Random Posts

Thursday, July 14, 2011

മുംബൈ ഭീകരാക്രമണം: മരണം 18എന്ന് ആഭ്യന്തര മന്ത്രി


ബുധനാഴ്ചയുണ്ടായ മുംബൈ സ്‌ഫോടനപരമ്പരയില്‍ 18 പേര്‍ മരിച്ചതായി ആഭ്യന്തരമന്ത്രി പി. ചിദംബരം സ്ഥിരീകരിച്ചു. നേരത്തെ 21 പേര്‍ മരിച്ചതായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്.

ആക്രമണം ആസൂത്രിതമാണ്. സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും അമോണിയം നൈട്രേറ്റാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ടൈമര്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനത്തെക്കുറിച്ച് കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ടുകളുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പരാജയപ്പെട്ടെന്ന ആരോപണം ശരിയല്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

അമോണിയം നൈട്രേറ്റ് പോലുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന എല്ലാ സംഘടനകളും അന്വേഷണപരിധിയില്‍ വരും. പരിക്കേറ്റ 131 പേരില്‍ 23 പേരുടെ നില ഗുരുതരമാണ്. ഇവരില്‍ ചിലര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 26/11 ആക്രമണത്തിന് ശേഷം മഹാരാഷ്ട്രയില്‍ രണ്ട് ആക്രമണങ്ങള്‍ ഉണ്ടായെന്നത് ദുഖകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ എല്ലാ നഗരങ്ങളും ആക്രമണഭീഷണിയിലാണ്. സ്‌ഫോടനപരമ്പര ഇന്ത്യാ പാക് സംഭാഷണത്തെ ബാധിക്കുമോ എന്നത് ഇപ്പോള്‍ പറയാനാകില്ല. വളരെ അപകടരമായ അയല്‍ക്കാരാണ് നമ്മുക്കുള്ളത്. പാകിസ്താനും അഫ്ഗാനിസ്താനും ഭീകരവാദത്തിന്റെ കേന്ദ്രങ്ങളാണെന്നും ആഭ്യന്തരമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയിലുള്ള വിദേശികള്‍ സുരക്ഷിതരാണ്. വിദേശികളെ ലക്ഷ്യമാക്കിയുള്ള ആക്രമണമല്ല ബുധനാഴ്ച നടന്നത്. ആക്രമണത്തിനുപിന്നിലുള്ളവരെ നിയമത്തിനുമുന്നിലെത്തിക്കാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്‌ഫോടനത്തില്‍ മലയാളിയായ മോഹന്‍ നായര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇത് മോഹന്‍ നായക് ആണെന്ന് സ്ഥിരീകിച്ചു. ഇതോടെ സ്‌ഫോടനത്തില്‍ മലയാളികള്‍ ആരും അപകടത്തില്‍പെട്ടിട്ടില്ലെന്ന് ഉറപ്പായിട്ടുണ്ട്.

മരിച്ചവരുടെ കുടുംബത്തിന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചവാന്‍ അഞ്ച് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.