Random Posts

Saturday, July 2, 2011

നിധിയുടെ മൂല്യം ഒരുലക്ഷം കോടിയോളം : ഉടമസ്ഥാവകാശം സര്‍ക്കാരിനുതന്നെയെന്ന് നിയമലോകം

തിരുവനന്തപുരം:തിരുവിതാംകൂര്‍ രാജവംശത്തിന്റെ സത്യസന്ധതയില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളില്‍ ആരുമറിയാതെ ഉറങ്ങിക്കിടന്നിരുന്നത് ഏകദേശം ഒരുലക്ഷം കോടിയോളം രൂപ വിലവരുന്ന സ്വര്‍ണവും രത്‌നവും പവിഴവും ഉള്‍പ്പെടുന്ന അപൂര്‍വനിധി. മഹാനിധിശേഖരത്തിന്റെ എഴുപത്തിയഞ്ച് ശതമാനത്തോളം ആസ്തി കണക്കാക്കിയപ്പോള്‍ മൂല്യം 50,000 കോടി കവിഞ്ഞു. എന്നാല്‍ ഇന്ദ്രനീലവും മാണിക്യവുമടക്കമുള്ള രത്‌നങ്ങളുടെ മൂല്യം കൃത്യമായി തിട്ടപ്പെടുത്താനാവാത്തതിനാല്‍ ആസ്തി ഇതിലും ഏറെ വര്‍ധിക്കാനാണ് സാധ്യത. നൂറ്റാണ്ടുകളായി തുറന്നിട്ടില്ലെന്ന് കരുതപ്പെടുന്ന ശ്രീ പണ്ടാരവക നിലവറയിലെ നിധിശേഖരത്തിന്റെ ആസ്തി കണക്കാക്കല്‍ ഇതുവരെ കണക്കാക്കാനായിട്ടില്ല. ഓരോ ദിവസവും പുറത്തുവരുന്ന കോടികളുടെ കണക്ക് പെരുകിയതോടെ വന്‍ പോലീസ് സംഘത്തെ ക്ഷേത്രത്തിനകത്തും പുറത്തുമായി വിന്യസിച്ചിരിക്കുകയാണ്.

ഒരുലക്ഷം കോടിയോളം രൂപ മൂല്യമുള്ള വസ്തുക്കള്‍ ക്ഷേത്രത്തിന്റെ നിലവറകളില്‍ ഉള്ളതായാണ് ഇപ്പോഴത്തെ നിഗമനം. അങ്ങനെയെങ്കില്‍ ലോകത്തിലെത്തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രമായി മലയാളത്തിന്റെ ഈ മഹാഭാഗ്യം മാറും. 536 കിലോ സ്വര്‍ണനാണയം, 16 കിലോ ഈസ്റ്റ് ഇന്‍ഡ്യാ കമ്പനി സ്വര്‍ണ നാണയങ്ങള്‍, നെപ്പോളിയന്റെ കാലത്തെ മൂന്ന് കിലോ സ്വര്‍ണനാണയങ്ങള്‍, 16 കിലോ തിരുവിതാംകൂര്‍ സ്വര്‍ണ നാണയങ്ങള്‍, 500 കിലോ സ്വര്‍ണക്കതിര്‍, ആനയുടെ ചെറു സ്വര്‍ണപ്രതിമകള്‍, അത്യപൂര്‍വമായ ഇന്ദ്രനീലക്കല്ലും രണ്ടായിരത്തിലേറെ മാണിക്യക്കല്ലുകള്‍, സ്വര്‍ണത്തിലുള്ള അരപ്പട്ട, ചട്ട, സ്ത്രീകളണിയുന്ന ഒഢ്യാണം എന്നിവയടങ്ങിയ ഉടയാടകളുടെ ശേഖരം എന്നിവയാണ് വെള്ളിയാഴ്ചമാത്രമായി തിട്ടപ്പെടുത്തിയത്. അപൂര്‍വ രത്‌നങ്ങളുടെയും പൈതൃകപ്രാധാന്യമുള്ള നാണയങ്ങളുടെയും മൂല്യം കണക്കാക്കുമ്പോള്‍ നിധിയുടെ കണക്കുകള്‍ ഇരട്ടിക്കും. ശ്രീ പദ്മനാഭന്റെ കഴുത്തിലണിയുന്ന സ്വര്‍ണ ഷാള്‍, ശ്രീ പദ്മനാഭ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണ ഉടയാടകള്‍ തുടങ്ങിയവ അടങ്ങിയ പെട്ടിയാണ് ഇനി പ്രധാനമായും തുറക്കാനുള്ളത്.

പതിറ്റാണ്ടുകളായി തുറന്നിട്ടില്ലെന്ന് കരുതുന്ന 'ബി' നിലവറയും നിത്യോപയോഗ സാധനങ്ങള്‍ സൂക്ഷിക്കുന്ന 'എഫ്' നിലവറയും കൂടി ഇനി തുറക്കാനുണ്ട്. ഇത് തുറക്കുന്നത് സംബന്ധിച്ച് ശനിയാഴ്ച രാവിലെ ചേരുന്ന കമ്മീഷന്‍യോഗത്തില്‍ തീരുമാനമെടുക്കും. 'എ' നിലവറയിലെ ബാക്കി ആസ്തികള്‍ കണക്കാക്കല്‍ ശനിയാഴ്ച ഉച്ചയോടെ പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രത്തിലെ സമ്പത്തിന്റെ കണക്കെടുപ്പ് പുരോഗമിക്കുമ്പോഴും അളവറ്റ സമ്പത്തിന്റെ ഉറവിടത്തിന്റെ ഭാവി സംബന്ധിച്ച് ഉയരുന്ന അഭ്യൂഹങ്ങള്‍ നിരവധി. സുരക്ഷിതത്വമൊരുക്കുന്നതുമായി ബന്ധപ്പെട്ടുയരുന്ന ആശങ്കകളാണ് സര്‍ക്കാരിനെപ്പോലും കുഴയ്ക്കുന്നത്. അതികര്‍ശനമായ സുരക്ഷാ സംവിധാനമൊരുക്കാതെ ഇനി ക്ഷേത്രത്തിന്റെ ദൈനംദിനകാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ല. ഇതുവരെ പാറാവ് നിന്നതും സുരക്ഷയൊരുക്കിയതും പട്ടാളത്തില്‍ നിന്ന് വിരമിച്ചവരും ക്ഷേത്രം ജീവനക്കാരുമൊക്കെയാണെങ്കില്‍ ഇനി അങ്ങനെയാവില്ല കാര്യങ്ങള്‍. ഹൈദരാബാദ് നൈസാമിന്റെ കൊട്ടാരമാണ് ഇതിനുദാഹരണമായി ഉന്നതസുരക്ഷാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

അളവറ്റ സമ്പത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയായതോടെ ഈ കോട്ടയുടെ സുരക്ഷിതത്വം പട്ടാളത്തിന്റെ കൈയിലേക്ക് ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. പട്ടാള ബാരക്കുകളാണ് ഇപ്പോള്‍ ഹൈദരാബാദ് നൈസാമിന്റെ 'നിധി കാക്കുന്നത്'. ഏറ്റവുമധികം ആസ്തി കണക്കാക്കപ്പെടുന്ന തിരുപ്പതി ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്ന സുരക്ഷാ സന്നാഹവും വിപുലമാണ്. നിലവില്‍ തിരുപ്പതി ട്രസ്റ്റിനോളമോ ഒരു പക്ഷേ അതിനപ്പുറമോ ആസ്തി കണക്കാക്കപ്പെടുന്ന പദ്മനാഭസ്വാമിക്ഷേത്രത്തിനും സുരക്ഷ വിപുലപ്പെടുത്തേണ്ട ആവശ്യകതയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഭാവിയില്‍ പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ സുരക്ഷിതത്വവും സൈനികഅര്‍ധസൈനിക വിഭാഗങ്ങളെത്തന്നെ ഏല്‍പ്പിക്കേണ്ടിവരുമെന്ന് തന്നെയാണ് വിവിധകോണുകളില്‍ നിന്നുയരുന്ന പ്രവചനങ്ങളും. കവര്‍ച്ചാ സംഘങ്ങളെക്കാള്‍ തീവ്രവാദി ആക്രമണങ്ങളാണ് ഇക്കാര്യത്തില്‍ സുരക്ഷാ ഏജന്‍സികള്‍ മുന്നോട്ട് വെയ്ക്കുന്ന ആശങ്ക.

