Random Posts

Sunday, July 3, 2011

ജി.ഡി.പിയ്ക്കുമൊരു ഹരിതനയം


പാരിസ്ഥിതികാവസ്ഥയും കൂടി കണക്കലെടുത്തു കൊണ്ടുള്ള ഒരു വികസന സൂചികയ്‌ക്കേ ഒരു രാജ്യത്തിന്റെ യഥാര്‍ഥ ചിത്രം വെളിപ്പെടുത്താനാവൂ. അതിലേക്കുള്ള ചുവടുവെപ്പാണ് ഹരിത ജി.ഡി.പി.
ലോകത്തിലെ വളര്‍ന്നുവരുന്ന ഒരു സാമ്പത്തികശക്തിയത്രേ നമ്മുടെ നാട്. പ്രബലമായ സാമ്പത്തിക ശക്തികേന്ദ്രമാകും ഇന്ത്യ എന്ന് നാം അഭിമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ സാമ്പത്തിക വളര്‍ച്ചയുടെ അളവുകോലായി വരുമാനം മാത്രം തിട്ടപ്പെടുത്തിക്കൊണ്ടുള്ള വികസന സൂചിക ഒരു രാഷ്ട്രത്തിന്റെ സുസ്ഥിര വികസനങ്ങള്‍ക്ക് അഭികാമ്യമോ എന്ന് ഈയവസരത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. വരുമാനത്തിന്റെ വിതരണം, ജീവിതനിലവാരത്തിന്റെ ഗുണപരമായ സംഗതികള്‍, സാമൂഹികക്ഷേമം, സമൂഹത്തിലെ അനാരോഗ്യകരമായ പ്രവണതകള്‍, പരിസ്ഥിതിയുടെ ആരോഗ്യം ഇങ്ങനെ ഒരു ക്ഷേമസമൂഹത്തിന്റെ അവശ്യഘടകങ്ങള്‍ പരിഗണിക്കാതെയുള്ള വികസന സൂചികകള്‍ അഭികാമ്യമോ എന്ന് സ്വയം പരിശോധിക്കേണ്ടതാണ്. ശോഷിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിവിഭവങ്ങളും പരിസ്ഥിതിനാശവും നമ്മുടെ വികസനപാതയിലെ വെല്ലുവിളികളാണ്.നയരൂപവത്കരണത്തില്‍ പരിസ്ഥിതിപ്രാധാന്യം ഉള്‍പ്പെടുത്തുക എന്നത് റിയോ കണ്‍വെന്‍ഷന്‍ മുതല്‍ തന്നെ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പരമ്പരാഗത സാമ്പത്തികശാസ്ത്രത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍നിന്നുകൊണ്ട് പരിസ്ഥിതിമൂല്യം നിര്‍വചിക്കുക ദുഷ്‌കരമായിരുന്നു. ആഗോളമായി അവലംബിക്കപ്പെട്ടിരിക്കുന്ന മൊത്ത ആഭ്യന്തരവരുമാനം (ജെ.ഡി.പി.) എന്നു അടിസ്ഥാനസൂചികയില്‍ പരിസ്ഥിതി പ്രാധാന്യം ഉള്‍പ്പെടുത്തിയാല്‍ മാത്രമേ നയരൂപവത്കരണത്തില്‍ പരിസ്ഥിതി സംരക്ഷണം കൂടി പരിഗണിക്കപ്പെടുകയുള്ളൂ എന്നത് നിസ്തര്‍ക്കമാണ്. ഇപ്രകാരം സാമ്പത്തിക നിലവാരത്തോടൊപ്പം പരിസ്ഥിതി സാഹചര്യങ്ങളും പ്രതിഫലിപ്പിക്കുന്ന വേറിട്ട ഒരു സൂചികയാണ് ഹരിത ജി.ഡി.പി.
ഇന്ന് ആഗോളമായിത്തന്നെ അവലംബിച്ചിരിക്കുന്ന ഒന്നാണ് ജി.ഡി.പി. എന്ന വികസന സൂചികയും അതു തിട്ടപ്പെടുത്തുവാനുള്ള അക്കൗണ്ടിങ് സംവിധാനങ്ങളും. ഇതിന് ബദലായി മറ്റൊരു അക്കൗണ്ടിങ് സംവിധാനമോ, ഇത് പരിഷ്‌കരിച്ചുകൊണ്ട് പരിസ്ഥിതി ഘടകങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സമഗ്ര അക്കൗണ്ടിങ് സംവിധാനമോ വികസിപ്പിച്ചെടുത്തെങ്കില്‍ മാത്രമേ ഹരിത ജി.ഡി.പി. തിട്ടപ്പെടുത്താനാവുകയുള്ളൂ.ഈ ദിശയില്‍ ആദ്യത്തെ ചുവടുവെപ്പ് നടത്തിയ രാജ്യമാണ് നോര്‍വെ. 