
എറണാകുളം ജില്ലയിലെ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതി ആരോപണങ്ങള്‍ വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്ലാന്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ 18 കോടി രൂപയിലേറെ നഷ്ടമുണ്ടായതായാണ് ആരോപണം.
20 കോടിയോളം രൂപ മുതല്‍ മുടക്കിയാണ് കൊച്ചി കോര്‍പറേഷന്‍ ബ്രഹ്മപുരത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഒരു കൊല്ലം കഴിയുന്നതിന് മുമ്പുതന്നെ പ്ലാന്റിന്റെ പ്രവര്‍ത്തനം മുടങ്ങി. ഇത് അന്വേഷിക്കേണ്ടതുണ്ടെന്നും ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
പരിസര മലിനീകരണം തടയുന്നതിനായി പ്ലാന്റ് ക്യാപ് ചെയ്ത് സംരക്ഷിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ഭാവിയില്‍ ദോഷമുണ്ടാവാത്ത രീതിയിലുള്ള പ്രവര്‍ത്തനമാണ് ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ, ബ്രഹ്മപുരം പ്ലാന്റിലേക്ക് മാലിന്യങ്ങളുമായി വന്ന ലോറി ജില്ലയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദിവസങ്ങളായി ഇവിടെ മാലിന്യ നിക്ഷേപം നടക്കുന്നില്ല.
കൊച്ചി നഗരത്തിന് സമീപത്തായി കിഴക്കമ്പലത്താണ് ബ്രഹ്മപുരം പ്ലാന്റ് നിര്‍മിച്ചിരിക്കുന്നത്. മാലിന്യങ്ങളില്‍ നിന്ന് ജൈവവളം ഉണ്ടാക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ഇടക്ക് വെച്ച് നിര്‍ത്തിയതോടെ സംസ്‌കരണം നടക്കാതായി. ഇതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന മാലിന്യങ്ങള്‍ ഇവിടെ കുമിഞ്ഞ് കൂടുകയാണ്





