Random Posts

Sunday, July 17, 2011

മുല്ലപ്പെരിയാര്‍: ഉന്നതാധികാര സമിതി യോഗം ആഗസ്റ്റ് മൂന്നിന്; പരിശോധനാ റിപ്പോര്‍ട്ട് പരിഗണിക്കും


മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ യോഗം ആഗസ്റ്റ് മൂന്നിന് ദല്‍ഹിയില്‍ ചേരും.

ദല്‍ഹിയിലെ സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ നടത്തിയ പരിശോധനകളുടെ റിപ്പോര്‍ട്ട് യോഗം പരിഗണിക്കുന്നതിനാല്‍ മൂന്നിലെ യോഗം അണക്കെട്ട് സംബന്ധിച്ച് ഏറെ നിര്‍ണായകമാകും. സുപ്രീം കോടതി സമിതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ മാര്‍ച്ച് ഒമ്പതുമുതലാണ് അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് പഠനം നടന്നത്. ഇടക്ക് മുടങ്ങിയ പരിശോധനകള്‍ ജൂണ്‍ ആറിനാണ് അവസാനിച്ചത്. റിമോട്ട് ഓപറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ച് അണക്കെട്ടിന്റെ ജലത്തിനഭിമുഖമായ ഭാഗത്ത് ഉണ്ടായ കേടുപാടുകള്‍ വീഡിയോ ദൃശ്യങ്ങളായി ചിത്രീകരിക്കുകയാണ് ചെയ്തത്. സെന്‍ട്രല്‍ സോയില്‍ ആന്‍ഡ് മെറ്റീരിയല്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ ഡയറക്ടര്‍ മുരാരി രത്‌നം രണ്ട് പ്രാവശ്യം അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന വിലയിരുത്തിയിരുന്നു.

ഏറെ രഹസ്യമായി നടന്ന പരിശോധനകളുടെ റിപ്പോര്‍ട്ടാണ് മൂന്നിന് ചേരുന്ന ഉന്നതാധികാര സമിതി യോഗം പരിഗണിക്കാന്‍ പോകുന്നത്. പരിശോധനാ ഘട്ടത്തില്‍ അണക്കെട്ടിന് വലിയ തോതില്‍ ക്ഷതം സംഭവിച്ചതായും അണക്കെട്ടിന്റെ അവസ്ഥ ഏറെ ഗുരുതരമാണെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. അണക്കെട്ടില്‍ രണ്ടാം ഘട്ട പരിശോധന സംബന്ധിച്ച് കേരളത്തിന്റെ തര്‍ക്കങ്ങള്‍ക്കും യോഗത്തില്‍ തീരുമാനമാകും.

പ്രധാന അണക്കെട്ടിന്റെ മുകളില്‍നിന്ന് തുരന്ന് സുര്‍ക്കി മിശ്രിതം ഉള്‍പ്പെടെ സാമ്പിള്‍ ശേഖരിച്ച് പഠനം നടത്തുകയാണ് രണ്ടാം ഘട്ടം. രണ്ടാം ഘട്ട പഠനം സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ പുണെയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ ഡയറക്ടര്‍ ഡോ. ദേശായി അടുത്തിടെ അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു. അണക്കെട്ടില്‍ പരിശോധനക്കായി കുഴിക്കേണ്ട സ്ഥലം സംബന്ധിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് ഉന്നതാധികാര സമിതി യോഗത്തില്‍ തീരുമാനമാകുമെന്നാണ് സൂചന.