Random Posts

Tuesday, July 5, 2011

എച്ച്‌ഐ.വി ബാധയുടെ പേരില്‍ ഒരു കുട്ടിയ്ക്കും വിദ്യാഭ്യാസം നിഷേധിക്കരുത്: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: എച്ച് ഐ.വി ബാധയുടെ പേരില്‍ രാജ്യത്തെ ഒരു കുട്ടിയ്ക്കും വിദ്യാഭ്യാസം നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകാന്‍  അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എയ്ഡ്‌സ് രോഗികളുടെ
പുന:രധിവാസം ഉറപ്പാക്കുന്നകാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. എയ്ഡ്‌സ് ബോധവത്ക്കരണത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ കേന്ദ്രആരോഗ്യമന്ത്രാലയം സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം പ്രവര്‍ത്തികൊണ്ടല്ല കുട്ടികള്‍ എച്ച്.ഐ.വി.ബാധിതരാകുന്നത്. അച്ചനമ്മമാരുടെ വീഴ്ച്ചകൊണ്ടുവന്ന രോഗത്തിന്റെ പേരില്‍ ഒരു കുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല. എച്ച്.ഐ.വി ബാധമൂലം ഒരു വ്യക്തിക്കും രാജ്യത്തു തൊഴില്‍ നഷ്ടമാകുന്നില്ലെന്നു ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തെ എച്ച.ഐ.വി വ്യാപനത്തില്‍ 50 ശതമാനം കുറവുണ്ടായിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ മൊത്തം 24 ലക്ഷം പേരാണ് എയ്ഡ്‌സ് രോഗബാധിതരായിരുന്നുവെന്നാണ് കണക്കുകളെന്നും പ്രധാനമന്ത്രി ചൂിക്കാട്ടി. എയ്ഡ്‌സിനെതിരായ പ്രചരണത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാന്‍ പഞ്ചായത്തിരാജ് സ്ഥാപനങ്ങള്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, കേന്ദ്രആരോഗ്യമന്ത്രി ഗുലാംനബി ആസാദ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു.