Random Posts

Wednesday, July 13, 2011

ഉമ്മന്‍ ചാണ്ടി ക്ലാസ് ലീഡര്‍; മന്ത്രിമാര്‍ ക്ലാസ്സ്‌മേറ്റ്സ്

കോഴിക്കോട്: ഉമ്മന്‍ ചാണ്ടി ക്ലാസ്സ്‌ ലീഡര്‍ ആവുന്നു. മന്ത്രിമാര്‍ ക്ലാസ്സ്‌മേറ്റ്‌സും. ഒരു ദിവസത്തേക്ക് മുഖമന്ത്രിയുടെ ഭാരിച്ച ഉത്തരവാദിത്തത്തില്‍ നിന്നും കേരളത്തിലെതന്നെ ഏറ്റവും മനോഹരമായ കാമ്പസ്സുകളിലൊന്നില്‍ പഠിതാവിലെക്കുള്ള ചുവടുമാറ്റം. കൂട്ടിനു 19 മന്ത്രിമാരും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്‍റിന്റെ കോഴിക്കോട്ടെ കാമ്പസിലാണ് കൌതുകകരമായ ഈ ക്ലാസ്സ്‌ റൂം ഒരുങ്ങുന്നത്. ആഗസ്ത് 18-ന് മന്ത്രിസഭാംഗങ്ങള്‍ക്കായി നടത്തുന്ന മാനേജ്‌മെന്‍റ് ശില്പശാലയില്‍ പങ്കെടുക്കാനാണ് ഇരുപത് പേരും എത്തുന്നത്. നിയമസഭയിലെന്നപോലെ രാവിലെത്തന്നെയാണ് കാമ്പസിലെത്തേണ്ടത്. ഒമ്പത് മണിക്ക് ശില്പശാല തുടങ്ങും. ഭക്ഷണവും വിശ്രമവുമെല്ലാം കാമ്പസില്‍ത്തന്നെ. വൈകിട്ട് അഞ്ച് മണി വരെ നീളും.

ഐ.ഐ.എമ്മിന്റെ മുഴുവന്‍ ശ്രദ്ധയും അന്ന് ഈ വിദ്യാര്‍ഥികളില്‍ ആവാനാണ് സാധ്യത. തിരക്കേറുന്ന ദിവസങ്ങളില്‍നിന്ന് മാറി പുതുമയുള്ള ഒരു ആശയത്തില്‍ പങ്കുചേരുമ്പോള്‍ മന്ത്രിമാര്‍ക്കും അത് ഉണര്‍വ് പകരുമെന്ന് ഉറപ്പ്. ഇന്ത്യയിലെ മാനേജ്‌മെന്‍റ് വിദഗ്ധരെ സൃഷ്ടിച്ചെടുക്കുന്ന സ്ഥാപനത്തില്‍വെച്ചാകുമ്പോള്‍ അതിന് തെളിമ കൂടും. കുന്നിന്‍ മുകളിലെ മനോഹരമായ കാമ്പസ് ചിലര്‍ക്കെങ്കിലും പഴയ കലാലയ ദിനങ്ങളുടെ ഓര്‍മ പകര്‍ന്നേക്കും. മന്ത്രിസഭ മുഴുവനായി ഒരു കാമ്പസിലെത്തി ശില്പശാലയില്‍ പങ്കെടുക്കുന്നത് ആദ്യമായിട്ടാകും.

ഈ ആശയം മുഖ്യമന്ത്രിക്ക് മുന്നിലെത്തിക്കുന്നത് ഐ.ഐ. എം. ഡയറക്ടര്‍ പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജിയും കാലിക്കറ്റ് മാനേജ്‌മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് റോഷന്‍ കൈനടിയും ചേര്‍ന്നാണ്. മുഖ്യമന്ത്രിക്കും അതിനോട് യോജിപ്പായി. ഘടകകക്ഷികളോടെല്ലാം ആലോചിച്ച് തിരുമാനവുമെടുത്തു. രണ്ട് ദിവസത്തെ ശില്പശാലയായിരുന്നു ആദ്യം ആലോചിച്ചത്. എന്നാല്‍ അത്രയും സമയം മന്ത്രിമാരെല്ലാവരും തലസ്ഥാനത്തുനിന്ന് വിട്ടുനില്‍ക്കുന്നത് ശരിയാവില്ല എന്നതുകൊണ്ട് ഒറ്റ ദിവസത്തേക്കാക്കി. അങ്ങനെ ആഗസ്ത് 18 അപൂര്‍വമായ ആ പഠനപരിപാടിക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജനനേതാക്കള്‍ക്ക് ഐ.ഐ.എം. നല്‍കുന്ന പാഠങ്ങളെന്തായിരിക്കും, പ്രധാനമായി ആരോഗ്യ മേഖലയിലും അടിസ്ഥാനസൗകര്യ വികസനത്തിലും കേന്ദ്രീകരിച്ചുള്ള വിഷയങ്ങളാവും. എന്നാല്‍ ഇതിനെക്കുറിച്ചുള്ള ക്ലാസുകളാണ് ശില്പശാലയിലുണ്ടാവുക എന്ന് ധരിക്കേണ്ട.

''ശരിക്കും പറഞ്ഞാല്‍ ഇതൊരു ക്ലാസെടുക്കലല്ല. സംസ്ഥാനത്തിന്റെ ഭരണനിര്‍വഹണം മെച്ചപ്പെടുത്താനാവശ്യമായ ചില ആശയങ്ങള്‍ മന്ത്രിമാരുമായി പങ്കുവെക്കലാണ് ഉദ്ദേശ്യം. ആശയങ്ങള്‍ ഭരണതലത്തില്‍ പ്രാവര്‍ത്തികമാക്കലാണ് ആവശ്യം.'' ഐ.ഐ.എം. ഡയറക്ടര്‍ പ്രൊഫ. ദേബാശിഷ് ചാറ്റര്‍ജി പറയുന്നു. ''ജനനേതാക്കളാണ് അവരെല്ലാം. കാര്യങ്ങള്‍ കൃത്യമായി അറിയാവുന്നവര്‍. എന്നാല്‍ ഭരണകാര്യങ്ങളില്‍ മുഴുകുമ്പോള്‍ സ്വാഭാവികമായും മാനസികസമ്മര്‍ദം നേരിടേണ്ടി വരും. അതുകൊണ്ടുതന്നെ സ്‌ട്രെസ് മാനേജ്‌മെന്‍റ് ശില്പശാലയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകില്ല''- ഐ.ഐ.എം. എന്ന സ്ഥാപനം കേരളത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് സംസ്ഥാനത്തിന് എല്ലാ രീതിയിലും പ്രയോജനപ്പെടണമെന്ന താത്പര്യത്തോടെ ദേബാശിഷ് ചാറ്റര്‍ജി പറഞ്ഞു. എന്നാല്‍ ശില്പശാലയുടെ ഉള്ളടക്കം ഇപ്പോഴും തിരുമാനമായിട്ടില്ല.

മുഖ്യമന്ത്രിയുമായി ഒരു തവണ സംസാരിച്ചു. അദ്ദേഹത്തോടും സെക്രട്ടറിതലത്തിലും മാനേജ്‌മെന്‍റ് വിദഗ്ധരോടും ഇനിയും ചര്‍ച്ചകള്‍ ചെയ്തു മാത്രമേ കാര്യങ്ങള്‍ക്ക് അന്തിമരൂപം നല്‍കൂ. എന്തായാലും കാമ്പസ് മാത്രമല്ല കേരളത്തിലെ മാധ്യമ ലോകവും ഈ ദിവസം കാത്തിരിക്കുകയാണ്