കേരളത്തില്‍ വന്‍ക്ഷേത്രക്കവര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന വിശദീകരണമാണ് ഇക്കാര്യത്തില്‍ സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്നത്. കാലടി മഹാദേവ ക്ഷേത്രത്തിലെ മരതകശിവലിംഗം കവര്‍ച്ച ചെയ്യപ്പെട്ടതാണ് കേരളത്തിലെ ഏറ്റവും വലിയ കവര്‍ച്ചയായി പോലീസുദ്യോഗസ്ഥര്‍ പറയുന്നത്. നാല് വര്‍ഷം മുമ്പ് നടന്ന ഈ കവര്‍ച്ചയുടെ തുടരന്വേഷണത്തിനിടയില്‍ വേറെ 156 കേസുകള്‍ക്ക് പോലീസിന് തുമ്പുകിട്ടി. കുറെയേറെ തെളിയിക്കാനുമായി. എന്നാല്‍ മരതകശിവലിംഗമോ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മോഷ്ടാക്കളെയോ നിയമത്തിന് മുന്നിലെത്തിക്കാനായില്ല. രാജ്യവും അധികാരവും ഉള്ളപ്പോഴും ഉപേക്ഷിച്ചപ്പോഴും ശ്രീപത്മനാഭന്റെ അളവറ്റ സമ്പത്ത് എടുക്കാന്‍ തയ്യാറാകാതിരുന്നതു തന്നെ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ സത്യസന്ധതയുടെ മുഖമുദ്രയാണ്. കോടികള്‍ വിലമതിക്കുന്ന സമ്പാദ്യം പത്മനാഭ സന്നിധിയില്‍ തന്നെ സുരക്ഷിതമായി നിലകൊണ്ടു. ഇത് ലോകചരിത്രത്തില്‍ അപൂര്‍വസംഭവമത്രേ.

ശ്രീപത്മനാഭസ്വാമിയുടെ പാദങ്ങളില്‍ ഇത്രയേറേ സമ്പത്ത് കൈമോശം വരാതെ കാത്തുസൂക്ഷിച്ചിരുന്നുവെന്ന കണ്ടെത്തല്‍ ഏവരെയും അദ്ഭുതപ്പെടുത്തിയിരിക്കുകയാണ്. അതേ സമയം കാലാകാലങ്ങളായി സൂക്ഷിച്ചുവച്ച നിധിശേഖരത്തിന്റെ വാതിലുകള്‍ ഓരോന്നു തുറക്കപ്പെടുമ്പോഴും ഉത്കണ്ഠ വര്‍ധിക്കുകയും ചെയ്യുന്നു. കണ്ടെടുത്ത സൂക്ഷിപ്പുകള്‍ ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കാനാണു സുപ്രീംകോടതി നിരീക്ഷകരുടെ തീരുമാനം. അളവറ്റ സ്വര്‍ണശേഖരരത്തെ കുറിച്ചു പുറംലോകം അറിഞ്ഞതോടെ പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്നലെ രാത്രി മുതലാണു കൂടുതല്‍ പൊലീസിനെ വിന്യസിച്ചത്. സുരക്ഷ ശക്തമാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ പുറത്തെടുത്ത സാധനങ്ങളുടെ കണക്കെടുത്തു റജിസ്റ്ററില്‍ രേഖപ്പെടുത്തുന്ന ജോലി പൂര്‍ത്തിയാക്കിയ ശേഷമേ അടുത്ത അറ തുറക്കുകയുള്ളു. കണക്കെടുപ്പ് പൂര്‍ത്തിയാക്കാന്‍ ഇനിയും ഒരാഴ്ച കൂടി വേണ്ടിവരുമെന്നാണു സുപ്രീം കോടതി നിരീക്ഷകരുടെ നിഗമനം.

ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ് ക്ഷേത്രത്തിലെ അമൂല്യ നിധി ശേഖരത്തിലേയ്ക്ക് വെളിച്ചം വീശിയത്. രണ്ടുനൂറ്റാണ്ടിലേറെ പഴക്കമുള്ള പദ്മനാഭസ്വാമി ക്ഷേത്രം 1750 ല്‍ മാര്‍ത്താണ്ഡവര്‍മയാണ് പുതുക്കി പണിതത്. നൂറുകണക്കിന് സ്വര്‍ണക്കുടങ്ങളും സ്വര്‍ണം, വെള്ളി ആഭരണങ്ങളും തിരുവാഭരണം ഉള്‍പ്പടെയുള്ള അമൂല്യ വസ്തുക്കളുമാണ് നിലവറകളില്‍ സൂക്ഷിച്ചിട്ടുള്ളത്. ആറ് രഹസ്യ അറകളില്‍ രണ്ടെണ്ണം 1875 ന് ശേഷം തുറന്നിട്ടില്ല. ക്ഷേത്രത്തിലെ അമൂല്യ സ്വത്തുക്കളുടെ പട്ടികതയാറാക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സുപ്രീം കോടതി ശരിവച്ചതോടെ വര്‍ഷങ്ങള്‍ നീണ്ട നിയമ യുദ്ധത്തിന് വിരാമമായത്. നിലവറകള്‍ തുറന്ന് ആഭരണങ്ങളുടെ കണക്കെടുക്കാമെന്ന് ഉത്തരവിലൂടെ സുപ്രീം കോടതി നിര്‍ദേശിച്ചു. ഇത് ഹൈക്കോടതി ജഡ്ജിമാരുടെ മേല്‍നോട്ടത്തിലായിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചു. സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥനുള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടു പ്രതിനിധികളും രാജകുടുംബത്തിന്റെ പ്രതിനിധികളും ഹര്‍ജിക്കാരനും സമിതി. നിലവറ തുറന്ന് സ്വത്തുക്കളുെട കണക്കെടുപ്പ് നടത്തുന്നത് വീഡോയോയില്‍ പകര്‍ത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

രാജ ഭരണം അവസാനിച്ച സാഹചര്യത്തില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്‍ ടി പി സുന്ദര്‍ രാജനായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം നിധിശേഖരത്തിന്റെ വിസ്മയിപ്പിക്കുന്ന മൂല്യം അനാവരണം ചെയ്യപ്പെട്ടതോടെ ഇതിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ചര്‍ച്ചകള്‍ നിയമവൃത്തങ്ങളില്‍ സജീവമായി. ഉടമസ്ഥാവകാശം സര്‍ക്കാരിനായിരിക്കണമെന്നാണ് ശക്തമായ വാദഗതി. തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ ഭരണകാലത്ത് പലരീതിയില്‍ ശേഖരിക്കപ്പെട്ട നിധിശേഖരമാണ് ക്ഷേത്ര നിലവറയില്‍ സൂക്ഷിച്ചിട്ടുള്ളതെന്ന കാര്യം വ്യക്തമാണ്. തിരുവിതാംകൂറിന്റെ ശില്പിയായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് തിരുവിതാംകൂര്‍ രാജ്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി തൊട്ടടുത്ത കൊച്ചുകൊച്ച് അയല്‍രാജ്യങ്ങളെ ആക്രമിച്ചു കീഴ്‌പ്പെടുത്തി ആ രാജ്യങ്ങളില്‍ നിന്നു പിടിച്ചെടുത്ത സമ്പത്തെല്ലാം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവറകളില്‍ സൂക്ഷിക്കുകയായിരുന്നു.

