Random Posts

Saturday, July 16, 2011

മുംബൈ 13/7: നിര്‍ണായകവിവരം ലഭിച്ചെന്ന് അന്വേഷണസംഘം

രാജ്യത്തെ നടുക്കിയ മുംബൈ സേ്ഫാടനവുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണഏജന്‍സികള്‍ അറിയിച്ചു. സവേരിബസാറിലെ സേ്ഫാടനത്തിനായി ബോംബ് സ്ഥാപിച്ചിരുന്ന സ്‌കൂട്ടറിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും സേ്ഫാടനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

അന്വേഷണം ഏറ്റെടുത്തിരിക്കുന്ന മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്.) മറ്റു സംസ്ഥാനങ്ങളിലെ എ.ടി.എസ്സുകളുടെ സഹായവും തേടിയിട്ടുണ്ട്. ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.ഐ.എ.) ഇവരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. അതേസമയം മൊത്തം മരണസംഖ്യ 18 ആയി ഉയര്‍ന്നു.

സേ്ഫാടനം നടന്ന മൂന്ന് സ്ഥലങ്ങളിലും സ്ഥാപിച്ച ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി. ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളടങ്ങിയ 11 സി.ഡി.കള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്. അതിര്‍ത്തിക്കപ്പുറത്തുനിന്നെത്തിയ ഇ-മെയില്‍ സന്ദേശം സൈബര്‍ വിദഗ്ധരും പരിശോധിക്കുന്നുണ്ട്. നേരത്തേ അറസ്റ്റിലായ രണ്ട് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരുള്‍പ്പെടെ ഒട്ടേറെപ്പേരെ മുംബൈ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നുണ്ട്.

ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി. ക്യാമറകളില്‍ പതിഞ്ഞവരെ നാട്ടുകാരുടെ സഹായത്തോടെ തിരിച്ചറിയുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറി ആര്‍.കെ. സിങ് പറഞ്ഞു. 11 സി.ഡി.കളിലെ ദൃശ്യങ്ങള്‍ മുഴുവനും പരിശോധിച്ചു തീര്‍ക്കുകയെന്നത് വളരെ വലിയ ജോലിയാണ്. അത് പൂര്‍ത്തിയാക്കിയാല്‍ അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാക്കാനാവുമെന്നാണ് പ്രതീക്ഷ. വിദേശത്തു നിന്നു വന്ന ഇ-മെയില്‍ സന്ദേശത്തിന്റെ ഉറവിടവും അന്വേഷണവിധേയമാക്കുന്നുണ്ട്- ആഭ്യന്തരസെക്രട്ടറി അറിയിച്ചു.

കനത്തമഴയില്‍ സേ്ഫാടനസ്ഥലത്ത് അവശേഷിച്ച സുപ്രധാനതെളിവുകള്‍ നഷ്ടമായെന്ന റിപ്പോര്‍ട്ടില്‍ കാര്യമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. സേ്ഫാടകവസ്തുക്കളുടെ അവശിഷ്ടവും രക്തസാമ്പിളുമുള്‍പ്പെടെയുള്ളവ ഫോറന്‍സിക് വിദഗ്ധര്‍ശേഖരിച്ചിട്ടുണ്ട്. ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി.കളിലെ ദൃശ്യങ്ങളും വിലപ്പെട്ട വിവരങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷ -അദ്ദേഹം പറഞ്ഞു.

സവേരി ബസാറിലെ മുപ്പത്തിയഞ്ചും ഓപ്പറ ഹൗസിലെ രണ്ടും ദാദറിലെ നാലും ക്ലോസ്ഡ് സര്‍ക്യൂട്ട് ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്. കേരളം ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ യുവാവിന്റെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സി വെള്ളിയാഴ്ച പരിശോധന നടത്തി. മന്‍സാര്‍ ഇമാം എന്ന് പേരുള്ള ഇയാളുടെ വീട്ടിലെ കമ്പ്യൂട്ടറുകളും മറ്റും പരിശോധിച്ചതായി അധികൃതര്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ ഭീകരവിരുദ്ധ സ്‌ക്വാഡിന്റെയും ക്രൈംബ്രാഞ്ചിന്റെയും നേതൃത്വത്തില്‍ സംയുക്താന്വേഷണമാണ് നടക്കുന്നത്. അധോലോക സംഘാംഗങ്ങളും ഗുണ്ടകളുമുള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത് പുരോഗമിക്കുന്നുണ്ട്. ബുധനാഴ്ച നടന്ന മൂന്നു സേ്ഫാടനങ്ങളില്‍ 18 പേരാണ് മരിച്ചത്. നൂറിലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമായി തുടരുകയാണ്.