Random Posts

Friday, July 15, 2011

പനി വ്യാപിക്കുന്നു; സംസ്ഥാനത്ത് ഏഴുപേര്‍ക്കു കൂടി എച്ച് 1 എന്‍ 1

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നു. മിക്ക ജില്ലകളിലും പനി റിപ്പോര്‍ട്ട് ചെയ്തു. എച്ച് 1 എന്‍ 1 , മലേറിയ, ടൈഫോയ്ഡ് എന്നിവ പടര്‍ന്നുപിടിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എച്ച് 1 എന്‍ 1 ബാധിതര്‍ കുറഞ്ഞിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്ക് വീണ്ടും നിര്‍ദേശം നല്‍കി. ആലപ്പുഴ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി പ്രത്യേക പാക്കേജ് നടപ്പാക്കാനും തീരുമാനിച്ചു.

മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളില്‍ വ്യാഴാഴ്ച പതിനായിരത്തിലധികം പേര്‍ പനിക്ക് ചികില്‍സ തേടി. ഇതോടെ രണ്ടാഴ്ചക്കിടെ പനി ബാധിച്ച് ചികില്‍സക്കെത്തിയവരുടെ എണ്ണം 80,000 കവിഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടുന്നവെരകൂടി കണക്കാക്കിയാല്‍ സംഖ്യ ഇതിലും കൂടും.

വ്യാഴാഴ്ച ഏഴ് പേര്‍ക്ക് കൂടി എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്ന ഒരാള്‍ക്ക് എച്ച് 1 എന്‍ 1 ലക്ഷണം കണ്ടെത്തി. ഇയാളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 99 പേര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ 1428 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

വിഴിഞ്ഞത്ത് ഒരാള്‍ക്ക് മലേറിയ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഡെങ്കി അഞ്ചുപേര്‍ക്കും എലിപ്പനി നാല് പേര്‍ക്കും ടൈഫോയ്ഡ് നാല് പേര്‍ക്കും കണ്ടെത്തി. ചികുന്‍ഗുനിയ ഒരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മലയോര മേഖലയിലാണ് പകര്‍ച്ചപ്പനി വ്യാപകം.

മരുന്നും മറ്റ് സൗകര്യങ്ങളും ജില്ലാ താലൂക്ക് ആശുപത്രികളിലും മെഡിക്കല്‍കോളജുകളിലും എത്തിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. എച്ച് 1 എന്‍ 1 പരിശോധനക്ക് ആലപ്പുഴയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയിലും പൂജപ്പുര രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലും പരിശോധനാ കിറ്റുകള്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്.