ലെങ്കില്‍ വൈദ്യുതി ബന്ധം വിച്‌ഛേദിക്കുന്ന കാര്യത്തില്‍ ചില ക്രമക്കേടുകള്‍ നടക്കുന്നതായി കണ്ടെത്തി. കമ്പ്യൂട്ടറില്‍ റീകണക്ഷന്‍ നല്‍കിയത് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വിച്‌ഛേദിച്ച ദിവസം രേഖപ്പെടുത്താത്തതാണ് ഈ സംശയത്തിന് കാരണം.