Random Posts

Wednesday, July 20, 2011

രാജ്യത്തെ ധനമന്ത്രിമാരുടെ അധ്യക്ഷപദവിയിലേക്കു മാണിസാര്‍ നടന്നടുക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ ഉന്നതാധികാര സമിതി അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സുപ്രധാന യോഗം ഇന്നു ഡല്‍ഹിയില്‍ നടക്കുമ്പോള്‍ എല്ലാക്കണ്ണുകളും കേരളത്തിന്റെ ധനമന്ത്രിയിലേക്ക്. രാജ്യത്തെ ധനമന്ത്രിമാരുടെ അധ്യക്ഷപദവിയിലേക്കു കെ.എം മാണിയ്ക്ക് ഇത്തവണ കനത്ത സാധ്യതയാണ് കല്‍പ്പിക്കപ്പെടുന്നത്. ബംഗാള്‍ ധനമന്ത്രി അമിത് മിത്രയാണ് മാണിസാറിനു മുന്നിലെ എകഎതിരാളി. അതേസമയം അധ്യക്ഷപദവിയിലേക്ക് മത്സരിക്കാന്‍ താന്‍ അപേക്ഷയൊന്നും നല്‍കിയിട്ടില്ലെന്ന് കെ.എം. മാണി ഞായറാഴ്ച വ്യക്തമാക്കി. ദീര്‍ഘകാലം പശ്ചിമ ബംഗാള്‍ ധനമന്ത്രിയായിരുന്ന അസിംദാസ് ഗുപ്തയായിരുന്നു സമിതിയുടെ ചെയര്‍മാന്‍. എന്നാല്‍, ബംഗാള്‍ തെരഞ്ഞെടുപ്പില്‍ അസിംദാസ് ഗുപ്ത പരാജയപ്പെടുകയും ഇടതു സര്‍ക്കാര്‍ നിലംപതിക്കുകയും ചെയ്തതോടെ കഴിഞ്ഞ അഞ്ചു മാസമായി ഈ പദവി ഒഴിഞ്ഞുകിടക്കുകയാണ്.

നീണ്ട കാലം സംസ്ഥാന ധനമന്ത്രിയായിരുന്നു എന്നതാണ് കെ.എം. മാണിക്കുള്ള പ്രധാന യോഗ്യത. മാണിക്കു സാധ്യതയെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമിതി അധ്യക്ഷ പദവി ലഭിക്കാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി മാണി കേന്ദ്ര ധനമന്ത്രി പ്രണബ്കുമാര്‍ മുഖര്‍ജിക്ക് അപേക്ഷ നല്‍കിയെന്നും ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെ.എം. മാണിയല്ലെങ്കില്‍ ബംഗാള്‍ ധനമന്ത്രി അമിത് മിത്രയെ തെരഞ്ഞെടുക്കാനാണ് സാധ്യത. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അസിംദാസ് ഗുപ്തയെ തോല്‍പിച്ചാണ് അമിത് മിത്ര മമത മന്ത്രിസഭയില്‍ ധനമന്ത്രിയായിരിക്കുന്നത്. നേരത്തേ, ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡിയോട് പദവി ഏറ്റെടുക്കാന്‍ മുഖര്‍ജി നിര്‍ദേശിച്ചിരുന്നെങ്കിലും അദ്ദേഹം അതിന് കൂട്ടാക്കിയില്ല.

