
രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനുതകുന്ന വിദ്യാഭ്യാസത്തെപ്പറ്റി പറയാന്‍ തുടങ്ങിയിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ രണ്ടുതരമല്ല ഒരു ഡസനോളം വിദ്യാഭ്യാസരീതികളുണ്ടെന്ന് പറയാം.
പലതരം പൗരന്മാരാണ് രണ്ടുതരം പൗരന്മാരെപ്പറ്റി ചര്‍ച്ച ചെയ്യുന്നത്. സമ്പന്നര്‍ക്കു പഥ്യമാകുന്ന, അവരുടെ കുടുംബാംഗങ്ങള്‍ക്കു മാത്രം തൊഴില്‍ സാദ്ധ്യതയുണ്ടാക്കുന്ന സിലബസുകള്‍ നടപ്പാക്കുക. അതാണ് മഹത്തരമെന്ന് വിളിച്ചുകൂവുക. ശീതീകരിച്ച ക്ലാസ്മുറികളില്‍ മാത്രമേ ഉത്തമനായ ഭാരതപൗരന്‍ വിടര്‍ന്നുവിലസുകയുള്ളു എന്നു വരുത്തുക, അതുവഴി സാധാരണക്കാരനെ അന്ധാളിപ്പിക്കുക തുടങ്ങിയ രീതികള്‍ വിമര്‍ശന വിധേയമാക്കണം. ശാസ്ത്രവും സാഹിത്യവും പരിഷത്തുമൊക്കെയായി വിലസിയവര്‍ തന്നെയാണ് സ്വന്തം കാര്യം കാണാന്‍ ഇത്തരം പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്. നല്ല വിദ്യാഭ്യാസം സാധാരണക്കാര്‍ക്ക് അന്യമാണെന്ന അവസ്ഥ മാറണം. നമ്മുടെ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിനുള്ള വിദ്യാസമ്പന്നരായ പൗരന്മാരെയാണ് നാം ഒരുക്കിയെടുക്കേണ്ടത്. വിദ്യാഭ്യാസം കച്ചവടമാകരുത്, വ്യവസായമാകരുത്. ആര്‍ജ്ജിതമായ വിജ്ഞാനത്തെയും മൂല്യബോധത്തെയും പുതിയ തലമുറയിലേക്ക് പകര്‍ന്നുകൊടുക്കുന്ന ഒരു സാമൂഹികവും സാംസ്‌കാരികവുമായ പ്രക്രിയയാണ് വിദ്യാഭ്യാസം. അതിനെ കേവലം കമ്പോള വിനിമയ പ്രക്രിയയാക്കി മാറ്റുന്നത് ആത്മഹത്യാപരമായിരിക്കും.
അറിവ് വേണ്ട സാങ്കേതിക വിദ്യ മാത്രം മതി എന്ന സമീപനം അടിമത്തം സൃഷ്ടിക്കും. സാങ്കേതിക വിദ്യയ്ക്ക് മാനുഷിക മൂല്യങ്ങള്‍ സൃഷ്ടിക്കാനാവില്ല. സാഹിത്യം, ചരിത്രം, മറ്റ് സാമൂഹിക ശാസ്ത്ര വിഷയങ്ങള്‍, കല ഇവയ്ക്ക് പ്രാധാന്യമില്ലാത്ത പുതിയ സിലബസ് നടപ്പാക്കുന്നത് മനുഷ്യസംസ്‌കാരത്തിന്റെ വളര്‍ച്ചയെ തന്നെ മുരടിപ്പിക്കുന്ന കാര്യമാണ്. ഒന്നിനെയും ചോദ്യം ചെയ്യാത്ത, പ്രതികരിക്കാത്ത, സാമൂഹിക പ്രതിബന്ധതയില്ലാത്ത കുറച്ച് സാങ്കേതിക തൊഴിലാളികളെ റോബോട്ടുകളെപ്പോലെ അനുസരണയുള്ളവരാക്കി നിര്‍ത്താനുള്ള പാഠ്യപദ്ധതിയാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ ഈ വിഷയം 'വരട്ടുവാദികളെ' ഒഴിവാക്കി ചര്‍ച്ച ചെയ്യണം. ആഗോളീകരണത്തെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ ഗോളത്തിന്റെ ഭാഗമല്ലാതായിത്തീരുന്ന സാഹചര്യം സൃഷ്ടിക്കരുത്. ഒരു രൂപയ്ക്ക് അരി അല്ലെങ്കില്‍ രണ്ടുരൂപയ്ക്ക് അരി എന്ന വാഗ്ദാനം നടപ്പാവുന്നത് നല്ലതാണ്. എങ്കിലും ദരിദ്രരുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ അതുകൊണ്ട് പരിഹരിക്കപ്പെടുമെന്ന് കരുതുന്നത് ശരിയായിരിക്കില്ല. അരി ഒരു രൂപയ്ക്ക് കിട്ടുമ്പോള്‍ ഒരു കുപ്പി കുടിവെള്ളത്തിന് 15 രൂപ വരെ നല്‍കേണ്ടിവരുന്നത് ഭൂഷണമല്ല. മഴ സമൃദ്ധമായി ലഭിക്കുന്ന ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കുടിവെള്ളപദ്ധതി നടപ്പാക്കുന്നത് കേരളീയരല്ല, ജപ്പാന്‍കാരാണ്. ഈ വൈരുദ്ധ്യങ്ങള്‍ക്ക് അറുതിവരുത്തണം.
