പേപ്പര്‍ ലോട്ടറികളിന്മേലുള്ള കേരള നികുതി (ഭേദഗതി) ബില്‍ നിയമസഭ ഐകകണേ്ഠ്യന പാസാക്കി. ലോട്ടറി സംബന്ധിച്ച് സി.ബി.ഐ. നടത്താനിരിക്കുന്ന അന്വേഷണത്തില്‍ വിഷയത്തിന്റെ വ്യാപ്തി പൂര്‍ണമായും ഉള്‍പ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്റെ കാലാവധി തിങ്കളാഴ്ച തീരാനിരിക്കെയാണ് ബില്‍ അടിയന്തരമായി പരിഗണനയ്‌ക്കെടുത്തത്. തിരഞ്ഞെടുപ്പിനു മുമ്പും തിരഞ്ഞെടുപ്പിലും ചൂടുള്ള വിഷയമായിത്തീര്‍ന്ന ലോട്ടറി വിവാദത്തിന്റെ തീപ്പൊരികള്‍ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളായി സഭയില്‍ ഒരിക്കല്‍കൂടി ജ്വലിപ്പിച്ചശേഷമാണ് ബില്‍ ഐകകണേ്ഠ്യന പാസാക്കിയത്. നിയമമന്ത്രി കെ.എം. മാണിയാണ് ബില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് വിയോജനക്കുറിപ്പുമായി തോമസ് ഐസക്കിന്റെ ഊഴമായിരുന്നു. ചൂതാട്ടമായി വളര്‍ന്ന ലോട്ടറിയെ നിയന്ത്രിക്കാന്‍ കേന്ദ്രനിയമം പര്യാപ്തമല്ലെന്നും സംസ്ഥാന സര്‍ക്കാരിന് പ്രത്യക്ഷമായോ പരോക്ഷമായോ കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ കയറിക്കൂടാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോട്ടറി നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. കോടതികളില്‍ പ്രശ്‌നം ഉന്നയിക്കപ്പെട്ടപ്പോഴെല്ലാം ഇക്കാര്യം വ്യക്തമായതാണ്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചെറിയ നിയമതടസ്സമെങ്കിലും ലോട്ടറി കൊള്ളയ്‌ക്കെതിരെ സൃഷ്ടിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കേണ്ടതുണ്ട്. ലോട്ടറിയെന്നത് പരിശുദ്ധമായ വ്യാപാരമല്ലാത്തതുകൊണ്ടുതന്നെ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുംവിധം കേന്ദ്രനിയമത്തില്‍ മാറ്റം വരുത്തണമെന്നും വ്യക്തമാക്കി. അതില്ലെങ്കില്‍ ലോട്ടറിയുടെ മറവിലുള്ള കൊള്ള തുടരുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
പ്രമോട്ടറില്‍ നിന്നും നികുതിയിനത്തില്‍ ഈടാക്കുന്ന17 ലക്ഷം രൂപ എന്നത് അമ്പത് ലക്ഷം രൂപയും ഏഴ് ലക്ഷം രൂപയെന്നത് 25 ലക്ഷം രൂപയുമായി ഉയര്‍ത്തണമെന്ന ഭിന്നാഭിപ്രായക്കുറിപ്പാണ് പ്രതിപക്ഷം കൊണ്ടുവന്നത്. തോമസ് ഐസക്കിനുശേഷം സംസാരിച്ച മുല്ലക്കര രത്‌നാകരനും കോവൂര്‍ കുഞ്ഞുമോനും വി. ചെന്താമരാക്ഷനും ലോട്ടറിയുടെ പേരില്‍ ചൂതാട്ടം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് വക്താവായ അഭിഷേക്‌സിംഗ്വിക്കും കോണ്‍ഗ്രസ് എം.പി. മണികുമാര്‍ സുബ്ബയയ്ക്കും കേന്ദ്രമന്ത്രി പി. ചിദംബരത്തിനും ലോട്ടറി മാഫിയയുമായി ബന്ധമുണ്ടെന്നും ആരോപിച്ചു.