അതിനിടെ, ഉല്‍പന്ന സേവനനികുതി നടപ്പാക്കുന്നതു സംബന്ധിച്ച് ധനമന്ത്രിമാര്‍ക്കിടയില്‍ സമവായം രൂപപ്പെടുത്താന്‍ തിങ്കളാഴ്ചത്തെ യോഗത്തില്‍ ശ്രമം നടക്കുമെന്ന് മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. രൂക്ഷമായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തമായ തീര്‍പ്പിലെത്തുന്നത് നീളുകയാണ്. മിക്ക സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. മുസ്‌ലീം ലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതില്‍ കേരളാ കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും ഈ പദവിയിലേക്കുള്ള സുഗമമായ യാത്രയ്ക്കായാണ്. കേരളാ കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചുകഴിഞ്ഞുവെന്നും മൂന്നാമതൊരു മന്ത്രിസ്ഥാനത്തിന് ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഇതിന് പകരമാണ് പാര്‍ട്ടിക്ക് ചീഫ് വിപ്പ് സ്ഥാനം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയതും ധനമന്ത്രിമാരുടെ അധ്യക്ഷ പദവി ലക്ഷ്യമിട്ടാണ്. ആലങ്കാരിക പദവിയാണെങ്കിലും കേരള കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ലഭിക്കുന്ന വലിയൊരു അംഗികാരമായാണ് ഇതിനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നോക്കിക്കാണുന്നത്.

അതിനിടെ കേന്ദ്രമന്ത്രിസഭാവികസനവുമായി ബന്ധപ്പെട്ട വിയോജിപ്പ് സോണിയഗാന്ധിയെ നേരില്‍ ധരിപ്പിക്കാനും കെ.എം മാണി ശ്രമിക്കുന്നുണ്ട്. ആദ്യതവണ ജയിച്ചുവെന്നതാണ് ജോസ് .കെ മാണിയുടെ മന്ത്രിപദവിക്കു വിഘാതമായത്. ലോക്‌സഭയിലെ പാര്‍ട്ടിയുടെ അംഗബലവും പ്രശ്‌നമായിരുന്നു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ശക്തി കോണ്‍ഗ്രസ് നേതൃത്വത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യമാണ് കെ.എം മാണിയുടേത്. ഇതാകട്ടെ രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവു സൃഷ്ടിച്ചേക്കും. കാരണം 2014ലെ പൊതുതിരഞ്ഞെടുപ്പിനു മുമ്പുള്ള അവസാനത്തെ മന്ത്രിസഭാ പുനഃസംഘടനയാണ് കഴിഞ്ഞ ചൊവ്വാഴ്ച നടന്നതെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തില്‍. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇനി മന്ത്രിസഭാ പുനസംഘടന ഉണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞത്. ഇതാകട്ടെ മാണി ഗ്രൂപ്പിന് ഇരുട്ടടിയാവുകയാണ്. അതേസമയം കേരളത്തിലെ യുഡിഎഫ് മന്ത്രിസഭയെ വിവാദങ്ങളിലേക്കു നയിച്ചേക്കാവുന്ന ചില നടപടികളും അണിയറയില്‍ രൂപപ്പെടുകയാണ്. കെ.എം മാണിയുടെ ബജറ്റ് പ്രഖ്യാപനത്തെത്തുടര്‍ന്നു കോണ്‍ഗ്രസില്‍ ഉടലെടുത്ത അതൃപ്തിയുടെ ചുവടുപിടിച്ചാണ് ഇതിന്റെ അണിയറനീക്കങ്ങള്‍.

ഭൂപരിഷ്‌കരണ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ബജറ്റ്പ്രഖ്യാപനങ്ങള്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന കെ എം മാണിയുടെ വെളിപ്പെടുത്തലിന്റെ ചുവടുപിടിച്ചാണ് വിവാദത്തിനു നീക്കം. ബജറ്റിനെ കോണ്‍ഗ്രസ് മന്ത്രിമാരും എംഎല്‍എമാരും ഒളിഞ്ഞും തെളിഞ്ഞും വിമര്‍ശിച്ചുകൊണ്ടിരിക്കെ മുഖ്യമന്ത്രിയെക്കൂടി ഇതിലേക്കു വലിച്ചിഴച്ച ധനമന്ത്രിയുടെ നിലപാട് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. തോട്ടങ്ങള്‍ ടൂറിസംപദ്ധതിക്ക് വിട്ടുകൊടുക്കുന്നതടക്കമുള്ള ഭൂപരിഷ്‌കരണ ഭേദഗതിനിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമായിരുന്നുവെന്നാണ് ശനിയാഴ്ച ധനമന്ത്രി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്. ഇന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഭൂപരിഷ്‌കരണവിഷയം സഭയില്‍ ഉന്നയിക്കുമെന്നാണ് അറിയുന്നത്. ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോള്‍ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിലപാട് വ്യക്തമാക്കും. ഇതായിരിക്കും കോണ്‍ഗ്രസിന്റെ നിലപാടെന്ന് ഒരു പ്രമുഖ നേതാവ് പറഞ്ഞു.

കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശമുള്ളതിനാലാണ് മാണിയുടെ നിലപാടില്‍ കടുത്ത എതിര്‍പ്പുണ്ടെങ്കിലും തിരുവഞ്ചൂര്‍ പരസ്യമായി പ്രതികരിക്കാത്തത്. എന്നാല്‍ , നിയമസഭയില്‍ നിലപാട് വ്യക്തമാക്കാന്‍ അദ്ദേഹത്തിന് പാര്‍ടി അനുവാദം നല്‍കിയിട്ടുണ്ട്. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട് തന്റെ പ്രഖ്യാപനങ്ങള്‍ക്കെതിരെ പരാതിപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വി ഡി സതീശന്‍ എംഎല്‍എയ്ക്കും മുഖ്യമന്ത്രിയാണ് മറുപടി നല്‍കേണ്ടതെന്നാണ് മാണി തുറന്നടിച്ചത്. കോണ്‍ഗ്രസുകാരുടെ പരാതി മുഖ്യമന്ത്രി തീര്‍ക്കട്ടെ, അല്ലെങ്കില്‍ കെപിസിസി പ്രസിഡന്റ്ര മേശ് ചെന്നിത്തലയോട് ചോദിക്കട്ടെ ഇതാണ് മാണിയുടെ നിലപാട്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണവുമായി ബന്ധപ്പെട്ട ഓര്‍ഡിനന്‍സിനുപകരമുള്ള ബില്‍ തിങ്കളാഴ്ച നിയമസഭയില്‍ ചര്‍ച്ചയ്ക്കുവരും. തിരുവഞ്ചൂരാണ് ബില്‍ അവതരിപ്പിക്കുന്നത്. പരിസ്ഥിതിസംരക്ഷണ വിഷയങ്ങളും ബില്ലിന്റെ ചര്‍ച്ചയില്‍ വരുമ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍തന്നെ ബജറ്റ് പ്രഖ്യാപനത്തിനെതിരായി സംസാരിക്കും. ബജറ്റ് അവതരിപ്പിച്ചതിനുശേഷം കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയം ഉന്നയിച്ചിരുന്നു. വകുപ്പ് മന്ത്രി എന്ന നിലയില്‍ തന്നോട് ചര്‍ച്ച ചെയ്യാതെയാണ് ധനമന്ത്രി പ്രഖ്യാപനം നടത്തിയതെന്ന് തിരുവഞ്ചൂര്‍ യോഗത്തില്‍ പറഞ്ഞിരുന്നു.

ഈ പ്രതിഷേധം ബന്ധപ്പെട്ട വേദിയില്‍ ഉന്നയിക്കുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞിരുന്നു. സഭാസമ്മേളനം തീരുന്ന ബുധനാഴ്ച കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ടി യോഗംവീണ്ടും ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുമുമ്പ് വിഷയത്തില്‍ തന്റെ നിലപാട് പരസ്യമായി വ്യക്തമാക്കേണ്ടിവരുമെന്നതിനാലാണ് നിയമസഭാ വേദി തെരഞ്ഞെടുക്കാന്‍ തിരുവഞ്ചൂര്‍ തീരുമാനിച്ചതെന്നാണ് വിവരം