മദ്യം, മയക്കുമരുന്ന്, ചൂതാട്ടം, പെണ്‍വാണിഭം എന്നിവയ്ക്ക് കേരളം പേരുകേട്ട നാടായിത്തീര്‍ന്നിരിക്കുന്നു. മദ്യശാലകളില്‍ പരസ്പരം നിത്യശാന്തി നേരുന്നവരുടെ നീണ്ട ക്യൂ ആണല്ലോ മലയാളികളുടെ സുപ്രഭാതങ്ങള്‍ക്ക് ലഹരി പകരുന്നത്. കുടുംബ ബന്ധങ്ങളിലെ താളംതെറ്റല്‍, കുടുംബക്കോടതികളില്‍ എത്താന്‍ വെമ്പല്‍ കൊള്ളുന്ന ദാമ്പത്യങ്ങള്‍, അമ്മത്തൊട്ടിലുകള്‍, അനാവശ്യമാകുന്ന സ്ത്രീ-പുരുഷ ബന്ധങ്ങള്‍ തുടങ്ങിയവ പ്രത്യേക ശ്രദ്ധവേണ്ട സാമൂഹിക ക്ഷേമകാര്യങ്ങളാണ്. വൃദ്ധസദനങ്ങളില്‍ മാതാപിതാക്കളെ 'സുരക്ഷിതരാക്കുന്ന' മലയാളികളുടെ എണ്ണം വര്‍ദ്ധിക്കുന്നതും ഗൗരവമായി കാണേണ്ട സാമൂഹിക പ്രശ്‌നമാണ്. ശിഥിലീകരിക്കപ്പെടുന്ന കുടുംബങ്ങള്‍ രാഷ്ട്രത്തിന്റെ അടിത്തറയിളക്കും. ബ്രിട്ടീഷ് ചരിത്രത്തില് Enlightened despostion Enlightened despostion എന്ന ഒരു അദ്ധ്യായം കാണാം. 16-ാം നൂറ്റാണ്ടിലെ ടൂഡര്‍ രാജഭരണത്തില്‍ തന്നെയാണ് ഇപ്രകാരം വിശേഷിപ്പിക്കുന്നത്. ജനപ്രിയരാജവാഴ്ചയായിരുന്നു അത്. ഭരണത്തിന്റെ നന്മ ചെന്നെത്താത്ത ജീവിതത്തിന്റെ ഒരു മേഖലയുമുണ്ടായിരുന്നില്ല, ഭാര്യാ ഭര്‍ത്താക്കന്മാര്‍തമ്മിലോ, വീട്ടുടമയും വേലക്കാരും തമ്മിലോ ഉണ്ടാകുന്ന പിണക്കങ്ങള്‍പോലും ഭരണാധികാരികളുടെ ശ്രദ്ധയില്‍ വരും. ഏകാധിപത്യമാണ് ഭരണരീതിയെങ്കിലും അത് മഹത്തരമാക്കാന്‍ ടൂഡര്‍ രാജാക്കന്‍മാര്‍ക്ക് കഴിഞ്ഞിരുന്നു.
ഏകാധിപത്യത്തെ ജനകീയമാക്കാമെങ്കില്‍ ജനാധിപത്യത്തെ ജനകീയമാക്കേണ്ട വെല്ലുവിളിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ഏറ്റെടുക്കേണ്ടിയിരിക്കുന്നത്. ചുവപ്പുകോട്ടയുടെ കാവല്‍ക്കാരുടെ ഫസ്റ്റ് ഷോയും സെക്കന്‍ഡ് ഷോയും കഴിഞ്ഞിരിക്കുന്നു. ബംഗാളില്‍ ഓടിയ ഉച്ചപ്പടവും മമത ബാനര്‍ജി നിറുത്തലാക്കി. ആകെ അവശേഷിക്കുന്നത് അച്ചുമാമന്‍ ഫാക്ടര്‍ എന്ന മോണിംഗ് ഷോ മാത്രം. യു.ഡി.എഫിന്റെ കേരള തീയറ്റര്‍ ഹൗസ് ഫുള്‍ ആക്കി നിലനിര്‍ത്താന്‍ പറ്റുന്ന സാഹചര്യമാണ് മുന്നിലുള്ളത്. ഒരു ഉമ്മന്‍യുഗം കേരള രാഷ്ട്രീയത്തിലുണ്ടാകട്ടെ. ജനം ഉമ്മവെയ്ക്കും തീര്‍ച്ച.