യു.ഡി.എഫ്. സര്‍ക്കാരിന്റെ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവുമാണ് നിയമമാക്കുന്നതിലൂടെ തെളിയുന്നതെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ലോട്ടറിയെ ചൂതാട്ടനിയമത്തില്‍പ്പെടുത്തി യു.ഡി.എഫ്. നിരോധിച്ചപ്പോള്‍ ഇടതുസര്‍ക്കാര്‍ ലോട്ടറി മാഫിയയെ സഹായിക്കുകയാണ് ചെയ്തത്. സാന്റിയാഗോ മാര്‍ട്ടിനെപ്പോലുള്ളവരുടെ മുന്നില്‍ കുനിഞ്ഞുനിന്നുവെന്നും കുറ്റപ്പെടുത്തി.
പ്രതിപക്ഷം നിര്‍ദ്ദേശിച്ച ഭേദഗതി കേസുകളെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രി കെ.എം. മാണി വ്യക്തമാക്കി. ജൂലായ് 20ന് പരിഗണനയ്ക്ക് വരുന്ന കേസുകള്‍ സംബന്ധിച്ച് മുന്‍സര്‍ക്കാര്‍ വരുത്തിയ വീഴ്ചകളെക്കുറിച്ചും ആഞ്ഞടിച്ചു. അഡ്വക്കേറ്റ് ജനറലിന് നടത്താവുന്ന കേസിന് 1.60 കോടി രൂപയാണ് നിധീഷ് ഗുപ്തയെന്ന അഭിഭാഷകന് കൊടുത്തത്. എന്നിട്ട് ഇപ്പോഴും കേസ് വിജയിപ്പിക്കാവുന്ന അവസ്ഥയിലെത്തിച്ചിട്ടുമില്ല. അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ മതിയെന്ന എ.ജിയുടെ ശുപാര്‍ശ പരിഗണിക്കാതെയാണിത്. കേസ് സംബന്ധിച്ച് നയപരമായ തീരുമാനം കൈക്കൊള്ളും. അതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
ലോട്ടറി മാഫിയക്കെതിരെ നടപടി സാധ്യമല്ലെന്ന തോമസ് ഐസക്കിന്റെ വാദം വെറും നിസ്സഹായത പ്രകടിപ്പിക്കലാണ്. കേസെടുക്കാന്‍ ഒരു നിയമതടസ്സവുമില്ല. കള്ളനോട്ട് പ്രചരിച്ചാല്‍ കേന്ദ്രസര്‍ക്കാറാണോ കേസെടുക്കാറുള്ളത്? ഇന്ത്യന്‍ നിയമപ്രകാരവും അല്ലാതെയും കേസെടുക്കാമെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. സാന്റിയാഗോ മാര്‍ട്ടിനെതിരെ കേസെടുക്കാമായിരുന്നു. പക്ഷേ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റെ ഓഫീസിന് തീവെക്കപ്പെട്ടതോടെ തെളിവ് കണ്ടെത്താനുള്ള അവസരം നഷ്ടമാക്കി. തുടരെ തുടരെ കുറ്റം ചെയ്തിട്ടും അതെല്ലാം അവഗണിച്ചു. തങ്ങള്‍ അധികാരമേറ്റതോടെ സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ടെന്നും മന്ത്രി മാണി വ്യക്തമാക്കി.
ചരിത്രപ്രധാനമായ ബില്‍ ആയതിനാലാണ് അനുകൂലിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്നതെന്നും ഭീകരരെ സഹായിക്കാന്‍ ഉപയോഗിക്കുന്നതെന്നും ആരോപിക്കപ്പെടുന്ന ലോട്ടറി കുംഭകോണത്തെക്കുറിച്ച് എല്ലാ കാര്യങ്ങളും അന്വേഷിക്കണം. എന്റെ മകനടക്കം അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയുണ്ടായി. അതും അന്വേഷിക്കണം. ചിദംബരമടക്കമുള്ള എല്ലാവര്‍ക്കുമെതിരായ കാര്യങ്ങള്‍ വിശദമായി അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണം-വി.എസ്. ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മുഖ്യമന്ത്രി ആഴത്തിലുള്ള അന്വേഷണം നടത്തുമെന്ന് സഭയയെ അറിയിച്ചത്.






