Random Posts

Tuesday, July 5, 2011

സ്വാശ്രയം: പൊതുവികാരം ഏവരും ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി

സാമൂഹിക നീതി ഉറപ്പാക്കിയുള്ള പ്രശ്‌നപരിഹാര നീക്കത്തിന് സര്‍വകക്ഷി യോഗത്തിന്റെ പിന്തുണ 
തിരുവനന്തപുരം: സ്വാശ്രയ കോളജ് പ്രശ്‌നത്തില്‍ കേരളത്തിന്റെ പൊതുവികാരം എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
സ്വാശ്രയ വിദ്യാഭ്യാസ മേഖലയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികനീതി നടപ്പാക്കുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് യോഗത്തില്‍ പങ്കെടുത്ത എല്ലാകക്ഷികളും പൂര്‍ണസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സാമൂഹിക നീതി നടപ്പാക്കുന്നതു സംബന്ധിച്ച് യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് പല കാഴ്ചപ്പാടുകളാണുള്ളത്.പ്രതിപക്ഷമുള്‍പ്പെടെ യോഗത്തില്‍ സര്‍ക്കാരിനുനേരേ ഉയര്‍ത്തിയ വിമര്‍ശനങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വിമര്‍ശനങ്ങളെല്ലാം ക്രിയാത്മകമായി സ്വീകരിക്കുന്നു. പ്രശ്‌നം പരിഹരിക്കുന്നതിന് പ്രതിപക്ഷമുള്‍പ്പെടെയുള്ളവര്‍ പൂര്‍ണമായ പിന്തുണ പ്രഖ്യാപിച്ചു. മുന്‍വിധിയോടെ ഒരു പ്രശ്‌നത്തെയും സര്‍ക്കാര്‍ നോക്കിക്കാണുന്നില്ല.സ്വാശ്രയ മേഖലയില്‍ പുതിയ നിയമം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ മാനേജ്‌മെന്റുമായി ഇന്നും എഞ്ചിനിയറിംഗ് മാനേജ്‌മെന്റുകളുമായി നാളെയും ചര്‍ച്ചനടത്തും.ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിനെയും ചര്‍ച്ചയ്ക്ക് വിളിക്കും.മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതിയും ചര്‍ച്ചയില്‍ പങ്കെടുക്കും.
 
ചര്‍ച്ചയിലെ തീരുമാനങ്ങള്‍ മുന്‍ വിദ്യാഭ്യാസമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും അറിയിക്കും. അവരുമായും ചര്‍ച്ച നടത്തും. അതിനുശേഷം മാത്രമേ വിഷയത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.എല്ലാവരുടെയും സഹകരണത്തോടെ സ്വാശ്രയമേഖലയിലെ പ്രശ്‌നപരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.സ്വാശ്രയ പ്രശ്‌നത്തില്‍ മറ്റു കക്ഷികളും അനുകൂല നിലപാടു സ്വീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവര്‍ ഉന്നയിച്ച ചില കാര്യങ്ങളെക്കുറിച്ച് പരിശോധിക്കാമെന്ന് താന്‍ സര്‍ക്കാരിനു വേണ്ടി വാക്കുകൊടുത്തതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.കേന്ദ്ര നിയമം സംബന്ധിച്ച് ഉയര്‍ന്ന ചോദ്യത്തിന് ഇക്കുറി നടക്കുന്ന പ്രവേശനം സംബന്ധിച്ച് അത് ബാധകമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് പഠിക്കാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാകണം, ക്രോസ് സബ്‌സിഡി പാടില്ലെന്നാണ് സുപ്രീംകോടതി നിലപാട്.പക്ഷേ അതു പറയുമ്പോള്‍ പഠിക്കാന്‍ സമര്‍ഥരായ എന്നാല്‍ സാധാരണക്കാരും സാമ്പത്തിക പരാധീനതകളുള്ളവരുമായ കുട്ടികള്‍ക്ക് അവസരമില്ലാതെയാകും. സര്‍ക്കാര്‍ കോളജുകളില്‍ അത്രയേറെ സീറ്റുകളില്ല. ഇക്കാരണത്താലാണ് സ്വാശ്രയ കോളജുകളെ ആശ്രയിക്കേണ്ടി വരുന്നത്.പാവപ്പെട്ട കുട്ടികള്‍ക്ക് കുറച്ചുകൂടി വിശാലമായ അവസരങ്ങള്‍ ഉണ്ടാകണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം.
പരിയാരം മെഡിക്കല്‍ കോളജിനും ഇക്കാര്യങ്ങള്‍ ബാധകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 
സ്വാശ്രയ പ്രശ്‌നവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ സമരത്തിനിടെ പോലീസ് നടപടിയെക്കുറിച്ച് അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, അബ്ദു റബ്ബ്, കെ.എം.മാണി, ഷിബു ബേബി ജോണ്‍, കെ.സി ജോസഫ്, അടൂര്‍ പ്രകാശ്, എന്നിവരും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി സി.കെ.ചന്ദ്രപ്പന്‍, മുന്‍മന്ത്രിമാരായ സി.ദിവാകരന്‍, എന്‍.കെ.പ്രമേചന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, മാത്യു ടി.തോമസ്, ബിജെപി നേതാവായ കെ.സുരേന്ദ്രന്‍, വിവിധ കക്ഷി നേതാക്കളായ സി.പി ജോണ്‍, ജോര്‍ജ് സെബാസ്റ്റിയന്‍, കെ.പി.എ മജീദ്, എ.കെ.ശശീന്ദ്രന്‍, ജോണി നെല്ലൂര്‍ തുടങ്ങിയവരും സ്വാശ്രയപ്രശ്‌നം സംബന്ധിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്തു