
സംസ്ഥാനത്ത് ആഗസ്ത് ഒന്നു മുതല്‍ ആറു മാസത്തേക്ക് വൈദ്യുതിയുടെ യൂണിറ്റ് വിലയില്‍ 25 പൈസയുടെ വര്‍ധനയുണ്ടാവും. സര്‍ച്ചാര്‍ജിന്റെ രൂപത്തിലാണ് നിരക്കുയരുക. 2010 ഒക്ടോബര്‍ മുതല്‍ 2011 മാര്‍ച്ച് വരെ താപവൈദ്യുതി വാങ്ങി വിതരണം ചെയ്ത വകയില്‍ കെ.എസ്.ഇ.ബിക്കുണ്ടായ അധികബാധ്യത പിരിച്ചെടുക്കുന്നതിനാണ് സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ വെള്ളിയാഴ്ച പുറപ്പെടുവിച്ചു.
പ്രതിമാസം 20 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്നവരെയും 500 വാട്ടില്‍ താഴെ മാത്രം കണക്ടഡ് ലോഡ് ഉള്ളവരെയും സര്‍ച്ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ വിഭാഗത്തിന് വൈദ്യുതിതന്നെ സൗജന്യമായാണ് ലഭിക്കുന്നത്. മറ്റെല്ലാ വിഭാഗക്കാര്‍ക്കും സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതിമാസം 50 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരുടെ ദൈ്വമാസ ബില്ലില്‍ സര്‍ച്ചാര്‍ജ് കൂടി ചേരുമ്പോള്‍ 25 രൂപയുടെ വര്‍ധനയാണുണ്ടാവുക. പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 50 രൂപയും 150 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 75 രൂപയും 200 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 100 രൂപയും ബില്ലില്‍ അധികം നല്‍കേണ്ടിവരും. പ്രതിമാസം 300 യൂണിറ്റ് ഉപയോഗിക്കുന്നവരുടെ ബില്ലില്‍ 150 രൂപ വര്‍ധിക്കും.
സര്‍ച്ചാര്‍ജ് ഒഴിവാക്കണമെങ്കില്‍ ബോര്‍ഡിനുണ്ടായ ബാധ്യത സബ്‌സിഡിയായി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഇപ്പോഴത്തെ നിലയില്‍ സര്‍ക്കാര്‍ അതിനു തയ്യാറാവില്ലെന്നു തന്നെയാണ് സൂചനകള്‍. വിഷയം പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ''കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ബോര്‍ഡ് സമര്‍പ്പിച്ച അപേക്ഷയിന്മേലാണ് ഇപ്പോള്‍ സര്‍ച്ചാര്‍ജ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബോര്‍ഡ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് വലിയ നഷ്ടത്തിലുമാണ്. ഇപ്പോഴത്തെ സര്‍ച്ചാര്‍ജ് ആറു മാസത്തേക്കാണെന്നാണ് കമ്മീഷന്‍ പറഞ്ഞിട്ടുള്ളത്. അത് നടപ്പാക്കുന്ന കാര്യം സംബന്ധിച്ച് ആലോചിച്ചു തീരുമാനിക്കും'' - അദ്ദേഹം വ്യക്തമാക്കി.
ആഗസ്ത് ഒന്നു മുതല്‍ ആറു മാസത്തെ വൈദ്യുതി ഉപയോഗത്തിന് സര്‍ച്ചാര്‍ജ് പിരിക്കാനാണ് കമ്മീഷന്‍ അനുവദിച്ചത്. 2010 ഒക്ടോബര്‍ മുതല്‍ 2011 മാര്‍ച്ച് വരെ വൈദ്യുതി വാങ്ങിയ വകയില്‍ 161.23 കോടി രൂപ അധികച്ചെലവുണ്ടായി എന്നായിരുന്നു ബോര്‍ഡിന്റെ കണക്ക്. എന്നാല്‍, കാലയളവില്‍ കെ.എസ്.ഇ.ബി. 30.24 ദശലക്ഷം യൂണിറ്റ് വൈദ്യുതി വിറ്റഴിച്ചതായി കമ്മീഷന്‍ കണ്ടെത്തുകയും അധികബാധ്യത 150.29 കോടി രൂപയായി പുനഃക്രമീകരിക്കുകയും ചെയ്തു.