അങ്ങനെ രാജ്യഭരണത്തിന്റെ ഭാഗമായി ലഭിച്ച സ്വത്തിന്റെ ഉടമസ്ഥാവകാശം രാജകുടുംബത്തിനല്ല, സര്‍ക്കാരിനു തന്നെയാണ്. ഒരു പ്രമുഖ നിയമജ്ഞന്‍ ചൂണ്ടിക്കാട്ടി. 1947 ല്‍ രാജഭരണം അവസാനിക്കുകയും 1971 ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രിവിപഴ്‌സ് നിറുത്തലാക്കുകയും 1993ല്‍ പ്രിവിപഴ്‌സ് നിറുത്തലാക്കിയതു സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തതോടെ രാജക്കന്‍മാര്‍ സാധാരണ പൗരന്‍മാരായി കഴിഞ്ഞു. അതിനാല്‍ രാജഭരണത്തിന്റെ ഭാഗമായി ഉണ്ടാക്കിയ സ്വത്തിന്മേല്‍ അവര്‍ക്കുള്ള എല്ലാ അധികാരവും നഷ്ടപ്പെട്ടു. തിരുവിതാംകൂറിലെ അവസാനത്തെ രാജാവായ ശ്രീചിത്തിര തിരുനാള്‍ 1991 ല്‍ അന്തരിച്ചതോടെ രാജ്യഭരണത്തിന്റെ ഭാഗമായുണ്ടാക്കിയ എല്ലാ സ്വത്തുക്കളും സര്‍ക്കാരില്‍ നിക്ഷിപ്തമാക്കേണ്ടതായിരുന്നു. എന്നാല്‍ തിരുവനന്തപുരത്തുകാരുടെ അടങ്ങാത്ത രാജഭക്തിമൂലം ഈ അഭിപ്രായവുമായി ആരും രംഗത്തുവന്നില്ല- അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ സമ്പത്തുള്ള ക്ഷേത്രമായി അറിയപ്പെടുന്നതു തിരുപ്പതി ക്ഷേത്രമാണ്.

ഇവിടെ 32000 കോടി രൂപയുടെ സമ്പാദ്യമുണ്ടെന്നാണു കണക്ക്. ശ്രീപത്മനാഭസ്വാമി സന്നിധിയിലെ സമ്പത്തിന്റെ മൂല്യം ഇതിന്റെ മൂന്നിരട്ടിയിലേറെ വരുമെന്നാണു ലഭിക്കുന്ന സൂചന. ക്ഷേത്രത്തിലെ അമൂല്യമായ സൂക്ഷിപ്പുകളെക്കുറിച്ചു തിരുവിതാംകൂര്‍ രാജവംശത്തിനു പൂര്‍ണ ബോധ്യമുണ്ടായിരുന്നെങ്കിലും ഒരുഘട്ടത്തിലും അതില്‍ തൊടാന്‍ പോലും ആരും തുനിഞ്ഞില്ലെന്നതു ശ്രദ്ധേയമാണ്. രഹസ്യ അറകളുണ്ടെന്നും അതില്‍ ശ്രീപത്മനാഭന്റെ അളവറ്റ സമ്പത്തുണ്ടെന്നും രാജപരമ്പരയുടെ തലപ്പത്തിരുന്നവര്‍ക്കെല്ലാം അറിയാമായിരുന്നു. പക്ഷേ സ്വാമിയുടെ മുതലിന് എന്നും കാവലാളായി, ശ്രീപത്മനാഭ ദാസന്‍മാരായി മാത്രം ജീവിച്ച് അവര്‍ മഹനീയ മാതൃകയായി. ക്ഷേത്രദര്‍ശനം കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ രണ്ടു കാലും തട്ടിക്കുടയുന്ന ശീലം ഇന്നും രാജകുടുംബാംഗങ്ങള്‍ പാലിക്കുന്നു. പത്മനാഭന്റെ ഒരു തരി മണ്ണ് പോലും കാലില്‍പ്പറ്റിയിട്ടില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ. 'ധര്‍മമാണു കുലദൈവം എന്നതാണു തിരുവിതാംകൂര്‍ രാജവംശത്തിന്റെ മുഖമുദ്ര.