'വികസനത്തിന്റെ പരിധികള്‍' (ലിമിറ്റ്‌സ് ടു ഗ്രോത്ത്) എന്ന വിശ്രുത പ്രസിദ്ധീകരണത്തോടനുബന്ധിച്ചുതന്നെ പരിസ്ഥിതിയും പ്രകൃതിവിഭവങ്ങളും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു അക്കൗണ്ടിങ് സംവിധാനം തിട്ടപ്പെടുത്തുന്നതില്‍ നോര്‍വെയിലെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് മുന്‍കൈയെടുക്കുകയുണ്ടായി. അതിന്‍പ്രകാരം, പരമ്പരാഗതമായി നയരൂപവത്കരണത്തിനായി അവലംബിച്ചിരുന്ന അക്കൗണ്ടിങ് സംവിധാനത്തില്‍ (മാക്രോ എക്കണോമിക്‌സ് മോഡല്‍സ്) ഇവകൂടി ഉള്‍പ്പെടുത്തിക്കൊണ്ട് നവീകരിച്ച രീതി വികസിപ്പിച്ചെടുക്കുകയുണ്ടായി, നോര്‍വെ. പ്രധാനമായും അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും ഊര്‍ജഉപഭോഗനിയന്ത്രണത്തിനുമാണ് ഇപ്പോള്‍ ഇത് ഉപയോഗപ്പെടുത്തുന്നത്. നെതര്‍ലന്‍ഡ്‌സ്, ഫ്രാന്‍സ്, സ്വീഡന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും സ്വന്തമായി പരിസ്ഥിതി അക്കൗണ്ടിങ് സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. അമേരിക്കയിലെ സംവിധാനം ഇവയില്‍നിന്ന് തുലോം വിഭിന്നമാണ്. വ്യത്യസ്ത പ്രകൃതിവിഭവങ്ങള്‍ക്കും പരിസ്ഥിതി നാശത്തിനും വെവ്വേറെ അക്കൗണ്ടിങ് സംവിധാനങ്ങളാണ് അവര്‍ക്കുള്ളത്. എന്നാല്‍ ഇക്കാര്യങ്ങളില്‍ വളരെ നിഷ്‌കര്‍ഷയോടെ യാണ് അവിടെ വിവരശേഖരണം നടക്കുന്നത്.
1995ല്‍ത്തന്നെ ഐക്യരാഷ്ട്രസംഘടനയുടെ സ്റ്റാറ്റിസ്റ്റിക്കല്‍ വിഭാഗം ഈ ദിശയില്‍ പഠനങ്ങള്‍ നടത്തുകയും മറ്റു വിഖ്യാത ഏജന്‍സികളുടെകൂടെ സഹായത്താല്‍ എസ്.ഇ.ഇ.എ. (സംയോജിത പാരിസ്ഥിതിക സാമ്പത്തിക അക്കൗണ്ടിങ്) എന്ന ഒരു പരിഷ്‌കരിച്ച സംവിധാനം വികസിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ രീതി അവലംബിച്ചുകൊണ്ട് ഇന്ത്യയില്‍ 200204 കാലഘട്ടത്തില്‍ ഒരു പൈലറ്റ് പദ്ധതി നടപ്പാക്കാക്കുകയുണ്ടായി. വനങ്ങളില്‍ നിന്നുള്ള പ്രത്യക്ഷവും പരോക്ഷവുമായുള്ള എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും തിട്ടപ്പെടുത്തുകയും വില നിശ്ചയിക്കുകയും ചെയ്യുന്നതിനോടൊപ്പം വനനശീകരണവും ശോഷണവുംമൂലമുള്ള പരിസ്ഥിതിനാശത്തിന്റെ മൂല്യം തിട്ടപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു ഈ സമീപനം. വനസമ്പത്തിന്റെ പരിപാലനം കാര്യക്ഷമമല്ലാത്ത പ്രദേശങ്ങളില്‍ ഹരിത ജി.ഡി.പി. പരമ്പരാഗത ജി.ഡി.പി.യേക്കാള്‍ ഏറ്റക്കുറവും അല്ലാത്ത സ്ഥലങ്ങളില്‍ (വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍) താരതമ്യേന കൂടുതലും ആയിരുന്നു എന്നും തെളിയുകയുണ്ടായി. ഏതാണ്ട് ഇതേ സന്ദര്‍ഭത്തില്‍ ചൈനയും ഇത്തരത്തില്‍ ഹരിത ജി.ഡി.പി. തിട്ടപ്പെടുത്തുകയുണ്ടായെങ്കിലും അത് തുടര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. ഈ രംഗത്തിന്റെ അപര്യാപ്തതയും ആവശ്യകതയും ഉള്‍ക്കൊണ്ടുകൊണ്ട് 2010ല്‍ ലോകബാങ്ക് ആവാസവ്യവസ്ഥയുടെ മൂല്യനിര്‍ണയവും മൂല്യവും അക്കൗണ്ടിങ് നടത്തുന്നതിനുള്ള കൂട്ടായ്മ എന്ന നൂതന പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. പ്രകൃതി വിഭവസമ്പത്തിനാല്‍ അനുഗൃഹീതയായ ഭാരതവും ഇതേ ദിശയില്‍ നയ രൂപവത്കരണം നടത്തിയിരിക്കുന്നു. 2015ഓടെ ഹരിത ജി.ഡി.പി. പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാം പ്രവര്‍ത്തിക്കുന്നതെന്ന് നമ്മുടെ പരിസ്ഥിതിവനംമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു.