
എറണാകുളം ജില്ലയിലെ സി.പി.എമ്മിന്റെ സമുന്നതനായ നേതാവിനെതിരെ ഉയര്‍ന്ന സ്വഭാവദൂഷ്യ ആരോപണം മേല്‍ക്കമ്മിറ്റിക്ക് വിടാന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, പരാതി ജില്ലാ സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്യാന്‍ നിര്‍ദേശിച്ചതുപ്രകാരമാണ് ശനിയാഴ്ച അടിയന്തര യോഗം ചേര്‍ന്നത്. വി.എസ്. വിഭാഗം, നേതാവിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുകൂലിച്ചില്ല. സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
നേതാവിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നായിരുന്നു വി.എസ്. വിഭാഗത്തിന്റെ നിലപാട്. ഒരു നിമിഷം പോലും സ്ഥാനത്ത് ഇരുത്തരുതെന്നും പകരം മുതിര്‍ന്ന നേതാവ് കെ.എന്‍. രവീന്ദ്രനാഥിനെ ചുമതല ഏല്പിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. ആരോപണം കെട്ടിച്ചമച്ചതാണെന്ന് പിണറായി വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാമെന്ന് വി.എസ്. വിഭാഗം വാദിച്ചു. വി.എസ്. വിഭാഗത്തില്‍ നിന്നുള്ള മൂന്നുപേര്‍ രൂക്ഷമായിത്തന്നെയാണ് പ്രതികരിച്ചത്. പരാതി ആര്‍ക്കെതിരെയും ആര്‍ക്കും ഉന്നയിക്കാം, അന്വേഷണമില്ലാതെ നടപടികള്‍ പാടില്ലെന്നായിരുന്നു പിണറായി വിഭാഗത്തിന്റെ പക്ഷം. കമ്മിറ്റിയില്‍ ചേരിതിരിഞ്ഞ് അഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്ന് വിഷയം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്യട്ടേയെന്ന് പിണറായി വിജയന്‍ നിര്‍ദേശിച്ചു. തിങ്കളാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെങ്കിലും, അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റിയുടേതായിരിക്കും.
മുതിര്‍ന്ന നേതാവിനെതിരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം തന്നെയാണ് പരാതി നല്‍കിയത്. സംസ്ഥാന കമ്മിറ്റിക്കും കേന്ദ്ര കമ്മിറ്റിക്കും പരാതിയുടെ കോപ്പി പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പരാതി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശ്രദ്ധയില്‍പ്പെടുത്താനായിരുന്നു തീരുമാനം. അതുപ്രകാരം സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി ചര്‍ച്ചക്കെടുത്തെങ്കിലും ജില്ലാ സെക്രട്ടേറിയറ്റ് തന്നെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യട്ടെയെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇപ്പോള്‍ പന്ത് വീണ്ടും സംസ്ഥാന നേതൃത്വത്തിന്റെ കൈയിലെത്തിയിരിക്കുകയാണ്.
വി.എസ്., പിണറായി പക്ഷങ്ങള്‍ തമ്മില്‍ ശക്തമായ പോര് നടക്കുന്ന എറണാകുളം ജില്ലയില്‍ ഇതോടെ ഗ്രൂപ്പുയുദ്ധം പുതിയ വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്. ആരോപണ വിധേയനായ നേതാവ് മുമ്പ് വി.എസ്. വിഭാഗത്തിന്റെ ശക്തനായ വക്താവായിരുന്നു. ഇപ്പോള്‍ കഴിഞ്ഞ സമ്മേളന ശേഷം അദ്ദേഹം ഔദ്യോഗിക പക്ഷത്തേക്ക് മാറിയതോടെ ജില്ലയിലെ ഗ്രൂപ്പുപ്രശ്‌നം രൂക്ഷമാകുകയായിരുന്നു. നേതാവ് മാറിയതോടെ വി.എസ്. വിഭാഗത്തിന് മുന്‍തൂക്കമുള്ള ജില്ല, പിണറായി പക്ഷത്തേക്ക് മാറിയെന്ന പ്രചാരണം ഉണ്ടായി. എന്നാല്‍ ശക്തമായ പ്രവര്‍ത്തനങ്ങളുമായി വി.എസ്. വിഭാഗം ഇതിനെ മറികടക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്. ആരോപണ വിധേയനായ നേതാവിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കം ഔദ്യോഗിക പക്ഷത്തുനിന്ന് ഉണ്ടായപ്പോള്‍ ജില്ലാ സെക്രട്ടേറിയറ്റിലെ വി.എസ്. വിഭാഗം അതിനെ ചെറുത്തു തോല്പിച്ചിരുന്നു.
പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ, പിണറായി പക്ഷത്തെ ഉന്നത നേതാവിനെതിരെതന്നെ സ്വഭാവദൂഷ്യ ആരോപണം കൊണ്ടുവന്ന് വി.എസ്. പക്ഷം ഒരു മുഴം മുമ്പേ എറിഞ്ഞിരിക്കുകയാണ്.