രാജകുടുംബത്തിലെ ആണ്‍കുട്ടികളെ ഒന്നാം വയസ്സില്‍ പത്മനാഭദാസനായി നടയ്ക്കിരുത്തുന്ന പതിവുണ്ട്. സ്വാമിയോടുള്ള അളവറ്റ വിശ്വാസത്തിന്റെ പ്രതീകമാണിത്. ചിത്തിര തിരുനാള്‍ മഹാരാജാവ് രാജസ്ഥാനം ഏറ്റെടുത്തപ്പോള്‍ പറഞ്ഞത്, കിരീടം ധരിക്കുന്ന ശിരസിന്റെ ഭാരം വളരെ വലുതാണെന്നും കര്‍മമണ്ഡലത്തില്‍ കാര്യങ്ങള്‍ കൊണ്ടുവരാന്‍ അപാര കരുത്ത് വേണമെന്നുമാണ്. കൊട്ടാരത്തില്‍ പിറന്നാള്‍ പോലുള്ള എന്തു വിശേഷ ചടങ്ങുകള്‍ നടന്നാലും ശ്രീപത്മനാഭനു കാണിക്ക സമര്‍പ്പിക്കുന്ന പതിവ് ഇപ്പോഴുമുണ്ട്. ഒരു ദിവസം ശ്രീപത്മനാഭ സന്നിധിയിലെത്തി തൊഴാന്‍ പറ്റിയില്ലെങ്കില്‍ ക്ഷേത്രത്തില്‍ പിഴ അടയ്ക്കണമെന്ന വ്യവസ്ഥയും ഇപ്പോഴും പാലിക്കപ്പെടുന്നു. രാജകുടുംബത്തിലെ ഇപ്പോഴത്തെ ഏറ്റവും തലമുതിര്‍ന്ന അംഗം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഒരു ദിവസം ദര്‍ശനം മുടങ്ങിയാല്‍ 151 രൂപ 55 പൈസയാണു പിഴ നല്‍കുന്നത്. പത്മനാഭസ്വാമിക്ക് അങ്ങോട്ടു പണം നല്‍കുകയല്ലാതെ തിരിച്ചെടുക്കില്ല എന്ന് ഈ ആചാരവും വിളിച്ചോതുന്നു.

ക്ഷേത്രമുതല്‍ മോഷ്ടിക്കാന്‍ ശ്രമിച്ചവരെ പിടികൂടി പിഴയടപ്പിച്ച സംഭവവും ചരിത്രരേഖകളിലുണ്ട്. 1820ല്‍ ആനക്കാരന്‍ മുളംകുറ്റിയില്‍ വെളിച്ചെണ്ണ കടത്തിയതു ശിപായി പിടികൂടിയെന്നും ഇതില്‍ മൂന്ന് ഇടങ്ങഴി വെളിച്ചെണ്ണ ഉണ്ടായിരുന്നുവെന്നും രണ്ടേമുക്കാല്‍ പണം പിഴ ഈടാക്കിയെന്നും രേഖകളില്‍ കാണുന്നു. ഈ ശുഷ്‌കാന്തിയും നിതാന്തജാഗ്രതയും തന്നെയാണു നിലവറകളിലെ നിധികുംഭങ്ങളെ നൂറ്റാണ്ടുകളോളം കാത്തുസൂക്ഷിച്ചതും. അതാകട്ടെ രാജ്യത്തിനാകെ സമ്പത്തുപകരുന്ന ഒരു തിരുശേഷിപ്പായി അവശേഷിക്കുകയും ചെയ്യുന്നു