
കഴിഞ്ഞ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് തൊട്ടുമുമ്പ് അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെ പുതിയ ഒരു അക്കാദമി രൂപവത്കരിച്ച് അതിന്റെ ഡയറക്ടറായി നിയമിച്ചിരുന്നുവെന്ന് വ്യക്തമായി.
മുഖ്യമന്ത്രിയുടെ കീഴിലായിരുന്ന ഐ.ടി. വകുപ്പിന്റെയും അരുണ്‍കുമാര്‍ ജോലിചെയ്തിരുന്ന ഐ.എച്ച്. ആര്‍.ഡിയുടെയും പങ്കാളിത്തത്തോടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ അക്കാദമി രൂപവത്കരിച്ച് അതിന്റെ ഡയറക്ടറായാണ് അരുണ്‍കുമാറിനെ നിയമിച്ചത്. സൊസൈറ്റിയായാണ് ഈ സ്ഥാപനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ.എച്ച്.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനം നഷ്ടമായാലും പുതുതായി രൂപവത്കരിച്ച അക്കാദമിയുടെ ഡയറക്ടറായി അദ്ദേഹത്തിന് തുടരാനാവുംവിധം സ്വതന്ത്ര സ്ഥാപനമായാണ് അക്കാദമി രൂപവത്കരിച്ചിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി കണ്‍വീനര്‍ ആര്‍. എസ്. ശശികുമാര്‍ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളിലൂടെയാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്.
ആറുവര്‍ഷത്തെ കാലാവധിയിലാണ് നിയമനം. യു.ഡി.എഫ്. സര്‍ക്കാര്‍ വന്നാലും കാലാവധി കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ വരുന്നതുവരെ അരുണ്‍കുമാര്‍ സുരക്ഷിതനായിരിക്കണമെന്നതാണ് ഇതിനുപിന്നിലെ ഉദ്ദേശ്യമെന്നും ആക്ഷേപമുണ്ട്. ടെക്‌നോപാര്‍ക്കിലെ സി.ഇ.ഒയുടേതിനു തുല്യമായ ശമ്പളവും മറ്റാനുകൂല്യങ്ങളുമാണ് ഡയറക്ടര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇത് മാസം ഒന്നര ലക്ഷത്തോളം രൂപ വരും. സ്ഥാനമൊഴിയുന്നതിനുമുമ്പ് മന്ത്രിസഭായോഗമാണ് അക്കാദമി രൂപവത്കരിക്കാനും അരുണ്‍കുമാറിനെ ഡയറക്ടറായി നിയമിക്കാനും തീരുമാനിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.
അച്യുതാനന്ദന് പുറമെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി, ചീഫ് സെക്രട്ടറി പി. പ്രഭാകരന്‍, വ്യവസായ സെക്രട്ടറി ടി. ബാലകൃഷ്ണന്‍, ധനസെക്രട്ടറി എ.കെ. ദുബെ, വിദ്യാഭ്യാസ സെക്രട്ടറി ടോം ജോസ്, ഐ.ടി. സെക്രട്ടറി കെ. സുരേഷ് കുമാര്‍, കൊച്ചി സര്‍വകലാശാല വി.സി. ഡോ. രാമചന്ദ്രന്‍ തെക്കേടത്ത്, ഐ. എച്ച്.ആര്‍.ഡി. ഡയറക്ടര്‍ വി. സുബ്രഹ്മണി എന്നിവര്‍ അടങ്ങിയ ഭരണസമിതിയാണ് സംഘം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ നല്‍കിയത്. സംഘം രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പ് തന്നെ അരുണ്‍കുമാറിനെ ഐ.സി. ടി. അക്കാഡമിയുടെ ഡയറക്ടറും മെമ്പര്‍ സെക്രട്ടറിയുമായി നിയമിച്ചിരുന്നു.
സംസ്ഥാനങ്ങളില്‍ ഐ.സി.ടി. അക്കാഡമി രൂപവത്കരിക്കാന്‍ നല്‍കിയ നിര്‍ദേശം പഴുതാക്കിയായിരുന്നു ഈ നീക്കമെന്നും ആരോപണമുണ്ട്. സ്വകാര്യ പങ്കാളിത്തത്തോടെ ഐ.സി.ടി. അക്കാഡമി രൂപവത്കരിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാമെന്നായിരുന്നു കേന്ദ്ര നിര്‍ദേശം. പ്രതിവര്‍ഷം 14 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിക്കായി ആറുകോടി രൂപ കേന്ദ്രം അനുവദിക്കുകയും ചെയ്തു. സ്വകാര്യ പങ്കാളിത്തം വന്നാല്‍ പുറമെനിന്ന് വിദഗ്ദ്ധനായ ഒരാളെ ഡയറക്ടറായി നിയമിക്കേണ്ടിവരും. ഇതൊഴിവാക്കാനാണ് ഐ.എച്ച്.ആര്‍.ഡിയെ അക്കാദമിയുടെ പങ്കാളിയാക്കിയതെന്നാണ് ആക്ഷേപം.
ഡയറക്ടര്‍ നിയമനത്തിനുള്ള യോഗ്യതയോ വ്യവസ്ഥകളോ സ്ഥാപനത്തിന്റെ നിയമാവലിയില്‍ പറഞ്ഞിട്ടില്ല. എന്നാല്‍ കീഴ് ജീവനക്കാരെ സംബന്ധിച്ച വ്യവസ്ഥകള്‍ വ്യക്തമാക്കിയിട്ടുമുണ്ട്. അക്കാഡമിയിലെ വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നത് ഡയറക്ടറായിരിക്കുമെന്ന് വ്യവസ്ഥ ചെയ്യുന്നു. ഡയറക്ടറുടെ യോഗ്യതകള്‍ പറയുന്നില്ലെങ്കിലും ശമ്പളം കൃത്യമായി വ്യവസ്ഥ ചെയ്തു. കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ കീഴില്‍ സ്വകാര്യപങ്കാളിത്തത്തോടെ രൂപം നല്‍കിയ ഐ.സി.ടി. അക്കാദമിയെ അതില്‍ നിന്ന് അടര്‍ത്തിമാറ്റിയാണ് ഐ.എച്ച്.ആര്‍.ഡിയുമായി ബന്ധിപ്പിക്കുന്നത്. സംസ്ഥാനത്തെ കോളേജുകളിലും പോളിടെക്‌നിക്കുകളിലുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഐ.സി.ടി. അക്കാഡമിയില്‍ നിര്‍ബന്ധ പരിശീലനം നല്‍കാന്‍ വ്യവസ്ഥയുണ്ടാക്കണമെന്ന് നിയമാവലിയില്‍ പറയുന്നു. അക്കാഡമിയിലേക്ക് വിദ്യാര്‍ഥികളെ ക്യാന്‍വാസ് ചെയ്യാന്‍ മാര്‍ക്കറ്റിങ് നടത്തണമെന്നും ഇതില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇതിനായുള്ള പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത് ഐ. എച്ച്.ആര്‍.ഡി. ഡയറക്ടര്‍ സുബ്രഹ്മണ്യമാണ്. അച്യുതാനന്ദന്റെ വിശ്വസ്തനായ കെ. സുരേഷ്‌കുമാറായിരുന്നു ഈ സമയം ഐ.ടി. സെക്രട്ടറി.






