Random Posts

Thursday, July 21, 2011

വാട്ടര്‍ അതോറിറ്റി ഓഫിസുകളില്‍ വിജിലന്‍സ് റെയ്ഡ്; കോടികളുടെ തിരിമറി കണ്ടെത്തി

കേരള വാട്ടര്‍ അതോറിറ്റി ഡിവിഷന്‍, സബ്ഡിവിഷന്‍ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കോടികളുടെ തിരിമറി കണ്ടെത്തി. കരാര്‍ തൊഴിലാളികളുടെയും കരാറുകാരുടെയും പേരില്‍ വ്യാജ ബില്ലുകള്‍ ചമച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. ജീവനക്കാരില്‍നിന്ന് പണവും കണ്ടെടുത്തു.

കരാര്‍ ജീവനക്കാരുടെ നിയമനം, വിശദാംശങ്ങള്‍ എന്നിവയൊന്നും ഒരു ഓഫിസിലുമില്ല. വാട്ടര്‍ കണക്ഷനായി പ്ലംബര്‍മാരില്‍നിന്ന് ആയിരങ്ങള്‍ കൈക്കൂലി വാങ്ങുന്നതായും കണ്ടെത്തി. വിജിലന്‍സ് ഡയറക്ടര്‍ ഡെസ്മണ്ട് നെറ്റോയുടെ നിര്‍ദേശാനുസരണം എ.ഡി.ജി.പി ശങ്കര്‍റെഡ്ഢിയുടെ നേതൃത്വത്തിലാണ് 72 ഓഫിസുകളില്‍ 'ഓപറേഷന്‍ ഡ്യൂ ഡ്രോപ്‌സ്' എന്ന മിന്നല്‍ പരിശോധന നടന്നത്.

കരാര്‍ പണികളുടെ പേരിലാണ് വ്യാപക ക്രമക്കേട്. ക്യാഷ് ബില്‍, കരാറുകാരനെ എങ്ങനെ നിശ്ചയിക്കല്‍, കരാര്‍ തൊഴിലാളികള്‍ ആരൊക്കെ തുടങ്ങിയ വിശദാംശങ്ങള്‍ ഒരിടത്തുമില്ല.

ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ മാത്രം ഒരുവര്‍ഷത്തിനുള്ളില്‍ കരാറുകാര്‍ക്ക് കൊടുത്ത വകയില്‍ 5.63 കോടി എഴുതിയെടുത്തതായി കണ്ടെത്തി. കരാര്‍ പണികള്‍ക്ക് ഇത്രയും തുക നല്‍കിയെന്ന് അവകാശപ്പെടുമ്പോഴും നല്ലൊരുഭാഗം കമീഷനായി തട്ടിയെടുത്തിട്ടുണ്ടാകാമെന്നാണ് വിജിലന്‍സ് വിലയിരുത്തല്‍. ടെണ്ടര്‍ വിളിക്കല്‍, എഗ്രിമെന്റ് ഒപ്പിടല്‍ തുടങ്ങിയവ അപ്പാടെ ലംഘിച്ചാണ് ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ശങ്കര്‍റെഡ്ഢി മാധ്യമത്തോട് പറഞ്ഞു. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കുള്ള കരാറുകള്‍ നല്‍കുന്നതിലും വ്യാപക ക്രമക്കേടുണ്ട്. അരുവിക്കര ഡിവിഷന് കീഴില്‍ ആനുവല്‍ മെയിന്റനന്‍സിന് ടെണ്ടര്‍ വിളിച്ച 17ഉം വിഹിതം വെച്ചുപോയതായാണ് കണ്ടെത്തി. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കുള്ള എസ്റ്റിമേറ്റ് തയാറാക്കാതെ തുക കൂട്ടിക്കൊടുക്കുന്ന കീഴ്‌വഴക്കവും പല ഓഫിസുകളിലുമുണ്ട്.

മിക്കയിടങ്ങളിലും പല ജോലികളും അടിയന്തരപണികളായി ഉള്‍പ്പെടുത്തി പണം എഴുതിമാറുന്നുണ്ട്. റണ്ണിംഗ് കോണ്‍ട്രാക്ടര്‍മാരെ നിയമിക്കുന്നതിലും കള്ളക്കളി നടക്കുന്നതായി കണ്ടെത്തി. ഇത്തരം കരാറുകാരുടെ പേരുണ്ടെങ്കിലും ചെറുകിട കരാറുകാരെ ഉപയോഗിച്ച് പണി ചെയ്ത് വന്‍തുക ബില്ലാക്കുന്ന അവസ്ഥയുമുണ്ട്.

ജീവനക്കാരുടെ അപര്യാപ്തതയുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തിലോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നോ എടുക്കുന്നതിന് പകരം ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമുള്ളവരെ എടുത്ത് വന്‍തുകഎഴുതി മാറുകയാണ്. ജോലി നഷ്ടപ്പെടാതിരിക്കാന്‍ തങ്ങളുടെ പേരില്‍ എഴുതിയുണ്ടാക്കുന്ന ബില്ലുകളില്‍ കരാര്‍ തൊഴിലാളികള്‍ വിയോജിപ്പ് പ്രകടിപ്പിക്കാറില്ലെന്നും അല്ലെങ്കില്‍ അവര്‍ക്കും കമീഷന്‍ ലഭിക്കുന്നുണ്ടാകുമെന്നുമാണ് വിജിലന്‍സ് വിലയിരുത്തല്‍. കരാര്‍ ജീവനക്കാരും കോണ്‍ട്രാക്ടര്‍മാരും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും പലയിടങ്ങളിലും പൈപ്പ് പൊട്ടലിന് കാരണമിതാണെന്നുമുള്ള സംശയം വിജിലന്‍സിനുണ്ട്. പല ഓഫിസുകളിലെയും ജീവനക്കാര്‍ കൈവശം സൂക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് രൂപയും കണ്ടെത്തി. കൈക്കൂലിയാണിതെന്ന സംശയം വിജിലന്‍സിനുണ്ട്. കരാര്‍ പണികള്‍ നടന്നിട്ടുണ്ടോയെന്ന് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തുമെന്നും എ.ഡി.ജി.പി പറഞ്ഞു.